ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കണ്‍വീനിയന്‍സ് ഫീ എന്ന പേരില്‍ തുക ഈടാക്കുന്നതില്‍ 83 ശതമാനം ഉപയോക്താക്കളും അസംപ്തൃതരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സ്ഥാപനം നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യം പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീ ഈടാക്കല്‍ നിര്‍ത്തണം എന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഐആര്‍സിടിസിയും മറ്റും കണ്‍വീനിയന്‍സ് ഫീ ഈടാക്കുന്നത് ശരിയല്ലെന്നാണ് ഇവരുടെ നിലപാട്.
ടിക്കറ്റ് പോലുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങുമ്പോള്‍ മനുഷ്യവിഭവശേഷി ഉപയോഗിക്കേണ്ടാത്തതിനാല്‍ ചെലവ് കുറയുന്നത് പരിഗണിക്കണമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. യുപിഐ സേവനങ്ങള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ചുമത്താത്തതും ഇവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ ചെലവ് കുറയ്ക്കുന്നുണ്ടെങ്കിലും സിനിമാ ടിക്കറ്റോ, കായിക ഇനങ്ങള്‍ക്കുള്ള ടിക്കറ്റോ ആണെങ്കിലും കണ്‍വീനിയന്‍സ് ഫീ, ഇന്‍റര്‍നെറ്റ് ഹാന്‍റ്ലിംഗ് ഫീ, സര്‍വീസ് ഫീ എന്ന പേരില്‍ അധിക തുക പലരും ഈടാക്കുന്നുണ്ട്. റെയില്‍വേ ടിക്കറ്റ്, എയര്‍ലൈന്‍ ടിക്കറ്റ് എന്നിവ നല്‍കുമ്പോഴും ഇതേ പേരില്‍ തുക ഈടാക്കുന്നുണ്ട്.
അതേസമയം സര്‍വേയില്‍ പങ്കെടുത്ത 10 ശതമാനം പേര്‍ ക്യൂവില്‍ നില്‍ക്കേണ്ടാത്തതിനാല്‍ കണ്‍വീനിയന്‍സ് ഫീ കൊടുക്കുന്നതിന് ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കി. അഞ്ച് ശതമാനം പേര്‍ ക്യൂവില്‍ നിന്ന് സേവനങ്ങള്‍ ലഭ്യമാക്കുന്നത് ഇഷ്ടമുള്ളവരാണ്. 83 ശതമാനം പേരാണ് കണ്‍വീനിയന്‍സ് ഫീസിനെതിരെ നിലപാടുള്ളവര്‍.
പല അവസരങ്ങളിലും കണ്‍വീനിയന്‍സ് ഫീ എന്ന പേരില്‍ ആകെ ഇടപാടിന്‍റെ 20 ശതമാനം തുക വരെ ഈടാക്കുന്നതായി പലരും പരാതിപ്പെട്ടു.