
ഒട്ടാവ: കുടിയേറ്റം കുറയ്ക്കുന്നതിൽ കണ്ണുനട്ട് കാനഡ കൊണ്ടുവന്ന പുതിയ വിസാച്ചട്ടം, ഇന്ത്യക്കാരുൾപ്പെടെ ലക്ഷക്കണക്കിന് വിദേശ വിദ്യാർഥികളെയും തൊഴിലാളികളെയും കാര്യമായി ബാധിക്കും.
ഈ മാസം ആദ്യമാണ് ‘ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്‌ഷൻ റെഗുലേഷൻ’ എന്ന പുതിയ വിസാചട്ടം രാജ്യത്ത് നിലവിൽവന്നത്. വിദേശ വിദ്യാർഥികൾ, തൊഴിലാളികൾ, കുടിയേറ്റക്കാർ എന്നിവരുടെ വിസാ പദവിയിൽ ഏതു സമയത്തും എത്തരത്തിലുമുള്ള മാറ്റവും വരുത്താൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സമ്പൂർണാധികാരം നൽകുന്നതാണ് ഈ ചട്ടം.
അതുപ്രകാരം ഇ-വിസകൾ പോലുള്ള ഇലക്‌ട്രോണിക് യാത്രാരേഖകൾ (ഇ.ടി.എ.), താത്കാലിക റെസിഡന്റ് വിസകൾ (ടി.ആർ.വി.) എന്നിവയൊക്കെ നിരസിക്കാനോ റദ്ദാക്കാനോ കനേഡിയൻ കുടിയേറ്റകാര്യ ഉദ്യോഗസ്ഥർക്ക് കഴിയും.
രാജ്യത്തുപുതുതായി വരുന്നവരുടേയോ നിലവിൽ കാനഡയിൽ കഴിയുന്നവരുടെയോ തൊഴിൽ പെർമിറ്റുകളും വിദ്യാർഥിവിസകളും റദ്ദാക്കാനും അവർക്കു സാധിക്കും.
ഏതൊക്കെ സാഹചര്യത്തിൽ കുടിയേറ്റകാര്യ ഉദ്യോഗസ്ഥർക്ക് വിസ നിരസിക്കാമെന്നതുസംബന്ധിച്ച മാർഗനിർദേശവും സർക്കാരിറക്കിയിട്ടുണ്ട്. കുടിയേറിയ ഒരാൾ നിയമാനുസൃതമായ വിസാകാലവധികഴിഞ്ഞാലും കാനഡ വിടില്ലെന്ന് ബോധ്യപ്പെട്ടാൽ അത്തരക്കാരുടെ വിസ റദ്ദാക്കാം.
ഇത് പുതുതായെത്തുന്നവർക്കും രാജ്യത്ത് കഴിയുന്നവർക്കും ബാധകമാണ്. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാനുള്ള വിവേചനാധികാരം പൂർണമായും ഉദ്യോഗസ്ഥനാണ്. വിമാനത്താവളങ്ങളിൽവെച്ചോ തുറമുഖങ്ങളിൽവെച്ചോ ആണ് വിസ റദ്ദാക്കുന്നതെങ്കിൽ അവിടെനിന്നുതന്നെ വിദേശികളെ തിരിച്ചയക്കാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.
ഇനി രാജ്യത്ത് തൊഴിലെടുക്കുകയോ പഠിക്കുകയോ ചെയ്യുന്ന ഒരാളുടെ വിസയാണ് റദ്ദാക്കുന്നതെങ്കിൽ അയാൾക്ക് രാജ്യംവിടാൻ നിശ്ചിതസമയമനുവദിക്കും. ഇതറിയിച്ചുള്ള നോട്ടീസ് ഇ-മെയിൽ വഴിയോ ഐ.ആർ.സി.സി. അക്കൗണ്ടുവഴിയോ നൽകും.
എന്നാൽ, വിസയ്ക്കും പഠനത്തിനും കാനഡയിലെ താമസത്തിനുമൊക്കെയായി വിദേശവിദ്യാർഥികൾ ചെലവാക്കിയതോ നിക്ഷേപിച്ചതോ ആയ പണത്തിന് എന്തുസംഭവിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
കാനഡയിൽ ഏറ്റവും കൂടുതൽ വിദേശവിദ്യാർഥികളും തൊഴിലാളികളുമുള്ളത് ഇന്ത്യയിൽനിന്നാണ്. 4.2 ലക്ഷം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് കനേഡിയൻ സർക്കാരിന്റെ കണക്ക്.
താത്കാലികവിസയിലെത്തുന്ന വിനോദസഞ്ചാരികളും കൂടുതൽ ഇന്ത്യയിൽനിന്നാണ്. 2024-ന്റെ ആദ്യപകുതിയിൽ മാത്രം 3.6 ലക്ഷം ഇന്ത്യക്കാർക്കാണ് കാനഡ സന്ദർശക വിസ നൽകിയത്.
2023-ന്റെ ആദ്യപകുതിയിലും 3.4 ലക്ഷം പേർക്ക് ട്രാവൽ വിസ നൽകി. 2024 നവംബറിൽ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) വിസയും കാനഡ റദ്ദാക്കിയിരുന്നു.