ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

രാജ്യത്തെ നിരത്തുകൾ കീഴടക്കി ഇലക്ട്രിക്‌ സ്‌കൂട്ടറുകൾ

കൊച്ചി: പോയവർഷം രാജ്യത്തെ ഇരുചക്ര വാഹനങ്ങളുടെ വില്പനയില്‍ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ കുതിപ്പ്. 2024ല്‍ 20 കമ്ബനികള്‍ രാജ്യത്ത് വിറ്റത് 11,21,821 സ്‌കൂട്ടറുകളെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡിസംബറില്‍ മാത്രം 71,626 ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ് രാജ്യത്ത് വിറ്റഴിക്കപ്പെട്ടത്. 2024ല്‍ രാജ്യത്ത് ആകെ വിറ്റ ഇലക്‌ട്രിക് വാഹനങ്ങളില്‍ 70 ശതമാനത്തിലേറെയും ഇരുചക്ര വാഹനങ്ങളാണെന്നും പരിവാഹനിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ചേതക്, ടി.വി.എസ്.ഐക്യൂബ്, ഒല, ഏഥർ, ഗ്രേവ്‌സ് ഇലക്‌ട്രിക് മൊബിലിറ്റി, ബഗാസ്, പ്യുർ, വിഡ, ബൗണ്‍സ് ഇൻഫിനിറ്റി, റിവോള്‍ട്ട് എന്നീ കമ്പനികളാണ് കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വിറ്റത്.

മുൻനിര നിർമ്മാതാക്കളെ കൂടാതെ മറ്റുചില കമ്പനികളും ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ പുറത്തിറക്കുന്നുണ്ട്. ഏഥർ, ടി.വി.എസ്, ഒല, ബജാജ് എന്നീ കമ്പനികളുടെ സ്‌കൂട്ടറുകളാണ് കൂടുതലായി പുറത്തിറങ്ങുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ വർഷം 90,629 (ജനുവരി മുതല്‍ ജൂലായ് വരെ) ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളാണ് വിറ്റത്. ഓല, ടി.വി.എസ് മോട്ടോർ, ബജാജ്, ഏഥർ എന്നിവയാണ് കേരളത്തില്‍ കൂടുതല്‍ വിറ്റഴിഞ്ഞ ഇലക്‌ട്രിക് സ്കൂട്ടറുകള്‍.

മറ്റ് ഇരു ചക്ര വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടുതലാണെങ്കിലും യാത്രാ ചെലവിലുണ്ടാകുന്ന വ്യത്യാസമാണ് ആളുകള്‍ക്ക് ഇ.വി വാഹനങ്ങള്‍ പ്രിയപ്പെട്ടതാക്കുന്നത്.

ചെലവ് നാലിലൊന്ന് മാത്രം
ഒറ്റ ചാർജില്‍ കുറഞ്ഞത് നൂറ് കിലോ മീറ്ററെങ്കിലും സഞ്ചരിക്കാൻ സാധിക്കുമെന്ന പ്രത്യേകതയാണ് ഉപഭോക്താക്കളെ ഇലക്‌ട്രിക് സ്‌കൂട്ടറുകളോട് അടുപ്പിക്കുന്നത്.

ഒരു ലിറ്റർ പെട്രോളില്‍ 40 കിലോമീറ്റർ ഓടുന്ന ഇരു ചക്ര വാഹനത്തിന് ഒരു കിലോ മീറ്ററിന് ചെലവ് 2.5 രൂപ. ബാറ്ററി ചാർജ് ചെയ്താല്‍ നാല് യൂണിറ്റില്‍ 100കി.മീ ഓടാനാകും. യൂണിറ്റിന് അഞ്ച് രൂപ കണക്കാക്കിയാലും ചെലവ് 20 രൂപയില്‍ നില്‍ക്കും.

ഒരു കിലോമീറ്ററിന് 20പൈസ മാത്രമാകും ചെലവ്. ബാറ്ററിയുടെ വാറണ്ടി അഞ്ച് മുതല്‍ എട്ട് വരെ വർഷമാക്കി ഉയർത്തിയതും ഇ.വി ഇരുചക്ര വാഹനങ്ങളോടുള്ള പ്രിയമേറ്റി. ഇതിനെല്ലാം പുറമേ 10,000 രൂപ ഒരു ഇ.വി സ്‌കൂട്ടറിന് കേന്ദ്രസർക്കാർ സബ്സിഡിയും നല്‍കുന്നുണ്ട്.

പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ ഉള്ളതിന്റെ നാലിലൊന്ന് ചെലവ് ഇ.വി സ്‌കൂട്ടർ ഉപയോഗിക്കുമ്ബോള്‍ ഇല്ലെന്നതാണ് വില്പന ഇത്രകണ്ട് ഉയരാൻ കാരണം
ജെ. മനോഹർ, മേധാവി
ഇ-മൊബിലിറ്റി വിഭാഗം
അനർട്ട്

ഇ.വി സ്‌കൂട്ടർ വില്‍പന- ആദ്യ അഞ്ച് സ്ഥാനത്തുള്ളവർ
(കമ്പനി, ഡിസംബറിലെ എണ്ണം, 2024ലെ എണ്ണം എന്ന കണക്കില്‍)
ചേതക്—-18,295—-1,93,460
ടി.വി.എസ് ഐക്യൂബ് ഇലക്‌ട്രിക്—-17,231—-2,20,512
ഒല ഇലക്‌ട്രിക്—-13,770—-4,07,553
ഏഥർ—-10,429—-1,26,173
ഗ്രേവ്‌സ് ഇലക്‌ട്രിക് മൊബിലിറ്റി—-2,795—-35,058

X
Top