
മുംബൈ: മൈക്രോ ഫിനാൻസ് മേഖലയിലെ നിഷ്ക്രിയ ആസ്തി ഇതാദ്യമായി 50,000 കോടി രൂപ പിന്നിട്ടു. മൊത്തം വായ്പകളില്‍ കിട്ടാക്കടമായി മാറിയേക്കാവുന്ന പോർട്ഫോളിയോ ഒരു വർഷം മുമ്ബത്തെ ഒരു ശതമാനത്തില്‍നിന്ന് 3.2 ശതമാനമായി ഉയരുകയും ചെയ്തു.
2024 ഡിസംബർ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍. വായ്പ നല്‍കുന്നതിലെ ഗുരുതരമായ വീഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്.
നിഷ്ക്രിയ ആസ്തിയിലെ വർധനവിന് ആനുപാതികമായി തുടർച്ചയായി മൂന്നാമത്തെ പാദത്തിലും മൈക്രോ ഫിനാൻസ് വായ്പകളുടെ തോതില്‍ കുറവുണ്ടായി. മൂന്നു ലക്ഷം രൂപയില്‍ താഴെ വാർഷിക വരുമാനമുള്ള താഴ്ന്ന വരുമാനക്കാർക്ക് ഈടില്ലാതെ നല്‍കുന്ന വ്യായ്പാകളാണ് മൈക്രോ ഫിനാൻസില്‍ ഉള്‍പ്പെടുന്നത്. ഈ വായ്പകളേറെയും എടുത്തിട്ടുള്ളത് സ്ത്രീകളാണ്.
ഈ വിഭാഗത്തില്‍ കൂടുതല്‍ വായ്പകള്‍ നല്‍കിയ ബന്ധൻ, ഐഡിഎഫ്സി ഫെസ്റ്റ്, ഇൻഡസിൻഡ്, ആർബിഎല്‍ എന്നീ ബാങ്കുകളാണ് സമ്മർദം നേരിടുന്നത്. ഡിസംബർ 31വരെയുള്ള കണക്ക് പ്രകാരം, ബന്ധൻ ബാങ്ക് നല്‍കിയ സുരക്ഷിതമല്ലാത്ത 56,120 കോടി രൂപ മൂല്യമുള്ള വായ്പകളില്‍ 7.3 ശതമാനം കിട്ടാക്കടമായി.
ഈടില്ലാത്ത വായ്പകളാണ് സുരക്ഷിതമല്ലാത്ത വായ്പകളായി കണക്കാക്കുന്നത്. സുരക്ഷിതമല്ലാത്ത എല്ലാ വായ്പകളും മൈക്രോ ഫിനാൻസില്‍ ഉള്‍പ്പെടുന്നുമില്ല.
മൈക്രോ ഫിനാൻസ് മേഖലയിലെ സമ്മർദം സ്മോള്‍ ഫിനാൻസ് ബാങ്കുകളുടെ പ്രവർത്തന ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ നഷ്ടം രേഖപ്പെടുത്തി.
ഈ വിഭാഗം ബാങ്കുകളുടെ മൈക്രോ ഫിനാൻസ് വായ്പകളില്‍ 18.3 ശതമാനത്തോളം നഷ്ക്രിയ ആസ്തിയായി മാറുകയും ചെയ്തു. വൻകിട ബാങ്കുകളുടെ അനുപാതമാകട്ടെ 15.7 ശതമാനമാണ്.
മൈക്രോ വായ്പകളുടെ റിസ്ക് വെയ്റ്റേജ് 125 ശതമാനത്തില്‍നിന്ന് 75 ശതമാനമായി കുറയ്ക്കാനുള്ള ആർബിഐയുടെ നീക്കം മൈക്രോ ഫിനാൻസ് കമ്പനികള്‍ക്ക് നേട്ടമാകും. ഫണ്ടിനുള്ള ചെലവ് കുറയുകയും കൂടുതല്‍ വായ്പ നല്‍കാനുള്ള പണം ലഭിക്കുകയും ചെയ്യും.
രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന് ഭീഷണിയാകുമെന്ന് കണ്ടാണ് 2023 നവംബറില്‍ വായ്പകളുടെ റിസ്ക് വെയ്റ്റേജ് 100 ശതമാനത്തില്‍നിന്ന് 125 ശതമാനമായി ആർബിഐ ഉയർത്തിയത്.
വായ്പ നല്‍കുമ്ബോള്‍ അപ്രതീക്ഷിതമായി തിരിച്ചടിയുണ്ടായാലും പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ നിശ്ചിത ശതമാനം തുക കരുതല്‍ധനമായി നീക്കിവെയ്ക്കണമെന്നാണ് റിസർവ് ബാങ്കിന്റെ വ്യവസ്ഥ. ഇതാണ് റിസ്ക് വെയ്റ്റേജ്.