മുംബൈ: സെപ്റ്റംബർ സാമ്പത്തിക പാദകാലയളവിനിടെ ക്രൂഡോയിൽ വിലയിൽ 30 ശതമാനത്തോളം വർധന രേഖപ്പെടുത്തി.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിന്റെ (OPEC+) വിതരണം വെട്ടിക്കുറച്ച നടപടി കാരണമാണ്, 2023 വർഷത്തിന്റെ മൂന്നാം പാദത്തിൽ (ജൂലൈ – സെപ്റ്റംബർ) രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ വൻ മുന്നേറ്റം രേഖപ്പെടുത്തിയത്.
ലോകത്ത് ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന ബ്രെന്റ് ക്രൂഡോയിൽ ഫ്യൂച്ചർസ് കോൺട്രാക്ടിൽ 27 ശതമാനവും യുഎസ് ഡബ്ല്യുടിഐ ക്രൂഡോയിൽ ഫ്യൂച്ചർസ് കോൺട്രാക്ടുകളിൽ 29 ശതമാനം വീതവും വർധനയാണ് കുറിച്ചത്.
അതേസമയം വെളളിയാഴ്ച ഒരു ശതമാനം തിരുത്തൽ നേരിട്ടാണ് ക്രൂഡോയിൽ കോൺട്രാക്ടുകളിലെ വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്ക ഉൾപ്പെടെയുള്ള വൻ സമ്പദ്ഘടനകളിൽ പലിശനിരക്ക് ഉയർന്ന തോതിൽ തുടരുന്നത് കാരണമുള്ള സാമ്പത്തിക തിരിച്ചടിയുടെ ആശങ്കയും സമീപകാല മുന്നേറ്റത്തിൽ നിന്നുള്ള ലാഭമെടുക്കാൻ ട്രേഡർമാർ ശ്രമിച്ചതുമാണ് വെള്ളിയാഴ്ച ക്രൂഡോയിൽ ഇടിവ് രേഖപ്പെടുത്തിയത്.
ഡിസംബർ എക്സ്പയറിയിലുള്ള ബ്രെന്റ് ഫ്യൂച്ചർസ് 0.97 ശതമാനം താഴ്ന്ന് 92.20 ഡോളറിലും യുഎസ് ഡബ്ല്യുടിഐ ക്രൂഡോയിൽ ഫ്യൂച്ചർസ് ഒരു ശതമാനം ഇടിഞ്ഞ് 90.79 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം ആഴ്ച കാലയളവിൽ ബ്രെന്റ് ക്രൂഡോയിൽ ഫ്യൂച്ചർസിൽ 2.2 ശതമാനം നേട്ടമാണ് കുറിച്ചത്. സമാനമായി കഴിഞ്ഞ വ്യാപാര ആഴ്ചയിൽ ഡബ്ല്യുടിഐ ക്രൂഡോയിൽ ഫ്യൂച്ചർസിൽ ഒരു ശതമാനം നേട്ടവുമാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയിൽ സമീപകാലത്ത് അസംസ്കൃത എണ്ണ വിലയിൽ വൻ വർധന ഉണ്ടായെങ്കിലും രാജ്യത്തെ വാഹന ഇന്ധനങ്ങളുടെ നിരക്കിൽ മാറ്റമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.