
ചെന്നൈ: എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഏജന്‍സിയായ ഇസിജിസി ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ്(ഐപിഒ) സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നടത്തുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) എം സെന്തില്‍നാഥന്‍ പറഞ്ഞു. പൊതുമേഖല സ്ഥാപനമായ ഇസിജിസിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടികളെടുക്കുമെന്ന് ഉടമസ്ഥരായ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അറിയിച്ചിരുന്നു.സെന്തില്‍നാഥന്‍ പറയുന്നതനുസരിച്ച്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഐപിഒയ്ക്ക് ശേഷം ഇസിജിസിയുടെ ലിസ്റ്റിംഗ് നടത്തുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎം) അറിയിച്ചു.
“ഇസിജിസിയുടെ പ്രാരംഭ അവലോകനം ഡിപാം നടത്തിയിട്ടുണ്ട്. അടുത്ത നിര്‍ദ്ദേശം അവരില്‍ നിന്ന് പ്രതീക്ഷിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ലിസ്റ്റിംഗ് നടത്തുമെന്നാണ് തുടക്കത്തില്‍ ഞങ്ങളോട് പറഞ്ഞിരുന്നത്. അത് പാലിക്കപ്പെടുമെന്ന് കരുതുന്നു ”സെന്തില്‍നാഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കയറ്റുമതിക്കാരുടെ മത്സരശേഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇസിജിസി ലിമിറ്റഡ്. ക്രെഡിറ്റ് റിസ്‌ക് ഇന്‍ഷുറന്‍സും കയറ്റുമതി അനുബന്ധ സേവനങ്ങളുമാണ് കമ്പനി പ്രദാനം ചെയ്യുന്നത്. 90 ശതമാനം വരെ പരിരക്ഷ ലഭ്യമാക്കുന്ന കയറ്റുമതി ക്രെഡിറ്റ് റിസ്‌ക് ഇന്‍ഷുറന്‍സ് പദ്ധതി കമ്പനി ഈയിടെ അവതരിപ്പിച്ചിരുന്നു.
ചെറുകിട കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നതിനായാണ് പദ്ധതി നടപ്പിലാക്കിയത്.