
പാരിസ്: യുക്രെയ്നെതിരായ സംഘർഷത്തിൽ അയവുവരുത്താൻ മടിക്കുന്ന റഷ്യയ്ക്കെതിരെ ഉപരോധയുദ്ധം കൂടുതൽ കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ (ഇയു). റഷ്യയുടെ പ്രതിരോധ-വ്യാവസായിക മേഖലയ്ക്ക് പിന്തുണ നൽകുന്ന 50 കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ, സുരക്ഷാനയ ഹൈ റപ്രസന്റേറ്റീവ് കായ കാലസ് എക്സിൽ വ്യക്തമാക്കി. ഇതിൽ ഇന്ത്യ, യുഎഇ, ചൈന, തുർക്കി, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളുമുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിൽ യൂറോപ്യൻ യൂണിയൻ സമാന ഉപരോധം പ്രഖ്യാപിച്ചപ്പോൾ അതിൽ ഇന്ത്യൻ കമ്പനിയായ നയാര എനർജിയും ഉൾപ്പെട്ടിരുന്നു. കമ്പനിയുടെ ഗുജറാത്തിലെ റിഫൈനറിക്കായിരുന്നു ഉപരോധം. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് നയാര എനർജി.
റഷ്യയുടെ ഡ്രോൺ നിർമാണ മേഖലയുമായി ബന്ധപ്പെട്ട കമ്പനികൾക്കും ഉപരോധം ബാധകമാക്കുമെന്ന് കായ കാലസ് പറഞ്ഞു. ബാങ്കുകൾ, ആയുധ നിർമാതാക്കൾ, എണ്ണ വിതരണക്കാർ, റിഫൈനറികൾ, ക്രിപ്റ്റോകറൻസി ഇടപാടുകാർ, 30 എണ്ണക്കപ്പലുകൾ തുടങ്ങിയവയും പുതിയ പട്ടികയിലുണ്ട്. 90ഓളം ബാങ്കുകളും 11 ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമുകളും ഉപരോധം നേരിട്ടേക്കും.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്നുള്ള യൂറോപ്യൻ യൂണിയന്റെ 21-ാം ഉപരോധ പാക്കേജാണ് ഉടൻ നടപ്പാക്കുന്നത്. നേരത്തേ പ്രധാനമായും റഷ്യയുടെ എണ്ണ, ഊർജോൽപന്ന വരുമാനത്തെ തകർക്കുന്ന ഉപരോധങ്ങളാണ് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചതെങ്കിൽ, ഇപ്പോൾ ലക്ഷ്യം പ്രതിരോധ-വ്യവസായ മേഖലയുടെ തളർച്ചയാണ്.
ഇതുവഴി റഷ്യയെ വെടിനിർത്തലിനും സമാധാനനീക്കത്തിനും നിർബന്ധിതരാക്കുകയാണ് ലക്ഷ്യം. ഉപരോധത്തിന്റെ ഭാഗമായി റഷ്യയിൽ നിന്ന് എണ്ണയും എൽഎൻജിയുമൊക്കെ വാങ്ങുന്നത് യൂറോപ്യൻ യൂണിയൻ ഏറക്കുറെ നിർത്തിയിരുന്നു. വാഹന നിർമാണഘടങ്ങൾ, അമൂല്യ ലോഹങ്ങൾ, കെമിക്കലുകൾ എന്നിവയുടെ ഇറക്കുമതിയും ഇനി നിർത്തും. റഷ്യയുടെ യുദ്ധപ്പണത്തിന്റെ അടിവേരിളക്കുകയാണ് ലക്ഷ്യമെന്ന് കായ കാലസ് പറഞ്ഞു.
റഷ്യൻ എണ്ണയുടെ വിൽപനവിലയ്ക്ക് ഉപരോധത്തിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ ബാരലിന് 50 ഡോളറിന് താഴെ പരിധിവച്ചിരുന്നു. ഇതിൽ കൂടുതൽ വില നൽകി റഷ്യൻ എണ്ണ ഒരു രാജ്യവും വാങ്ങരുതെന്നാണ് നിർദേശം. ഏതെങ്കിലും രാജ്യം വിലക്ക് ലംഘിച്ചാൽ അവർക്കും ഉപരോധം ബാധകമാക്കും. പുതിയ പാക്കേജിൽ റഷ്യൻ എണ്ണയുടെ ഉയർന്ന വിലപരിധി ഇനിയും വെട്ടിക്കുറയ്ക്കുമെന്ന് കായ കാലസ് പറഞ്ഞു.
യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കാണ് പുതിയ ഉപരോധപ്പാക്കേജ് പ്രാബല്യത്തിലാവുക.






