
ഇന്ത്യൻ മൂലധന വിപണിയിൽ നിർമ്മിത ബുദ്ധിയുടെയും മെഷീൻ ലേണിംഗിന്റെയും ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കാൻ സമഗ്രമായ മാർഗ്ഗരേഖ പുറത്തിറക്കുമെന്ന് സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ അറിയിച്ചു.
സാങ്കേതികവിദ്യയുടെ വളർച്ച വിപണിക്ക് ഗുണകരമാകുമ്പോഴും, അത് നിക്ഷേപകർക്ക് ദോഷകരമാകാതിരിക്കാനും വിപണിയിലെ സുതാര്യത വർദ്ധിപ്പിക്കാനുമാണ് പുതിയ ചട്ടങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 2025 ജൂണിൽ പുറത്തിറക്കിയ കരട് നിർദ്ദേശങ്ങളുടെ തുടർച്ചയായാണ് ഈ നടപടി.
പുതിയ മാർഗ്ഗരേഖ പ്രകാരം എ.ഐ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് കൃത്യമായ ഉത്തരവാദിത്തം നിശ്ചയിക്കുകയും, ഇടപാടുകളിൽ മനുഷ്യന്റെ മേൽനോട്ടം നിർബന്ധമാക്കുകയും ചെയ്യും. കൂടാതെ, എ.ഐ ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കളോട് വ്യക്തമായ വെളിപ്പെടുത്തലുകൾ നടത്തേണ്ടതുണ്ട്.
വിപണിയിലെ ക്രമക്കേടുകളും കൃത്രിമങ്ങളും കണ്ടെത്തുന്നതിനായി ‘സുദർശൻ’ എന്ന പേരിലുള്ള സ്വന്തം എ.ഐ സംവിധാനം സെബി നിലവിൽ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെ മറവിലുള്ള പുതിയ തരം സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ സെബി സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്. 2032-2035 കാലയളവിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യ ഉയർത്തിയേക്കാവുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ഇപ്പോഴേ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി വിപണിയിലെ ഡാറ്റാ സുരക്ഷാ സംവിധാനങ്ങൾ ആധുനികവൽക്കരിക്കാനുള്ള നടപടികളും അതിവേഗം പുരോഗമിക്കുകയാണ്.
നിക്ഷേപക സുരക്ഷയ്ക്കൊപ്പം വിപണിയുടെ വളർച്ചയും ലക്ഷ്യമിട്ട് ഡീപ്-ടെക്, ബയോടെക് മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് പൊതുവിപണിയിൽ നിന്ന് മൂലധനം സമാഹരിക്കുന്നത് എളുപ്പമാക്കാനുള്ള പരിഷ്കാരങ്ങളും സെബിയുടെ പരിഗണനയിലുണ്ട്.
ദീർഘകാല വളർച്ചാ സാധ്യതയുള്ള ഇത്തരം നൂതന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്നൊവേറ്റേഴ്സ് ഗ്രോത്ത് പ്ലാറ്റ്‌ഫോം ചട്ടങ്ങൾ അവലോകനം ചെയ്യാൻ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.






