
തിരുവനന്തപുരം: കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്നോപാര്‍ക്ക് ആസ്ഥാനമായ സാങ്കേതിക കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസി (ജിടെക്) ന്‍റെ സാമ്പത്തിക പിന്തുണ. കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബല്‍ 2026 ലെ നിക്ഷേപക പിച്ച് സെഷനില്‍ ഇതിന്‍റെ താല്‍പര്യപത്രം കൈമാറി.
ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ 2026 വേദിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചാണ് ജിടെക് ‘ചെക്ക് മേറ്റ്’ എന്ന പേരില്‍ നിക്ഷേപക പിച്ച് സെഷന്‍ സംഘടിപ്പിച്ചത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുടെ സാന്നിധ്യത്തില്‍ ലീഡ്മെട്രിക്സ്, ക്ലൗഡ് പോസിറ്റീവ്, സീവ് (ഇസെഡ്.എസ്.എസ് ടെക്നോളജീസ്), സ്പേസ്ടൈം 4ഡി എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് താല്‍പര്യപത്രങ്ങള്‍ നല്‍കിയത്. ജിടെക് അംഗങ്ങളായ കമ്പനികളെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് എക്സ്ചേഞ്ച് പദ്ധതിയുടെ ആദ്യ നേട്ടമാണിത്.
ജിടെക്കിന്‍റെ സ്റ്റാര്‍ട്ടപ്പ് എന്‍ഗേജ്മെന്‍റ് ഫോക്കസ് ഗ്രൂപ്പ് ആണ് സ്റ്റാര്‍ട്ടപ്പ് എക്സ്ചേഞ്ച് പദ്ധതിക്ക് തുടക്കമിട്ടത്. മൂലധനം നല്‍കുന്നതിന് പുറമെ ഉപഭോക്താക്കളെ കണ്ടെത്തുക, പൈലറ്റ് പ്രോജക്റ്റുകള്‍ക്ക് അവസരമൊരുക്കുക, ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കുക, മെന്‍ററിംഗ് നല്‍കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അടുത്ത തലമുറ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള ജിടെക് അംഗങ്ങളായ കമ്പനികളെ ക്ഷണിച്ച്, ഒരു സ്റ്റാര്‍ട്ടപ്പില്‍ എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടായിരുന്നു പദ്ധതിയുടെ തുടക്കം.
ചെക്ക് മേറ്റ് പദ്ധതിക്കായി 50-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ അപേക്ഷിച്ചിരുന്നു. ഇവയില്‍ നിന്ന് പ്രവര്‍ത്തനമേഖല, വളര്‍ച്ച, നിലവിലെ പ്രവര്‍ത്തനം, ബിസിനസ് മോഡല്‍, ജിടെക് കമ്പനികളുടെ പ്രവര്‍ത്തന മേഖലയുമായുള്ള പൊരുത്തം എന്നിവയുടെ അടിസ്ഥാനത്തില്‍ 10 സ്റ്റാര്‍ട്ടപ്പുകളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട ഈ സ്റ്റാര്‍ട്ടപ്പുകള്‍ ജിടെക് നിക്ഷേപകരുടെ പാനലിന് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിച്ചു. ഓരോ അവതരണത്തിന് ശേഷവും നിക്ഷേപകര്‍ വിലയിരുത്തലുകള്‍ രേഖപ്പെടുത്തുകയും നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടോ എന്നും എത്ര തുക നിക്ഷേപിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കുകയും ചെയ്തു.
ഇതില്‍ നാല് സ്റ്റാര്‍ട്ടപ്പുകള്‍ ഒന്നിലധികം നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും, പരിപാടിക്കിടയില്‍ തന്നെ അവയ്ക്ക് താല്‍പ്പര്യപത്രങ്ങള്‍ ലഭിക്കുകയും ചെയ്തു.






