
മുണ്ട്, ഒരു രാഷ്ട്രീയക്കാരൻ അവനായി മാത്രം ഉടുക്കുന്നതല്ല.
ആവശ്യങ്ങൾക്കായി മനുഷ്യർക്ക് തന്നെ സമീപിക്കാമെന്ന് നൽകുന്ന അടയാളം കൂടിയാണ്.
ഒരുപാട് വസ്ത്രങ്ങളില്ലാത്തൊരാളുടെ സാധ്യത കൂടിയാണ് ഒരു വെള്ള മുണ്ട്. എത്രയാവർത്തി വേണമെങ്കിലും സ്ഥിരമായി കഴുകിയുപയോഗിക്കാം.
വരുമാന സാധ്യതകൾ കുറവായൊരു പൊതു പ്രവർത്തകന് ആശങ്കയില്ലാതെ ഉപയോഗിക്കാനാവുന്ന വസ്ത്രം.
എന്നാലിന്ന്, മുണ്ട് അത്ര ലളിതമായ വസ്ത്രമല്ല എന്നതാണ് സത്യം. ഒരു ഖാദി ഡബിൾ മുണ്ടിന്
1200 രൂപയിലധികമാണ് വില.
റിബേറ്റിലാണെങ്കിൽ 700-750 നിരക്കിൽ ലഭിക്കും. പരസ്യം പിടിക്കുന്നതിലല്ല ചെലവ്, നാട്ടുകാരെ കാണിക്കുന്നതിലാണ് എന്ന് പണ്ട് പറയുന്നത് പോലെ,
മുണ്ട് വാങ്ങുന്നതിനല്ല, അത് കഴുകി പശയിട്ട് തേച്ചെടുക്കുന്നതിനാണ് ചിലവ്.
പുറത്ത് കൊടുത്ത് അലക്കുന്ന ഓരോ മുണ്ടു ധാരിയും
രാവിലെ അരയിൽ ചുറ്റുന്നത്
120 രൂപയുടെ ചിലവ് കൂടിയാണ്.
ഒരു സാധാരണ രാഷ്ട്രീയക്കാരന് പോലും ഒരു ദിവസത്തിനപ്പുറത്തേക്ക് മുണ്ടിൻ്റെ പുനരുപയോഗം നടക്കില്ലെന്നുമോർക്കണം.
രാഷ്ട്രീയ യാത്രകളാണെങ്കിൽ,
എത്ര ദിവസത്തേക്കുമുള്ള മുണ്ട് കൃതൃമായി അലക്കി ത്തേച്ച് കരുതിയേ പറ്റൂ.
പോകുന്ന വഴി കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കുവാൻ പറ്റുന്ന ഒന്നല്ല മുണ്ട്. അതിൻ്റെ പശപാകം മുതൽ, കളറിനായി മുക്കേണ്ടത് നീലമാണോ, നീരജയാണോ, തിരുവനന്തപുരം ചാല മാർക്കറ്റിൽ മാത്രം കിട്ടുന്ന റോസ് പൗഡറാണോ എന്നത് വരെ
ഒരു രാഷ്ട്രീയ ശരീരത്തെ അടയാളപ്പെടുത്തുന്നതിൽ കൃത്യമായ പങ്ക് വഹിക്കുന്നുണ്ട്.
വിശ്വസ്‌തനായ ഡ്രൈവർക്കും,
പി എ ക്കും പകരക്കാരനെ കണ്ടു പിടിക്കാം. പക്ഷേ തൻ്റെ അലക്കുകാരന് ഒരു പകരക്കാരനെ കണ്ടു പിടിക്കാൻ അത്ര പെട്ടെന്നൊന്നും ഒരു രാഷ്ട്രീയക്കാരന് കഴിയില്ല.
മുണ്ടിന് പകരം, പാൻ്റുടുത്ത് പോലീസ് സ്റ്റേഷനിലോ, സർക്കാരോഫീസിലോ പോകുന്നത് ചിന്തിക്കാൻ പോലുമാവില്ല.
`ഇന്ത്യൻ പ്രണയ കഥയിലെ,
ജീൻസും ടീ ഷർട്ടുമിട്ട
ഫഹദ് ഫാസിലിനെ ട്രാഫിക് പോലീസുകാരൻ അവഗണിച്ചത്
പോലെ നമ്മളും ക്രൂരമായി അവഗണിക്കപ്പെടും.
അതുകൊണ്ട്,
മുണ്ട്, ഓണ നാളിലെ
കേരളീയതയല്ല, ഒരു പൊതു പ്രവർത്തകനും. അതവൻ്റെ ഏറ്റവും ലളിതവും ശക്തവുമായ
യൂണിഫോമാണ്.
ഷെറിൻ വർഗീസ്
(പൊതുപ്രവർത്തകൻ, കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ ഗവേഷകൻ. ബ്രാൻഡിങ്, സോഷ്യൽ മീഡിയ, അഡ്വർടൈസിങ്, മീഡിയ, കമ്മ്യൂണിക്കേഷൻ വിദഗ്ധനാണ്)






