Alt Image
ആഗോള ഡീസൽ ക്ഷാമം: ഇന്ത്യൻ എണ്ണശുദ്ധീകരണ കമ്പനികൾക്ക് നേട്ടമാകുമെന്ന് റിപ്പോർട്ട് ◆ ബിസിനസ് വളർച്ചയിൽ തിളങ്ങി കേരള ബാങ്കുകൾ ◆ 2027ൽ ഇന്ത്യ ചൈനയേക്കാൾ വളർച്ച കൈവരിക്കുമെന്ന് ഗോൾഡ്മാൻ സാക്സ് ◆ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ ഇടിവ് ◆ രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ് ◆

ബിസിനസ് വളർച്ചയിൽ തിളങ്ങി കേരള ബാങ്കുകൾ

കൊച്ചി: നിക്ഷേപവും വായ്പയും വർദ്ധിപ്പിച്ചും ബിസിനസ് വ്യാപനം ശക്തമാക്കിയും ലാഭക്ഷമത ഉയർത്തിയും കേരളം ആസ്ഥാനമായ നാല് സ്വകാര്യ ബാങ്കുകളുടെ തേരോട്ടം. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ മൊത്തം ബിസിനസ് രണ്ടാം പാദത്തിൽ 10.17 ലക്ഷം കോടി രൂപയ്ക്ക് അടുത്തെത്തി.

ഫെഡറൽ ബാങ്കാണ് ബിസിനസ് വലുപ്പത്തിൽ ഏറെ മുന്നിൽ. സെപ്തംബർ അവസാനത്തോടെ നിക്ഷേപം 3.43 ലക്ഷം കോടി രൂപയും വായ്പകൾ 3.02 ലക്ഷം കോടി രൂപയും കടന്നു. ഇതോടെ മൊത്തം ബിസിനസ് ഏകദേശം 6.45 ലക്ഷം കോടി രൂപയായി.

സി.എസ്.ബി ബാങ്കിന്റെ മൊത്തം ബിസിനസ് 20 ശതമാനം ഉയർന്ന് 89,272 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ മൊത്തം ബിസിനസ് 21.08 ശതമാനം ഉയർന്ന് 36,500 കോടി രൂപയായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വായ്പകൾ 19 ശതമാനം വർധിച്ച് 1.10 ലക്ഷം കോടി രൂപയിലെത്തി.

വളർച്ചയ്ക്ക് പുതുതന്ത്രങ്ങൾ
ബിസിനസ് വളർച്ചയെ ലാഭമായി മാറ്റുന്നതിൽ ബാങ്കുകൾ സ്വീകരിക്കുന്ന വഴികൾ വ്യത്യസ്തമാണ്. വായ്പാ വ്യാപനത്തിലൂടെ പലിശ വരുമാനം കൂട്ടുക, സ്വർണവായ്പ പോലുള്ള ഉയർന്ന വളർച്ചയുള്ള മേഖലകളിൽ സാന്നിദ്ധ്യം വർധിപ്പിക്കുക, ഫീസ് വരുമാനം ഉയർത്തുക, കിട്ടാക്കടത്തിനുള്ള നീക്കിയിരിപ്പ് കുറയ്ക്കുക എന്നിവയാണ് പ്രധാന തന്ത്രങ്ങൾ.

വായ്പകളും നിക്ഷേപങ്ങളും കൂടുന്നു
ബാങ്കുകളുടെ വായ്പാ വളർച്ച 21 ശതമാനത്തിലെത്തിയപ്പോൾ നിക്ഷേപ വളർച്ച 18.6 ശതമാനമാണ്. നിക്ഷേപത്തേക്കാൾ വേഗത്തിൽ വായ്പ കൂടുന്നത് ബിസിനസ് വികസനത്തിന്റെ സൂചനയാണ്. എന്നാൽ കുറഞ്ഞ ചെലവിലുള്ള നിക്ഷേപ സമാഹരണം ലാഭക്ഷമത നിലനിർത്തുന്നതിൽ നിർണായകമാകും.

ഫെഡറൽ ബാങ്ക് 6.45 ലക്ഷം കോടി രൂപയുടെ ബിസിനസുമായി മുന്നിൽ

സി.എസ്.ബിക്കും ധനലക്ഷ്മിക്കും 20 ശതമാനത്തിലേറെ വളർച്ച

X
Top