
അടുത്തിടെ ക്രൂഡ് വില രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് വിപണികൾ അഭിമുഖീകരിക്കുന്നത്. 2 സെഷനുകളിലായി ക്രൂഡ് വില 5 ശതമാനത്തിനു മുകളിൽ ഇടിഞ്ഞു.
യുഎസ് ഇൻവെന്ററികളിൽ രേഖപ്പെടുത്തിയ അപ്രതീക്ഷിത വർധന, വർദ്ധിച്ചുവരുന്ന വിതരണം, ഡിമാൻഡ് കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് വിലയിൽ പ്രതിഫലിക്കുന്നത്.
മിഡിൽ ഈസ്റ്റ് വെടിനിർത്തലിനെ ചുറ്റിപ്പറ്റിയുള്ള ശുഭാപ്തിവിശ്വാസം വർധിച്ചുവരികയാണ്. ഇതു ചരക്കിന്റെ റിസ്‌ക് പ്രീമിയം കുറയ്ക്കുന്നതിന് കാരണമായി. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ കണക്കുകൾ വെളിപ്പെടുത്തുന്നത് യുഎസ് ക്രൂഡ് സ്റ്റോക്ക്പൈലുകളിൽ വൻ വർധനയുണ്ടായെന്നാണ്.
റിപ്പോർട്ടു പ്രകാരം കഴിഞ്ഞയാഴ്ച 7.3 ദശലക്ഷം ബാരലിന്റെ വർധന രേഖപ്പെടുത്തി. 2.3 ദശലക്ഷം ബാരലിന്റെ ഇടിവ് പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്.
ഫെബ്രുവരിയിൽ യുഎസ് ക്രൂഡ് ഓയിൽ ഉൽപ്പാദനം പ്രതിദിനം 13.15 ദശലക്ഷം ബാരലായി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏകദേശം മൂന്നര വർഷത്തിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിമാസ വർദ്ധനയാണിത്.
നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 83.83 ഡോളറാണ് നിലവാരം. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 79.13 ഡോളറാണ്.
ജൂണിൽ നടക്കാനിരിക്കുന്ന ഒപെക്ക് പ്ലസ് യോഗത്തിലാണ് നിലവിൽ ഏവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോള എണ്ണവില 100 ഡോളറിൽ എത്തിക്കാനാണ് സൗദി ശ്രമിക്കുന്നതെന്നു ഐഎംഎഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എണ്ണവില വീണ്ടും കൂപ്പുകുത്തിയ സാഹചര്യത്തിൽ ഉൽപ്പാദന നിയന്ത്രണം കടുപ്പിക്കുമോ എന്നാണ് അറിയേണ്ടത്.
അതേസമയം ഒപെക്ക് യോഗത്തിന് മുന്നോടിയായി യുഎഇ അടക്കമുള്ള ചില ഉൽപ്പാദനകർ ഉൽപ്പാദന കപ്പാസിറ്റി വർധിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് വിപണികൾക്കു പ്രതീക്ഷ നൽകുന്നു.
മാസങ്ങളായി നീളുന്ന ഉൽപ്പാദന നിയന്ത്രണം പല രാജ്യങ്ങളുടെയും വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഉൽപ്പാദന നിയന്ത്രണം ഇനിയും നീളുന്നത് ഇവരെ പ്രതികൂലമായി ബാധിക്കാമെന്നാണ് വിലയിരുത്തൽ.
നിലവിലെ സാഹചര്യത്തിൽ കൂട്ടായ്മ വോളണ്ടറി ഉൽപ്പാദന നിയന്ത്രണം വീണ്ടും പൊടിതട്ടിയെടുത്തേക്കാമെന്നു വിദഗ്ധർ പറയുന്നു. അങ്ങനെയെങ്കിൽ കൂട്ടായ്മയിലെ ഭിന്നത വർധിച്ചേക്കാം.
റിപ്പോർട്ടുകൾ പ്രകാരം യുഎഇയുടെ അഡ്‌നോക്ക് പ്രതിദിന എണ്ണയുൽപ്പാദന കപ്പാസിറ്റി 4.85 മില്യൺ ബാരലായി ഉയർത്തിയിട്ടുണ്ട്. 2027 ഓടെ പ്രതിദിന ഉൽപ്പാദനം 5 മില്യൺ ബാരൽ ആക്കാനുള്ള ലക്ഷ്യം മുൻനിർത്തിയാണിത്.
ഒപെക്കിന്റെ നിലവിലെ ഉൽപ്പാദന നിയന്ത്രണം ജൂൺ അവസാനം വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത യോഗത്തിലും കൂട്ടായ്മ ഈ നിയന്ത്രണം തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പക്ഷെ ഇതിനിടയിലാ്ണ് ചില ഭിന്ന നീക്കങ്ങൾ നടക്കുന്നത്.
വിതരണത്തിന്റെ ഭാഗത്ത്, ഒപെക് അതിന്റെ ഏറ്റവും പുതിയ വെട്ടിക്കുറവുകൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടെന്നു വിലയിരുത്തപ്പെടുന്നു.
ബ്ലൂംബെർഗ് സർവേ പ്രകാരം ഇറാഖും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സും സമ്മതിച്ച പരിധിക്ക് മുകളിൽ ഉൽപ്പാദിപ്പിക്കുന്നു.