
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നതിന് പിന്നാലെ എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരിയുള്ള സിംഗപ്പൂർ എയർലൈൻസിൻ്റെ (എസ്ഐഎ) ഓഹരികൾ ഇടിഞ്ഞു.
ദി സ്‌ട്രെയിറ്റ്‌സ് ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, SIA ഓഹരികൾ 1.7 ശതമാനം അഥവാ 12 സിംഗപ്പൂർ സെൻ്റ് ആണ് കുറഞ്ഞത്. വ്യാപാരത്തിൻ്റെ ഒരു ഘട്ടത്തിൽ ഇത് 2.1 ശതമാനം വരെ ഇടിഞ്ഞിരുന്നു.
എയർ ഇന്ത്യ ഫ്ലൈറ്റ് AI171 അപകടത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാ യാത്രക്കാർക്കും, ജീവനക്കാർക്കും, അവരുടെ കുടുംബങ്ങൾക്കും സിംഗപ്പൂർ എയർലൈൻസ് അഗാധമായ അനുശോചനം അറിയിക്കുന്നെന്നും ദുഷ്‌കരമായ സമയത്ത് ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ഉണ്ടെന്നും SIA യെ ഉദ്ധരിച്ച് ബ്രോഡ്‌ഷീറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്രയേൽ ഇറാനിലെ ലക്ഷ്യങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് ഏഷ്യൻ വിപണികളും ഇടിഞ്ഞു. സ്ട്രെയിറ്റ്സ് ടൈംസ് സൂചിക (എസ്ടിഐ) 0.5 ശതമാനം ഇടിഞ്ഞു.
മിഡിൽ ഈസ്റ്റിൽ പുതിയ സംഘർഷങ്ങൾ എണ്ണവില കുതിച്ചുയരാൻ കാരണമായെന്നും സിംഗപ്പൂർ ദിനപത്രം റിപ്പോർട്ട് ചെയ്തു. സിംഗപ്പൂർ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വിലകൾ നിരീക്ഷിക്കുന്ന ഒരു പ്രധാന സൂചികയാണ് STI.