
ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകര്‍ തിരിച്ചെത്തി തുടങ്ങി. ജൂലൈ മാസത്തില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരില്‍(എഫ്പിഐ) നിന്നും 5,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഓഹരി വിപണിയിലേക്ക് എത്തിയത്. കഴിഞ്ഞ ഒമ്പത് മാസങ്ങളായി ഇന്ത്യന്‍ ഓഹരികളില്‍ നിന്നും അകന്നു നിന്നതിന് ശേഷമാണ് വിദേശ നിക്ഷേപകരുടെ ഈ മടങ്ങിവരവ്.
ഓഹരി വിപണിയില്‍ നിന്നും തുടര്‍ച്ചയായി നിക്ഷേപം പിന്‍വലിച്ചു കൊണ്ടിരുന്ന വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ജൂലൈയോടെ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ഡോളറിന്റെ കരുത്ത് കുറഞ്ഞതും കോര്‍പറേറ്റ് വരുമാനം ഉയര്‍ന്നതും വിപണിയെ വീണ്ടും ആകര്‍ഷകമാക്കി. ഇന്ത്യന്‍ ഓഹരികളിലേക്ക് വിദേശ നിക്ഷേപകര്‍ തിരിച്ചെത്താനുള്ള പ്രധാന കാരണം ഇതാണ്.
കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കൽ തുടങ്ങിയത്. 2021 ഒക്ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള ഒമ്പത് മാസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 2.46 ലക്ഷം കോടി രൂപയുടെ നിക്ഷേപം വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചു. ജൂണില്‍ മാത്രം ഓഹരികളില്‍ നിന്നും 50,145 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചിരുന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപം പിന്‍വലിക്കലായിരുന്നു ഇത്. 2020 മാര്‍ച്ചില്‍ 61,973 കോടി രൂപയുടെ നിക്ഷേപം ആണ് ഓഹരികളില്‍ നിന്നും പിന്‍വലിച്ചത്.
ഡിപ്പോസിറ്ററികള്‍ ലഭ്യമാക്കുന്ന കണക്കുകള്‍ അനുസരിച്ച്, ജൂലൈയില്‍ എഫ്പിഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ 4,989 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി, അതേസമയം ഡെറ്റ് വിപണിയില്‍ നിന്നും ഇക്കാലയളവില്‍ 2,056 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കുകയാണ് ചെയ്തത്.
രൂപയുടെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയതിനാല്‍ ഓഗസ്റ്റിലും ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.