
ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ മാറ്റത്തിന് സുപ്രധാന പങ്കുവഹിച്ച കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്. നിലവില്‍ വൈദ്യുതകാർ വിപണിയില്‍ ടാറ്റ മോട്ടോഴ്സിന് 50 ശതമാനത്തിലധികം വിപണിപങ്കാളിത്തവുമുണ്ട്.
എന്നാല്‍, മറ്റു കമ്പനികളില്‍നിന്ന് ശക്തമായ മത്സരമാണ് ടാറ്റ നേരിടുന്നത്. 2025 ഫെബ്രുവരിയിലെ ഇലക്‌ട്രിക് പാസഞ്ചർ വാഹന വില്‍പനയില്‍ ടാറ്റ മോട്ടോഴ്സിനേറ്റ ഇടിവ് ഇതിന് ഉദാഹരണമാണ്.
ഫെബ്രുവരിയില്‍ 3,825 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. 2024 ഫെബ്രുവരിയില്‍ വിറ്റതിനേക്കാള്‍ 25.63 ശതമാനത്തിന്റെ കുറവ്. അതേസമയം, ജെ.എസ്.ഡബ്ല്യൂ എം.ജി. മോട്ടോർ ഇന്ത്യക്ക് വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്.
ജെ.എസ്.ഡബ്ല്യൂ എംജി മോട്ടോറിന്റെ വില്‍പനയില്‍ 198.36 ശതമാനത്തിന്റെ വർധനയാണുണ്ടായത്. 2024 ഫെബ്രുവരിയിലെ വില്‍പന വെറും 1,096 യൂണിറ്റായിരുന്നു.
2025 ഫെബ്രുവരിയില്‍ 8968 പാസഞ്ചർ ഇവികളുടെ വില്‍പനയാണ് മൊത്തം നടന്നത്. 2024-ല്‍ ഇത് 7539 ആയിരുന്നു. 18.95 ശതമാനത്തിന്റെ വർധന. ഇൻഡസ്ട്രി ബോഡി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷൻ ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
ചൈനീസ് വാഹനനിർമാതാക്കളായ എം.ജി. മോട്ടോഴ്സിനെ കൂട്ടുപിടിച്ചപ്പോള്‍ തന്നെ ഇ.വി. വിപണിയില്‍ സാന്നിധ്യമുറപ്പിക്കാനുള്ള പദ്ധതി ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് തയ്യാറാക്കിയിരുന്നു.
കോമറ്റ്, വിൻഡ്സർ, ഇസെഡ് എസ് എന്നിവയാണ് ഇന്ത്യൻ ഇവി വിപണിയിലുള്ള എം.ജിയുടെ കാറുകള്‍. കർവ്, പഞ്ച്, നെക്സോണ്‍, ടിയാഗോ, ടിഗോർ എന്നിവയാണ് ടാറ്റയുടെ ഇവികള്‍.