
കൊച്ചി: ഓഹരി നിക്ഷേപങ്ങളിൽ നിന്നുള്ള മൂലധന നേട്ടത്തിനുള്ള നികുതി വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന ആവശ്യങ്ങൾ കേന്ദ്ര ധനമന്ത്രാലയം പരിശോധിക്കുന്നു. അടുത്ത വർഷത്തെ കേന്ദ്ര ബഡ്‌ജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) ചെയർമാൻ രവി അഗർവാൾ പറഞ്ഞു.
ദീർഘകാല മൂലധന നേട്ട നികുതി (എൽ.ടി.സി.ജി) ഒഴിവാക്കണമെന്ന ആവശ്യം ഉൾപ്പെടെ വ്യവസായ സംഘടനകൾ മുന്നോട്ടുവച്ച നിർദേശങ്ങളാണ് പരിശോധിക്കുന്നത്. ഹ്രസ്വകാല മൂലധന നേട്ട നികുതി (എസ്.ടി.സി.ജി), സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്.ടി.ടി) എന്നിവയുടെ നിരക്കുകൾ യുക്തിസഹമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ലിസ്റ്റഡ് ഓഹരികളിലും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലും ഒരു വർഷത്തിലധികം കൈവശം വച്ചശേഷം വിൽക്കുമ്പോൾ ലഭിക്കുന്ന 1.25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ദീർഘകാല നേട്ടത്തിന് 12.5 ശതമാനമാണ് നികുതി. ഒരു വർഷത്തിനുള്ളിൽ വിൽക്കുന്ന ഓഹരികളുടെ ഹ്രസ്വകാല നേട്ടത്തിന് 20 ശതമാനവും നികുതിയുണ്ട്.
ദീർഘകാല നിക്ഷേപമായി കണക്കാക്കുന്നതിനുള്ള കൈവശം വയ്ക്കൽ കാലാവധി 12 മാസത്തിൽ നിന്ന് 18 മുതൽ 24 മാസമായി ഉയർത്തണമെന്ന നിർദേശവുമുണ്ട്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് പ്രത്യേക നികുതി പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശങ്ങൾ പരിശോധിച്ചശേഷം ബഡ്‌ജറ്റിലാകും അന്തിമ തീരുമാനം.






