
മുംബൈ: 2024-25ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഉയര്‍ന്ന നിക്ഷേപത്തോടെയാണ് തുടങ്ങിയതെങ്കിലും രണ്ടാം പകുതിയോടെ കനത്ത വില്‍പ്പനയിലേക്ക് തിരിയുകയാണ് ചെയ്‌തത്.
നടപ്പു സാമ്പത്തികവര്‍ഷം ആദ്യ പകുതിയില്‍ ഏകദേശം 50,000 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ രണ്ടാം പകുതിയില്‍ രണ്ട് ലക്ഷം കോടിയില്‍ പരം രൂപയുടെ വില്‍പ്പനയാണ് നടത്തിയത്.
2024-25ലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ അറ്റവില്‍പ്പന 1.53 ലക്ഷം കോടി രൂപയാണ്. അതേ സമയം 2025-26ല്‍ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ.
ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓയില്‍ & ഗ്യാസ്, എഫ്‌എംസിജി, ഓട്ടോമൊബൈല്‍, പവര്‍ മേഖലകളിലെ ഓഹരികളാണ് ഗണ്യമായ തോതില്‍ 2024-25ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റത്.
ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയില്‍ നിന്ന് 57,006 കോടി രൂപ പിന്‍വലിച്ചപ്പോള്‍ എഫ്‌എംസിജി മേഖലയില്‍ 36,000 കോടി രൂപയുടെയും ഓട്ടോമേലയില്‍ 35,000 കോടി രൂപയുടെയും വില്‍പ്പന നടത്തി.
അതേ സമയം ഹെല്‍ത്ത് കെയര്‍ മേഖലയില്‍ 16,586 കോടി രൂപയുടെയും ടെലികോം മേഖലയില്‍ 24,860 കോടി രൂപയുടെയും അറ്റനിക്ഷേപം നടത്തുകയും ചെയ്‌തു. കാപ്പിറ്റല്‍ ഗുഡ്‌സ് ഓഹരികളില്‍ 9018 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് എത്തിയത്. ഓഹരികളുടെ അമിതവിലയാണ് വില്‍പ്പനയ്‌ക്ക് ആക്കം കൂട്ടിയ പ്രധാന കാരണം.
ഒപ്പം ജിഡിപി വളര്‍ച്ച കുറയുന്നതു പോലുള്ള പ്രതികൂല ഘടകങ്ങളും തുടര്‍ച്ചയായി ഓഹരികള്‍ വില്‍ക്കുന്നതിന് വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചു. കമ്പനികളുടെ ത്രൈമാസ പ്രവര്‍ത്തന ഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും തിരിച്ചടിയായി.
ഇതിന് പുറമെ ഡോളറിന്റെ മൂല്യം ഉയരുന്നതു പോലുള്ള അന്താരാഷ്‌ട്ര തലത്തിലുള്ള ഘടകങ്ങള്‍ കൂടി ശക്തമായതോടെ വില്‍പ്പന കൊഴുത്തു.
അതേ സമയം മാര്‍ച്ച് രണ്ടാം പകുതിയോടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപം നടത്തിതുടങ്ങിയത് അനുകൂല സൂചനയാണ്. 2025-26ല്‍ സ്ഥിതിഗതികള്‍ വ്യത്യസ്‌തമാകുമെന്നാണ് പ്രതീക്ഷ.