
മുംബൈ: ഓഹരി വിപണിയില്‍ സജീവമായ നിക്ഷേപകരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും സൂചികയുടെ റിട്ടേണിനെ മറികടക്കാനായില്ല. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് നിക്ഷേപകരില്‍ ഭൂരിഭാഗവും ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതെന്നാണ് ഒരു സര്‍വേ വ്യക്തമാക്കുന്നത്.
63 ശതമാനം നിക്ഷേപകര്‍ക്കും നിക്ഷേപത്തില്‍ നിന്നും എത്രത്തോളം നേട്ടം ലഭിക്കണമെന്ന ലക്ഷ്യമോ സൂചികയെ ഭേദിക്കുന്ന റിട്ടേണ്‍ ലഭിക്കുന്നതിനുള്ള പദ്ധതികളോ ഇല്ല.
സൂചിക നല്‍കുന്ന നേട്ടത്തേക്കാള്‍ 4-5 ശതാനം താഴെയാണ് ചില്ലറ നിക്ഷേപകരില്‍ ഭൂരിഭാഗത്തിനും ലഭിക്കുന്ന റിട്ടേണ്‍. പത്ത് പ്രധാന നഗരങ്ങളിലെ 25നും 45നും ഇടയില്‍ പ്രായമുള്ള നിക്ഷേപകര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
ഈയിടെ സെബി പുറത്തു വിട്ട ഒരു റിപ്പോര്‍ട്ടില്‍ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സില്‍ വ്യാപാരം ചെയ്യുന്ന പത്തിലൊമ്പത് നിക്ഷേപകരും നഷ്‌ടം വരുത്തിവെക്കുകയാണ് ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു.
മൊത്തം ലാഭത്തിന്റെ 75 ശതമാനവും അഞ്ച് ശതമാനം മാത്രം വരുന്ന ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സ് ട്രേഡര്‍മാര്‍ക്കാണ് ലഭിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
സൂചികകള്‍ക്ക് അടുത്തു നില്‍ക്കുന്ന നേട്ടം ലഭിക്കുന്നതിനുള്ള ചില്ലറ നിക്ഷേപകരുടെ ശ്രമങ്ങളുടെ ഫലമായി പാസീവ് ഫണ്ടുകളിലേക്ക് ഗണ്യമായ നിക്ഷേപം എത്തിയിട്ടുണ്ട്.
ഫെബ്രുവരിയില്‍ മാത്രം ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത് 6244 കോടി രൂപയാണ്.
ജനുവരിയില്‍ 5813 കോടി രൂപ നിക്ഷേപിക്കപ്പെട്ടിരുന്നു.