
മുംബൈ: ഇന്ത്യയിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. ശരാശരി വിലവർധന ഏകദേശം 0.31 ശതമാനമാണ്. 2026 നവംബർ 22 മുതൽ പുതിയ വില പ്രാബല്യത്തിൽ വരുന്നത്.
ചെലവ് വർധന നികത്താനും ഉപഭോക്താക്കൾക്കുള്ള ബാധ്യത കുറയ്ക്കാനുമാണ് ഈ നീക്കം. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മൂന്ന് തവണ വില കൂട്ടിയതിന് പിന്നാലെയാണ് ഈ പുതിയ വർധന. ആ മൂന്ന് വർധനകൾ ചേർന്ന് ആകെ ഒരു ശതമാനത്തിലധികമാണ് കൂട്ടിയത്.
ഉയർന്ന അസംസ്കൃത വസ്തു വില കമ്പനിയുടെ ലാഭക്ഷമതയെ ബാധിക്കുന്നതിനാൽ ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാൻ കമ്പനി നിർബന്ധിതമാകുകയാണ് മാരുതി സുസുക്കി അറിയിച്ചു. ചെലവ് കുറക്കാൻ നിരന്തരം ശ്രമിച്ചിട്ടും നിലവിലെ സമ്മർദ്ദം കാരണം ഭാഗിക വിലവർധന ആവശ്യമായി വന്നുവെന്ന് കമ്പനി പറഞ്ഞു.
ഉപഭോക്താക്കൾക്കുള്ള ബാധ്യത കുറക്കുകയാണ് ലക്ഷ്യമെന്നും കമ്പനി കൂട്ടിച്ചേർത്തു. ഏതൊക്കെ മോഡലുകൾക്ക് എത്ര രൂപ വർധിക്കുമെന്ന് കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
രണ്ടാം പാദത്തിലെ നിക്ഷേപക കോളിൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കൃത്യമായ വില നടപടികൾ എടുക്കുമെന്ന് പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയാണ് ഈ വർധന. അതേസമയം, ജൂലൈ-സെപ്റ്റംബർ പാദത്തിൽ റെക്കോർഡ് വിൽപ്പന നടന്നിട്ടും മാരുതി സുസുക്കിയുടെ ഏകീകൃത അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 26.36 ശതമാനം കുറഞ്ഞ് 2,466.1 കോടിയായി.
പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട ചില കാരണങ്ങളാൽ നിർമ്മാണ ചെലവുകൾ കൂടിയതാണ് പ്രധാന തിരിച്ചടിയായത്. ഇതുമൂലം വിൽപ്പനയും വിലയും കൂടിയതിലൂടെ ലഭിച്ച നേട്ടങ്ങൾ ഇല്ലാതായി. അതോടെ ഓപ്പറേറ്റിങ് ലാഭക്ഷമത മുൻവർഷത്തെ 12.7 ശതമാനത്തിൽ നിന്ന് 9.4% ശതമാനമായി കുറയുകയും ചെയ്തു.
ഉത്സവകാല ഡിമാൻഡ്, മികച്ച ഓർഡർ ബാക്ക്ലോഗ്, കൃത്യമായി ക്രമീകരിച്ച ഡീലർ സ്റ്റോക്ക് എന്നിവയുടെ പിൻബലത്തിൽ പുതിയ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ വിൽപ്പനയിൽ രണ്ടക്ക വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ ആഭ്യന്തര വാഹന വിതരണം 31.6 ശതമാനം ഉയർന്നിരുന്നു.






