
പാലക്കാട്: ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ നടപടി. ജന എന്ന ബ്രാൻഡിൽ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (എൻസിസിഎഫ്) മുഖേനയാണു നടപ്പാക്കുക.
കേരളത്തിൽ എൻസിസിഎഫ് അംഗമായ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഔട്‌ലെറ്റുകൾ സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. പിന്നീടു സ്വന്തം ഔട്‌ലെറ്റുകളും തുടങ്ങും. ഒാണത്തിനു മുൻപു ബ്രാൻഡ് നിലവിൽ വരുമെന്ന് എൻസിസിഎഫ് അധികൃതർ പറഞ്ഞു.
കുടുംബശ്രീ മിഷൻ, സ്ത്രീകളുടെ കൂട്ടായ്മകൾ, എൻജിഒകൾ, സ്വയംസഹായ സംഘങ്ങൾ, ആദിവാസി സംഘങ്ങൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ, കർഷകസംഘങ്ങൾ തുടങ്ങിയ സംരംഭങ്ങളിൽ നിന്നാണ് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക.
അച്ചാർ, അരി ഉൽപന്നങ്ങൾ, എണ്ണ, മസാലപ്പൊടികൾ, പയറുവർഗങ്ങൾ തുടങ്ങിയവ ശേഖരിച്ചു പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കി ‘ജന’ ബ്രാൻഡിൽ വിൽക്കുന്നതാണു സംവിധാനം.
ആദ്യഘട്ടത്തിൽ 50 ഉൽപന്നങ്ങളുണ്ടാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും കേന്ദ്രങ്ങളിൽ എത്തിക്കുമെന്ന് എൻസിസിഎഫ് ദക്ഷിണേന്ത്യൻ കോഓർഡിനേറ്റർ ബിജോയ് പി. ജോൺ പറഞ്ഞു. ഉൽപന്നങ്ങൾ നേരിട്ടു സംഭരിക്കുന്നതിനാൽ വിപണിവിലയെക്കാൾ ശരാശരി 25% കുറവിൽ നൽകാനാകുമെന്നാണു കണക്കുകൂട്ടൽ.
ഭാരത് അരി വീണ്ടും
സംസ്ഥാനത്തു ഭാരത് അരിയുടെ മൂന്നാംഘട്ട വിതരണത്തിനും നീക്കം തുടങ്ങി. രണ്ടു ഘട്ടങ്ങളിലായി നാഫെഡും എൻസിസിഎഫും ഗുണമേന്മയുള്ള 50,000 മെട്രിക് ടൺ അരി വിതരണം ചെയ്തെന്നാണു കണക്ക്.
ആദ്യം കിലോഗ്രാമിന് 29.50 രൂപയും രണ്ടാം തവണ 34 രൂപയുമായിരുന്നു വില. അതതു സമയത്തെ വിപണിവിലയെക്കാൾ 6 രൂപ വരെ കുറച്ചാണു വിൽപന.