രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണംപെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രംതൊഴിൽ മേഖലയിൽ കേരളത്തിന് നിർണായക നേട്ടം; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ തൊഴിലവസരങ്ങളിൽ 172% വളർച്ച

സീറോ ബ്രോക്കറേജ് അവസാനിപ്പിക്കാൻ സീറോദ

മുംബൈ: ഓഹരി ഇടപാടുകളുടെ ഫീസ് ഘടന ഏകീകരിക്കാനുള്ള സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) തീരുമാനം ഓഹരികളിൽ നിക്ഷേപം നടത്തുന്നവർക്ക് കനത്ത തിരിച്ചടിയായേക്കും.

ഫീസ് ഏകീകരണം ബ്രോക്കറേജ് കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ വരുമാന നഷ്ടം നികത്താനായി, ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന ഫീസ് കുത്തനെ കൂട്ടാൻ ബ്രോക്കറേജുകൾ മുതിർന്നേക്കും. ഇത് ഫലത്തിൽ നിക്ഷേപകരുടെ നേട്ടത്തെ (റിട്ടേൺ) ബാധിക്കും.

ഓഹരികളിൽ ഫീസ് ബാധ്യതയില്ലാതെ നിക്ഷേപിക്കാവുന്ന ‘സീറോ ബ്രോക്കറേജ് രീതി’ അവസാനിപ്പിക്കുമെന്ന സൂചന പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് പ്ലാറ്റ്ഫോമായ സീറോദയുടെ സഹ-സ്ഥാപകൻ നിതിൻ കാമത്ത് നൽകിക്കഴിഞ്ഞു.

കഴിഞ്ഞദിവസമാണ് ഫീസ് ഘടന ഏകീകരിക്കണമെന്ന സർക്കുലർ സെബി പുറത്തിറക്കിയത്. നിലവിൽ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്ന് മാസാടിസ്ഥാനത്തിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഇടപാടുകളുടെ ഫീസ് ഈടാക്കുന്നത്. ഇത് അതത് മാസത്തെ മൊത്തം ഓഹരി ഇടപാടുമൂല്യം കണക്കാക്കി സ്ലാബ് തിരിച്ചാണ്.

അതേസമയം, റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് ബ്രോക്കറേജുകൾ ഫീസ് ഈടാക്കുന്നതാകട്ടെ ഓരോ ദിവസത്തെയും ഇടപാടുകൾ കണക്കാക്കിയാണ്. ഇടപാടുകാരിൽ നിന്ന് ഉയർന്ന തുക ഫീസായി വാങ്ങുന്ന ബ്രോക്കറേജുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ഇതിന്‍റെ പാതിയോളം മാത്രം ഫീസ് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് സെബിയുടെ നീക്കം.

സെബിയുടെ സർക്കുലറിന് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളായ ജിയോജിത് ഫിനാൻഷ്യൽ, ഏയ്ഞ്ചൽ വൺ, മോത്തിലാൽ ഓസ്വാൾ, 5പൈസ ക്യാപ്പിറ്റൽ, എസ്എംസി ഗ്ലോബൽ എന്നിവയുടെ ഓഹരിവില ചൊവ്വാഴ്ച്ച 10 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ജിയോജിത് ഓഹരിവില ഇന്നലെ 3.5 ശതമാനം ഉയർന്നു. എന്നാൽ, ഏയ്ഞ്ചൽ വൺ അടക്കം മറ്റുള്ളവയുടെ ഓഹരികൾ സമ്മർദ്ദത്തിലാണുള്ളത്.

റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് ഫീസ് ഈടാക്കുന്ന അതേ മാനദണ്ഡം പാലിച്ചാവണം ബ്രോക്കറേജുകളിൽ നിന്നും ഫീസ് ഈടാക്കേണ്ടത് എന്നാണ് സെബിയുടെ സർക്കുലറിലുള്ളത്. ഒക്ടോബർ ഒന്നുമുതലാണ് ഇത് പ്രാബല്യത്തിലാവുക.

X
Top