സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

ഹൃദയത്തിലൂടെ ഒരു പന്തുരുളുന്നു

1957-ലെ കേരളത്തിന്റെ ആദ്യ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകളേക്കാൾ, പല മലയാളികളുടെയും ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നത് 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി ജയിച്ച കേരള ടീമിലെ കളിക്കാരുടെ പേരുകളാണ് .

കാരണം, ഫുട്ബോൾ കേരളത്തിൽ ഒരിക്കലും ഒരു വെറും കളിയല്ല.

പന്ത് ഉരുളുമ്പോൾ അതിനു പിന്നാലെ ഒരു നാട് മുഴുവൻ ഉരുളുന്നു. ഒരു കളിക്കാരൻ ഓടുമ്പോൾ ഗാലറിയിലെ ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയവും കൂടെ ഓടുന്നു. ഗോൾ പിറക്കുമ്പോൾ ഒരാളുടെ കാലിൽ നിന്നു പിറന്ന ആഹ്ലാദം ഒരു ജനതയുടെ ആഘോഷമായി മാറുന്നു. തോൽക്കുമ്പോൾ ഹതാശരാവുന്നത് പതിനൊന്ന് പേർ മാത്രമല്ല, ഗാലറിയിലിരിക്കുന്ന എല്ലാ മനുഷ്യരും കൂടിയാണ്. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ സമുദായ സംഘടനയുടെയോ സമ്മേളനത്തിന് എത്തുന്ന ജനക്കൂട്ടത്തേക്കാൾ എത്രയോ വലിയ ജനക്കൂട്ടമാണ് പലപ്പോഴും ഒരു ഫുട്ബോൾ മത്സരത്തിന് ടിക്കറ്റ് വാങ്ങി ഗ്യാലറിയിൽ കയറുന്നത്.

കാലം മാറി. ജഴ്സികൾ മാറി. സ്റ്റേഡിയങ്ങൾ മാറി. പക്ഷേ പന്തിനോടുള്ള മലയാളിയുടെ ഇഷ്ടത്തിന് മാറ്റമില്ല.
ലോകകപ്പ് വരുമ്പോഴാണ് ഈ ഇഷ്ടത്തിന്റെ വിസ്തൃതി വിശാലമാവുക.

ലോകകപ്പിൽ ഇന്ത്യയില്ല. ത്രിവർണ പതാക ഉയരുന്നില്ല. എന്നിട്ടും ലോകകപ്പ് ഫുട്ബോൾ കേരളത്തിൽ ഒരു ദേശീയോത്സവത്തിന്റെ നിറം വിതറുന്നു. അർജന്റീനയുടെ നീലയും വെള്ളയും, ബ്രസീലിന്റെ മഞ്ഞയും പച്ചയും, ഫ്രാൻസിന്റെ വെള്ളയും നീലയുമെല്ലാം മലയാളികളുടെ സ്വന്തം നിറങ്ങളായി മാറുന്നു. രാത്രികൾ പകലാകുന്നു. വീടുകൾ സ്റ്റേഡിയങ്ങളാകുന്നു. ചായക്കടകളും ക്ലബ്ബുകളും നഗരങ്ങളിലെ ഇടവഴികളും ഫുട്ബോൾ ചർച്ചകളുടെ വേദികളാകുന്നു.

ലോകത്തിന്റെ മറുവശത്ത് നടക്കുന്ന ഒരു മത്സരത്തിന് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ പോലും ഇത്രയും ഓളം എങ്ങനെ ഉണ്ടാക്കുന്നു?അതിന്റെ ഉത്തരം കിടക്കുന്നത് ഫുട്ബോളിന്റെ ഭാഷയിലാണ്.

വ്യക്തി വിജയത്തേക്കാൾ കൂട്ടായ്മയുടെ വിജയമാണ് ഫുട്ബോൾ. അതുകൊണ്ടാണ് ഈ കളി മലയാളിയുടെ സാമൂഹിക മനസ്സിനോട് ഇത്രയും ചേർന്നുനിൽക്കുന്നത്.
കേരളത്തിൽ കൂട്ടായ്മയ്ക്ക് വലിയ സ്ഥാനമുണ്ട്. സഹകരണ പ്രസ്ഥാനങ്ങളിലും വായനശാലകളിലും തൊഴിലാളി സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും സാംസ്കാരിക കൂട്ടായ്മകളിലും കാണുന്ന അതേ സാമൂഹിക ഭാവം ഫുട്ബോൾ മൈതാനത്തും പിറക്കുന്നു.

