
മുംബൈ: 2025 തുടങ്ങിയതിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഇതുവരെ പിന്‍വലിച്ചത് 44,396 കോടി രൂപ.
കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം 3318 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റത്. ഒക്‌ടോബര്‍ മുതലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടങ്ങിയത്.
ഡിസംബറില്‍ വില്‍പ്പന നിര്‍ത്തി അവ വാങ്ങാന്‍ തുടങ്ങിയെങ്കിലും ജനുവരിയില്‍ വീണ്ടും കരടികളുടെ റോളിലേക്ക് മാറി. ഡിസംബറില്‍ 15,446 കോടി രൂപയുടെ അറ്റനിക്ഷേപമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്.
ഒക്‌ടോബറിലും നവംബറിലുമായി 1,15,629 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്‌തു.
കഴിഞ്ഞ പത്ത് വര്‍ഷ കാലയളവില്‍ ആറ് തവണയും ജനുവരി മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുകയാണ് ചെയ്‌തിട്ടുള്ളത്.
2022 ജനുവരിയിലായിരുന്നു ഏറ്റവും കനത്ത വില്‍പ്പന. 33,303 കോടി രൂപയുടെ വില്‍പ്പനയാണ് അന്ന് നടത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷവും ജനുവരിയില്‍ അവ വില്‍പ്പന നടത്തി. 2023 ജനുവരിയില്‍ 28,852 കോടി രൂപയും 2024 ജനുവരിയില്‍ 25,744 കോടി രൂപയുമാണ് അവ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
ഈ വര്‍ഷം ഇതുവരെ ദ്വിതീയ വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തിയപ്പോഴും പ്രാഥമിക വിപണിയില്‍ 1101 കോടി രൂപയുടെ നിക്ഷേപം നടത്തി.