Alt Image
വിദേശനാണ്യ ശേഖരം 705.3 ബില്യൺ ഡോളറിലേക്ക് താഴ്ന്നു ◆ യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് ◆ ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆ എല്‍പിജി ഇറക്കുമതി കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് ◆ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ കുതിപ്പ്; 19.5 ബില്യൺ ഡോളറിന്റെ പർച്ചേസ് ◆

ഇൻഡസ്ഇൻഡ് ബാങ്ക് മുൻ സിഇഒയെ പുറത്താക്കി

മുംബൈ: ഇൻഡസ്ഇൻഡ് ബാങ്ക് മുൻ സിഇയും മാനേജിങ് ഡയറക്ടറുമായ സുമന്ത് കഠ്പാലിയയെ ബാങ്കിൽ നിന്ന് പുറത്താക്കി. ജീവനക്കാരൻ എന്ന നിലയിൽനിന്ന് കഠ്പാലിയയെ ഒഴിവാക്കിയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അയച്ച കത്തിലാണ് ബാങ്ക് അറിയിച്ചത്. സുമന്ത് കഠ്പാലിയ സിഇഒ ആൻഡ് എംഡി ആയിരിക്കേ നടന്ന തിരിമറികളെ കുറിച്ച് അന്വേഷിക്കാൻ ബോംബെ ഹൈക്കോടതി മുൻ ജഡ്ജിനെ ബാങ്ക് നിയോഗിച്ചിരുന്നു.

കഴിഞ്ഞദിവസം ലഭിച്ച അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ബാങ്കിന്റെ ഡയറക്ടർ ബോർഡാണ് കഠ്പാലിയയെ പുറത്താക്കാൻ തീരുമാനിച്ചത്.

വിദേശ കറൻസി നിക്ഷേപം, വായ്പ എന്നിവ ഉൾപ്പെടുന്ന ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ പിശകുകൾ സംഭവിച്ചതായി ആഭ്യന്തര പരിശോധനയിലൂടെ കണ്ടെത്തിയെന്ന് ബാങ്ക് തന്നെ കഴിഞ്ഞവർഷം വെളിപ്പെടുത്തിയിരുന്നു.

ഇതുവഴി 1,966 കോടി രൂപയുടെ നഷ്ടമുണ്ടായത് ബാങ്കിന്റെ ലാഭത്തെയും സാരമായി ബാധിച്ചു. ഇതിനുപിന്നാലെ കഴിഞ്ഞ ഏപ്രിൽ 29ന് കഠ്പാലിയയും ഡെപ്യൂട്ടി സിഇഒ അരുൺ ഖുറാനയും രാജിവച്ചു.

എന്നാൽ, രാജിവച്ചെങ്കിലും ബാങ്കിന്റെ ജീവനക്കാരൻ എന്ന നിലയിൽ തുടരാൻ ബാങ്ക് കഠ്പാലിയയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അച്ചടക്കനടപടി തുടങ്ങിയത്. 2025 ജൂൺ 18ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.

2020 മാർച്ച് 24ന് ആയിരുന്നു കഠ്പാലിയ ബാങ്കിന്റെ എംഡി ആൻഡ് സിഇഒയായി ചുമതലയേറ്റത്. അന്നുമുതലുള്ള ശമ്പളം, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

X
Top