ഒരാൾ മാത്രം ജയിക്കുന്ന കളിയല്ല ഫുട്ബോൾ. പന്ത് പാസ് ചെയ്യണം. സ്വന്തം അവസരം മറ്റൊരാൾക്കായി ഉപേക്ഷിക്കണം. പ്രതിരോധക്കാരൻ മുന്നേറ്റക്കാരന്റെ ഗോൾ ആഘോഷിക്കണം. ഗോൾകീപ്പറുടെ ഒരു രക്ഷപ്പെടുത്തലിൽ മുഴുവൻ ടീമും ആശ്വാസം കണ്ടെത്തണം. ഒരാളുടെ പിഴവ് മറ്റൊരാൾ തിരുത്തണം. ഒരാളുടെ മികവ് മറ്റുള്ളവരുടെ പ്രയത്നത്തിലൂടെയാണ് പൂർണമാകുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ബോധത്തിലും ജീവിതാനുഭവത്തിലും പതിഞ്ഞിരിക്കുന്ന ഒരു ആശയമാണത്. ഒറ്റയ്ക്ക് രക്ഷപ്പെടുന്നതിലല്ല, ഒരുമിച്ച് മുന്നേറുന്നതിലാണ് സംതൃപ്തി. ഫുട്ബോൾ അതിനെ വാക്കുകളില്ലാതെ പഠിപ്പിക്കുന്നു.

സെവൻസ് ഫുട്ബോളിലേക്ക് നോക്കൂ, മൈതാനത്തിന് ചുറ്റുമുള്ള താൽക്കാലിക ഗാലറികളിലും പൊടിപടലങ്ങൾ നിറഞ്ഞ രാത്രികളിലും ആയിരക്കണക്കിന് മനുഷ്യരെ ഒരുമിപ്പിക്കുന്ന ഈ കളി പലപ്പോഴും ഒരു മത്സരത്തിനപ്പുറമാണ്. മിക്ക സെവൻസ് കമ്മിറ്റികളും സ്വന്തം നാട്ടിലെ മനുഷ്യർക്കായി കൈത്താങ്ങാകുന്നു. പഴയ കളിക്കാരന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നു. ഒരു കുടുംബത്തിന് വീട് പണിയുന്നു. ഒരുപാട് കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നു. കളിക്കളത്തിൽ നിന്ന് ലഭിക്കുന്ന പണം വീണ്ടും ജനങ്ങളിലേക്ക് തന്നെ തിരിച്ചെത്തുന്നു. അങ്ങനെ സെവൻസ് ഫുട്ബോൾ ഒരു കളി എന്നതിനപ്പുറം ഒരു സാമൂഹിക സ്ഥാപനമായി മാറുന്നു.

ഇന്ത്യയിലെ ഫുട്ബോൾ താരങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക പ്രതിഫലം ലോകത്തിലെ ഏറ്റവും വലിയ ലീഗുകളുമായി താരതമ്യം ചെയ്യുമ്പോൾ അത്ര ആകർഷകമല്ല. മലയാളി താരങ്ങളിൽ ഒരാളും ഇതുവരെ ലോകത്തിലെ ഏറ്റവും മികച്ച ലീഗ് വേദികളിൽ എത്തിയിട്ടില്ല. എന്നിട്ടും ഇവിടത്തെ ഒരു കുട്ടിയോട് ചോദിച്ചാൽ—“വലുതായാൽ ആരാവണം?”—മറുപടിയിൽ പലപ്പോഴും ഒരു ഫുട്ബോൾ താരത്തിന്റെ പേര് ഉണ്ടാകും.

കാരണം പണത്തെക്കുറിച്ചല്ല ആ കുട്ടി ആദ്യം സ്വപ്നം കാണുന്നത്. സ്റ്റേഡിയത്തെക്കുറിച്ചാണ്.

അവന്റെ കാലിൽ നിന്ന് പന്ത് വലയിൽ കയറുന്നതും, ആയിരങ്ങൾ ഒരുമിച്ച് ആർത്തുവിളിക്കുന്നതുമാണ് അവന്റെ സ്വപ്നം. അവിടെ ഫുട്ബോൾ ഒരു തൊഴിൽമാത്രമല്ല. കുട്ടിയുടെ ഭാവനയുടെ ആദ്യ ഭാഷയാണ്.

മലയാളിയുടെ ഫുട്ബോൾ സ്നേഹത്തിൽ ഒരു രാഷ്ട്രീയമുണ്ട്. പക്ഷേ അത് കക്ഷി രാഷ്ട്രീയമല്ല. മനുഷ്യരെ വേർതിരിക്കുന്ന അതിരുകൾക്കപ്പുറം ഒന്നായി നിൽക്കുന്ന കൂട്ടായ്മയുടെ രാഷ്ട്രീയമാണ്.
ഫുട്ബോൾ പ്രഖ്യാപിക്കുന്നത് പന്ത് ഒരാളുടേതല്ലെന്നാണ്. അത് എല്ലാവരുടേതാണ്. ഒരാൾക്ക് പന്ത് കിട്ടും. മറ്റൊരാൾക്ക് പാസ് നൽകും. മൂന്നാമൻ ഗോൾ അടിക്കും. വിജയത്തിന്റെ ഉടമ ഒരാൾ മാത്രമല്ല. തോൽവിയുടെ കുറ്റവും ഒരാളുടേതല്ല.
ഈ കൂട്ടായ ഉത്തരവാദിത്വവും കൂട്ടായ ആഹ്ലാദവും മലയാളിയുടെ സാമൂഹിക മനസ്സുമായി ചേർന്നുനിൽക്കുന്നു.

