Alt Image
വികസ്വര രാജ്യങ്ങളുടെ വിദേശകടം 9.4 ട്രില്യണ്‍ ഡോളറിലെത്തി ◆ 1.11 ലക്ഷം കോടി ചെലവുള്ള ഇന്ത്യയുടെ രണ്ട് വൻ അന്തർവാഹിനി പദ്ധതികൾക്ക് അന്തിമാനുമതി ഉടൻ ◆ ആഗോള സ്വർണശക്തിയാകാൻ ഇന്ത്യ; പദ്ധതിയുടെ രൂപരേഖ നിതി ആയോഗ് വൈകാതെ അവതരിപ്പിച്ചേക്കും ◆ മൊത്തവില സൂചിക 12.29 ശതമാനമായി ഉയർന്നു ◆ ആഗോള ഡീസൽ ക്ഷാമം: ഇന്ത്യൻ എണ്ണശുദ്ധീകരണ കമ്പനികൾക്ക് നേട്ടമാകുമെന്ന് റിപ്പോർട്ട് ◆

ടാറ്റ സണ്‍സിന് തിരിച്ചടി; ലിസ്റ്റിംഗ് നിര്‍ബന്ധമെന്ന് ആര്‍ബിഐ

മുംബൈ: ടാറ്റ ഗ്രൂപ്പ് ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന് ആര്‍ബിഐയുടെ കനത്ത തിരിച്ചടി. അപ്പര്‍-ലെയര്‍ എന്‍ബിഎഫ്സികള്‍ക്ക് ബാധകമായ എല്ലാ നിയന്ത്രണങ്ങളും പാലിക്കണമെന്ന് റിസവര്‍വ് ബാങ്ക് വ്യക്തമായി ആവര്‍ത്തിച്ചു.

നവംബര്‍ 16-ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്ക് അയച്ച കത്തിലാണ് കേന്ദ്ര ബാങ്ക് ഈ നിലപാട് വ്യക്തമാക്കിയത്. ലിസ്റ്റിംഗ് ആവശ്യകതയില്‍ നിന്ന് ഒഴിവാകാനുള്ള ടാറ്റ സണ്‍സിന്റെ ശ്രമത്തിന് ഇത് കനത്ത തിരിച്ചടിയായി. നവംബര്‍ 26 ന് നടക്കുന്ന ടാറ്റ സണ്‍സിന്റെ ബോര്‍ഡ് മീറ്റിംഗിന് മുന്നോടിയായി വരുന്ന ഈ സംഭവവികാസത്തിന് പ്രാധാന്യം കൈവരുന്നു.

കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പദവി സ്വമേധയാ ഉപേക്ഷിക്കണമെന്ന കമ്പനിയുടെ അപേക്ഷ സെപ്റ്റംബര്‍ 11-ന് റിസര്‍വ് ബാങ്ക് നിരസിച്ചിരുന്നു. ഇതോടെ, എന്‍ബിഎഫ്സി ചട്ടക്കൂടില്‍ നിന്ന് പുറത്തുകടന്ന് സ്വകാര്യ ഉടമസ്ഥതയില്‍ തുടരാനുള്ള ടാറ്റ സണ്‍സിന്റെ പ്രധാന നിയമപരമായ മാര്‍ഗം അടഞ്ഞുപോയതായി കണക്കാക്കപ്പെടുന്നു. ഒക്ടോബര്‍ 6-ന് ടാറ്റ സണ്‍സ് അയച്ച ആശയവിനിമയത്തിന് മറുപടിയായാണ് പുതിയ കത്ത്.

ആര്‍ബിഐയുടെ സ്‌കെയില്‍ അധിഷ്ഠിത നിയന്ത്രണ ചട്ടക്കൂടിന് കീഴില്‍ 2022 സെപ്റ്റംബറിലാണ് ടാറ്റ സണ്‍സിനെ ആദ്യമായി അപ്പര്‍-ലെയര്‍ എന്‍ബിഎഫ്സി ആയി തരംതിരിച്ചത്. ഈ വിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് വര്‍ഗ്ഗീകരണത്തിന് ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓഹരി ലിസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണ ആവശ്യകതകള്‍ പാലിക്കണം. ഒരു ലക്ഷം കോടിയോ അതിലധികമോ ആസ്തിയുള്ള എന്‍ബിഎഫ്സികള്‍ക്കാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടാനുള്ള യോഗ്യത; 2026 മാര്‍ച്ച് 31-ലെ കണക്കില്‍ ടാറ്റ സണ്‍സിന്റെ മൊത്തം ആസ്തി ഏകദേശം 2.01 ലക്ഷം കോടിയാണ്.

ഈ കത്ത് നവംബര്‍ 26-ന് നടക്കാനിരിക്കുന്ന ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തിന് മുന്നില്‍ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. കമ്പനിയുടെ 66 ശതമാനം ഓഹരികള്‍ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റ്‌സ് സ്വകാര്യ ഉടമസ്ഥത നിലനിര്‍ത്താനാണ് അനുകൂലിക്കുന്നതെങ്കില്‍, ഏകദേശം 18.37 ശതമാനം ഓഹരിയുള്ള ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ് ഓഹരി വില്‍പനയിലൂടെ മൂല്യം വിലയിരുത്താനും ധനസമാഹരണം സാധ്യമാക്കാനും ലിസ്റ്റിംഗിനെ പിന്തുണയ്ക്കുന്നു.

ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം, ലിസ്റ്റിംഗ് ആഗ്രഹമായ തീരുമാനമല്ലെന്നും നിയന്ത്രണപരമായ ബാധ്യതയാണെന്നും വ്യക്തമാക്കുന്നു.

X
Top