ന്യൂഡൽഹി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒലയ്ക്കെതിരേ അന്വേഷണത്തിന് സെൻട്രൽ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി (സിസിപിഎ) നിർദേശം നൽകി.
കമ്പനിയുടെ സേവന,ഗുണനിലവാരം സംബന്ധിച്ച വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിനോടു (ബിഐഎസ്) നിർദേശിച്ചത്.
വാഹനങ്ങളുടെ മന്ദഗതിയിലുള്ള സർവീസ്, അറ്റകുറ്റപ്പണികൾ, വൈകിയുള്ള ഡെലിവറി തുടങ്ങി 10,000 ത്തോളം പരാതികൾ 2023 സെപ്റ്റംബർ മുതൽ ഈ വർഷം ഓഗസ്റ്റ് വരെ ഉപഭോക്തൃ അവകാശ ഏജൻസിക്ക് ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് വിശദീകരണം ആവശ്യപ്പെട്ടു കമ്പനിക്ക് സിസിപിഎ നോട്ടീസ് അയച്ചിരുന്നു. ഇതിൽ 99.1 ശതമാനം പരാതികളും പരിഹരിച്ചതായി കമ്പനി അറിയിച്ചു.
എന്നാൽ വിശദമായ പരിശോധന നടത്തിയപ്പോൾ 79 ശതമാനം ഉപഭോക്താക്കളും തൃപ്തരല്ലെന്നും അതിനാൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും സിസിപിഎ ഉത്തരവിടുകയായിരുന്നു. അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരേ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സിസിപിഎ വൃത്തങ്ങൾ അറിയിച്ചു.
ഒലയുടെ സോഫ്റ്റ്വേറുമായി പരിചയമില്ലാത്ത ഉപഭോക്താക്കൾ നേരിടുന്ന ചെറിയ പ്രശ്നങ്ങൾ മാത്രമേ വാഹനത്തിനുള്ളൂവെന്ന് സ്ഥാപകൻ ഭവിഷ് അഗർവാൾ പ്രതികരിച്ചിരുന്നു. സിസിപിഎക്കു ലഭിച്ച പരാതികളിൽ കൂടുതലും ചെറിയ പ്രശ്നങ്ങൾ മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവയ്ക്കെല്ലാം പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.