ഗ്യാലറിയിൽ അടുത്തിരുന്ന മനുഷ്യന്റെ പേര് നം ഓർത്തുവെക്കാറില്ല. അവൻ ഏത് മതക്കാരനാണെന്ന് അറിയില്ല. ഏത് പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് അറിയില്ല. ഏത് ജാതിയാണെന്ന് അറിയില്ല. പക്ഷേ ടീം ഗോൾ അടിക്കുമ്പോൾ എല്ലാവരും ചേർന്നുനിൽക്കുന്നു. സന്തോഷിക്കുന്നു.
ആ നിമിഷത്തിൽ മനുഷ്യനെ വേർതിരിക്കുന്ന സകലമതിലുകളും അപ്രത്യക്ഷമാകുന്നു.

കേരളത്തിൽ ഫുട്ബോൾ വളർന്നത് മൈതാനങ്ങളിൽ മാത്രമല്ല. അത് ചായക്കടകളിൽ വളർന്നു. തൊഴിലാളികളുടെ ഇടയിൽ വളർന്നു. നഗരങ്ങളുടെ ഇടവഴികളിൽ വളർന്നു. സ്കൂൾ മൈതാനങ്ങളിൽ വളർന്നു. ക്ലബ്ബുകളുടെ വരാന്തകളിൽ വളർന്നു. മഴയിൽ നനഞ്ഞും പൊടിയിൽ വീണും വീണ്ടും എഴുന്നേറ്റും വളർന്നു.

ഒരു കാലത്ത് റേഡിയോ ശബ്ദത്തിലൂടെയും പത്രങ്ങളുടെ സ്പോർട്സ് പേജുകളിലൂടെയും ലോകഫുട്ബോളിനെ പരിചയപ്പെട്ട തലമുറ, പിന്നീട് ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിൽ രാത്രികൾ കഴിച്ചു. ഇന്ന് മൊബൈൽ ഫോണിന്റെ സ്ക്രീനിൽ ലോകത്തിലെ ഏത് മൈതാനവും കേരളത്തിലെ വീട്ടുമുറ്റത്തേക്ക് എത്തുന്നു. പന്ത് യൂറോപ്പിൽ ടച്ച് ചെയ്താലും കിക്കോഫ് വിസിലിന്റെ ശബ്ദം കേരളത്തിലെ ചെറുഗ്രാമങ്ങളിൽ വരെ മുഴങ്ങുന്നു.

ബ്യൂണസ് അയേഴ്സിൽ ഒരാൾ കളിക്കുമ്പോൾ അവന്റെ ജഴ്സി ധരിച്ച് ഒരു മലയാളി കുട്ടി നാട്ടുവഴിയിലൂടെ ഓടുന്നു. ആയിരക്കണക്കിന് കിലോമീറ്ററുകളുടെ ദൂരം അവന് തടസ്സമല്ല. ഭാഷയും ഭൂമിശാസ്ത്രവും സംസ്കാരവും കടന്ന് ആ ജഴ്സി അവന്റെ സ്വപ്നത്തിന്റെ ഭാഗമാകുന്നു. ഭൂമിശാസ്ത്രം തോൽക്കുന്നു. പ്രണയം തുടങ്ങുന്നു.

കേരള രാഷ്ട്രീയ ചരിത്രത്തിൽ പല പതാകകളും പാറിയിട്ടുണ്ട്. പല ആശയങ്ങൾക്കായി മനുഷ്യർ തെരുവിലിറങ്ങിയിട്ടുണ്ട്. പക്ഷേ മൈതാനത്ത് ഉയരുന്ന ഫുട്ബോൾ പതാകയ്ക്ക് കീഴിൽ നിൽക്കുമ്പോൾ, മനുഷ്യൻ പലതും ത്യജിക്കുന്നു. അതാണ് ഫുട്ബോളിന്റെ അത്ഭുതം.

ഈ ഫുട്ബോൾ പാരമ്പര്യം ഒരു തലമുറയുടെ ഓർമ്മയിൽ അവസാനിക്കുന്നതല്ല. ഓരോ തലമുറയും അതിലേക്ക് സ്വന്തം കഥ ചേർക്കുന്നുണ്ട്. ഒരാൾക്ക് അത് 1973-ലെ സന്തോഷ് ട്രോഫി. മറ്റൊരാൾക്ക് നാട്ടിലെ സെവൻസ് മൈതാനം. മറ്റൊരാൾക്ക് ലോകകപ്പിന്റെ രാത്രികൾ. മറ്റൊരാൾക്ക് സ്വന്തം കുട്ടി ധരിച്ച ആദ്യ ഫുട്ബോൾ ജഴ്സി.

ഓർമ്മകൾ മാറുന്നു. താരങ്ങൾ മാറുന്നു. മൈതാനങ്ങൾ മാറുന്നു. പക്ഷേ പന്തിന് പിന്നാലെ ഓടുന്ന മലയാളിയുടെ പ്രിയം മാറുന്നേയില്ല.

എം എം ജാഫർ ഖാൻ

X
Top