
മുംബൈ: ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയും എന്‍ബിഎഫ്‌സിയായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും മാര്‍ച്ച് 28 മുതല്‍ നിഫ്‌റ്റി ഓഹരികളായി മാറും.
ബിപിസിഎല്‍, ബ്രിട്ടാനിയ ഇന്റസ്‌ട്രീസ് എന്നിവയാണ് 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ നിന്ന് പുറത്തുപോകുന്നത്. ആറ് മാസത്തിലൊരിക്കലാണ് നിഫ്‌റ്റി ഉള്‍പ്പെടെയുള്ള സൂചികകളില്‍ ഉള്‍പ്പെടുന്ന ഓഹരികളില്‍ എന്‍എസ്‌ഇ മാറ്റം വരുത്തുന്നത്.
ആറ് മാസത്തെ ശരാശരി വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പുനരവലോകനം നടത്തുന്നത്.
സൊമാറ്റോയുടെയും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെയും കഴിഞ്ഞ ആറ് മാസത്തെ ശരാശരി വിപണിമൂല്യം യഥാക്രമം 1,69,837 കോടി രൂപയും 1,04,387 കോടി രൂപയുമാണ്.
ഇത് നിലവില്‍ നിഫ്‌റ്റി ഓഹരികളില്‍ കുറഞ്ഞ വിപണിമൂല്യമുള്ള ബിപിസിഎല്ലിന്റെയും ബ്രിട്ടാനിയയുടെയും കഴിഞ്ഞ ആറ് മാസത്തെ ശരാശരി വിപണിമൂല്യത്തിന്റെ ഒന്നര മടങ്ങാണ്. ഈ രണ്ട് ഓഹരികളുടെയും കഴിഞ്ഞ ആറ് മാസത്തെ ശരാശരി വിപണിമൂല്യം യഥാക്രമം 60,928 കോടി രൂപയും 64,151 കോടി രൂപയുമാണ്.
യോഗ്യതയുള്ള മറ്റ് രണ്ട് കമ്പനികളായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (വിപണിമൂല്യം 86,688 കോടി രൂപ), ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് (വിപണിമൂല്യം 82,993 കോടി രൂപ) എന്നിവ നിഫ്‌റ്റി പ്രവേശനത്തിന് പരിഗണിക്കപ്പെട്ടിട്ടില്ല.
ഈ കമ്പനികളുടെ ആറ് മാസത്തെ ശരാശരി വിപണിമൂല്യം ഏറ്റവും താഴ്‌ന്ന റാങ്കിലുള്ള അടുത്ത രണ്ട് കമ്പനികളായ ഹീറോ മോട്ടോകോര്‍പ്പിന്റെയും (64,181 കോടി രൂപ) ഏയ്‌ഷര്‍ മോട്ടോഴ്‌സിന്റെയും (66,764 കോടി രൂപ) ശരാശരി വിപണിമൂല്യത്തിന്റെ ഒന്നര മടങ്ങിനേക്കാള്‍ താഴെയാണ് എന്നതുകൊണ്ടാണ് ഇത്.
നിഫ്‌റ്റിയില്‍ സ്ഥാനം പിടിക്കുന്നതോടെ സൊമാറ്റോയും ജിയോ ഫിനാന്‍സും നിഫ്‌റ്റി 100 സൂചികയില്‍ നിന്ന് ഒഴിവാക്കപ്പെടും. സ്വിഗ്ഗി, ബജാജ് ഹൗസിംഗ് ഫിനാന്‍സ്, ഹുണ്ടായി മോട്ടോര്‍, സിജി പവര്‍, ഇന്ത്യന്‍ ഹോട്ടല്‍സ് എന്നീ ഓഹരികള്‍ നിഫ്‌റ്റി നെക്‌സ്റ്റ് 50 സൂചികയില്‍ ഇടം പിടിക്കും.