ആഗോള വിപണിയില്‍ വീണ്ടും ക്രൂഡ് വില ഇടിഞ്ഞു. ചൈനയില്‍ നിന്നുള്ള ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ എണ്ണ ഡിമാന്‍ഡില്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തിയെന്നു പറയുന്നതാകും ശരി. റിപ്പോര്‍ട്ട് പ്രകാരം എണ്ണ ആവശ്യകത വീണ്ടും ദുര്‍ബലമാകും. പുതിയ വീടുകളുടെ വിലക്കുറവ്, മന്ദഗതിയിലുള്ള വ്യാവസായിക ഉല്‍പ്പാദനം, ഉയര്‍ന്ന തൊഴിലില്ലായ്മ എന്നിവ വ്യക്തമാക്കുന്നതാണ് ചൈനയുടെ റിപ്പോര്‍ട്ട്.
നിലവില്‍ ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 77.52 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 74.23 ഡോളറുമാണ്. മിഡില്‍ ഈസ്റ്റിലെ സാഹചര്യം ഒരു പ്രധാന ഘടകമായി തുടരുന്നത് മാത്രമാണ് എണ്ണയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. മിഡില്‍ ഈസ്റ്റ് പുകഞ്ഞാല്‍ എണ്ണവില കുതിച്ചു കയറിയേക്കാം. റഷ്യ- യുക്രൈന്‍ ഘടകവും എണ്ണവില ഉയര്‍ത്തിയേക്കാം. പ്രത്യേകിച്ച് യുക്രൈനിന്റെ റഷ്യയിലേയ്ക്കുള്ള നുഴഞ്ഞുകയറ്റം.
ചൈനയിലെ മന്ദഗതിയിലുള്ള ഡിമാന്‍ഡിനെക്കുറിച്ചുള്ള നിരന്തരമായ ആശങ്ക വര്‍ധിച്ചുവരികയാണ്. കൊവിഡിനു ശേഷം ഒരിക്കല്‍ പോലും ചൈനയ്ക്ക് മികച്ച നില്‍ക്കാന്‍ സാധിച്ചിട്ടില്ല. ഇറാന്‍ തിരിച്ചടിച്ചേക്കുമെന്ന ഭയം വീപണികളിലുണ്ട്. ഇത് സമീപകാല ചാഞ്ചാട്ടത്തിനു വഴിവച്ചേക്കാം. ജിയോപൊളിറ്റിക്കല്‍ റിസ്‌ക് പ്രീമിയം, ഡിമാന്‍ഡ്- സപ്ലൈ മെട്രിക്‌സ് എന്നിവയാണ് എണ്ണയില്‍ പ്രതിഫലിക്കുന്നത്.
അതേസമയം ചൈനയുടെ തളര്‍ച്ച ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങള്‍ക്ക് എണ്ണയുടെ രൂപത്തില്‍ നേട്ടമാകുന്നു. ആഗോള എണ്ണവിലയിടിവ് ഇന്ത്യയെ സംബന്ധിച്ച് മികച്ച നേട്ടമാണ്. ബാലന്‍ഷീറ്റുകള്‍ മെച്ചപ്പെടുന്നതിനും ഇതു വഴിവയ്ക്കും. കൂടാതെ ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ മാര്‍ജിനും മെച്ചപ്പെടും. ക്രൂഡ് വിലയിടിവ് വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ സാധ്യതകള്‍ കൂടിയാണ് ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്നത്.
ജിയോപൊളിറ്റിക്കല്‍ പ്രീമിയം സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും, എണ്ണ വില സമ്മര്‍ദ്ദം നേരിടാനുള്ള കാരണം ചൈനയുടെ തളര്‍ച്ചയാണ്. കൊവിഡ് വരെ ലോകത്തെ ഒന്നാം നമ്പര്‍ എണ്ണ ഇറക്കുമതിക്കാരായിരുന്നു ചൈന. ചൈനയുടെ ആവശ്യകത കുറഞ്ഞതോടെ ആഗോള വിപണികളില്‍ എണ്ണ കെട്ടികിടക്കാന്‍ തുടങ്ങി. ഇതു പരിഹരിക്കാനാണ് ഒപെക്ക് പ്ലസ് ഉല്‍പ്പാദന നിയന്ത്രണം അടക്കം പ്രഖ്യാപിച്ചത്.
നിയന്ത്രങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നു പറഞ്ഞെങ്കിയും ഒപെക്ക് പ്ലസിന് അതിനു സാധിക്കാതെ പോകുന്നത് ചൈനയുടെ തളര്‍ച്ച തന്നെയാണ്. ചൈനയുടെ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം, റിഫൈനിംഗ് മേഖലയിലെ ദുര്‍ബലമായ ലാഭവിഹിതം കാരണം ജൂലൈയില്‍ ഗ്യാസോലിന്‍ കയറ്റുമതി 35 ശതമാനത്തിലധികം കുറഞ്ഞു.
ചൈന കഴിഞ്ഞ മാസം പ്രതിദിനം 5.77 ദശലക്ഷം ബാരല്‍ ഗ്യാസോലിന്‍ കയറ്റുമതി ചെയ്തു. മാസത്തെ മൊത്തം കയറ്റുമതി 7,90,000 ടണ്‍ ആണ്. ഇത് ഒരു വര്‍ഷം മുമ്പത്തെ 1.22 ദശലക്ഷം ടണ്ണിനേക്കാള്‍ കുറവാണ്. ജൂണില്‍ ബുക്ക് ചെയ്ത ഗ്യാസോലിന്‍ കയറ്റുമതിയിലെ 9,30,000 ടണ്ണിനേക്കാളും കുറവാണ് ജൂലൈയിലെ കണക്കുകള്‍ എന്നു റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.