
ഒരു തലമുറ മുൻപ് നമ്മുടെ നാട്ടിൽ നാച്വറൽ മെറ്റീരിയൽസ് ധാരാളം ലഭ്യമായിരുന്നു. വുഡ്, ക്ലേ മുതലായവ. മുഖ്യമായും അത് ഉപയോഗിച്ചാണ് നമുക്കുള്ള വീടുകളും മറ്റ് നിർമ്മാണങ്ങളും നടത്തിയിരുന്നത്. അക്കാലത്ത് നിർമ്മിതികൾ നമ്മുടെ കാലാവസ്ഥയ്ക്ക് തീർത്തും അനുയോജ്യവുമായിരുന്നു. നല്ല വായു സഞ്ചാരമുള്ള നിർമിതി, മഴയെ മാനേജ് ചെയ്യാൻ പറ്റുന്ന ഘടന, കാലാവസ്ഥക്ക് അനുയോജ്യമായ റൂഫ് ടൈൽ, അതിന് പറ്റുന്ന തടി, ചെങ്കൽ ഭിത്തി – ഇതൊക്കെയായിരുന്നു പഴയകാല നിർമിതിയുടെ പ്രത്യേകതകൾ. ഇപ്പോൾ നമുക്ക് അത്രയും പ്രകൃതിദത്ത വിഭവങ്ങൾ കിട്ടാനില്ല. അതുകൊണ്ടുതന്നെ അതിന് ബദൽ ഉൽപ്പന്നങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ ചില പരിമിതികൾ സ്വാഭാവികമാണ്.
ഈ ഉല്പന്നങ്ങൾ കാലാവസ്ഥയുടെ പ്രശ്‌നങ്ങളെ അതിജീവിക്കുന്നവ ആകണമെന്നില്ല. ഫ്ലാറ്റ് റൂഫ് വന്നപ്പോൾ ചോർച്ചയ്ക്കുള്ള സാധ്യത കൂടി. കോൺക്രീറ്റിന് ഉഷ്ണകാലത്ത് ചൂടിനെയൊ, ശൈത്യകാലത്ത് തണുപ്പിനെയൊ തടഞ്ഞ് നമ്മെ പ്രൊട്ടക്ട് ചെയ്യാൻ കഴിയില്ല. പക്ഷെ ഇതൊക്കെ കാലാനുസൃതമായ മാറ്റങ്ങളാണ്. പോപ്പുലേഷൻ കൂടി വരുന്നതിന്റെ വെല്ലുവിളികളും ഉണ്ട്. ഇതൊന്നും നമുക്ക് മാറ്റാൻ കഴിയുന്നതല്ല.
കേരള ആർക്കിടെക്ചറും ആധുനിക സങ്കേതങ്ങളും ചേർത്ത് മുന്നോട്ടുപോകാനേ സാധിക്കൂ. നമ്മുടെ തനത് വാസ്തു കലയെ പരമാവധി ചേർത്തുനിർത്തിക്കൊണ്ട് തന്നെയാണ് നമ്മൾ ഇപ്പോഴും ഡിസൈനുകൾ ചെയ്യുന്നത്. അങ്ങനെ തന്നെ ആകണം നമ്മൾ മുന്നോട്ടു പോകേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.
ലോകത്തെമ്പാടുമുള്ള മലയാളികൾ പലയിടങ്ങളിലും കേരള ആർക്കിടെക്ചർ ചെയ്യുന്നുണ്ട്. യാത്ര ചെയ്യുമ്പോൾ ലോകത്ത് പലയിടത്തും നമ്മുടെ ശൈലിയിലുള്ള കെട്ടിടങ്ങൾ കണ്ടിട്ടുണ്ട്. അടുത്ത കാലത്ത് കാനഡയിലെ ടൊറൻ്റോയിലും കണ്ടു. ഇതെല്ലാം മലയാളികൾ ചെയ്തത് ആകണമെന്നില്ല. നമ്മുടെ ശൈലിയുടെ സ്വാധീനം കാരണവുമാകാം.
നമ്മുടെ നടുമുറ്റങ്ങൾ (Internal Courtyards) കേരള ആർക്കിടെക്ചറിന്‍റെ ഒരു പ്രത്യേക തനിമയായിരുന്നല്ലൊ. അത് വായുസഞ്ചാരം സുഗമമാക്കുന്നു എന്ന് മാത്രമല്ല, നമ്മുടെ കുടുംബ ബന്ധങ്ങളുടെ ഇടമായിരുന്നു. ഒത്തുചേരലുകളുടെ ഇടവുമായിരുന്നു. മാറിയ സാഹചര്യത്തിൽ പുതിയ നിർമ്മിതികളിൽ അതിനൊന്നും സ്പേസ് കൊടുക്കാൻ പറ്റാതെയായി. പലതിലും കോംപ്രമൈസ് ചെയ്യേണ്ട സാഹചര്യവും ഉണ്ട്.
ഞാൻ തന്നെ ഒരു 20 പ്രൊജക്റ്റ് ചെയ്യുമ്പോൾ അതിൽ ഒരെണ്ണമൊക്കെ മാത്രമാണ് കേരള ആർക്കിടെക്ചർ ശൈലിയിൽ ചെയ്യുന്നത്. നാച്വറൽ മെറ്റീരിയൽ പലതും കിട്ടാനില്ല, കിട്ടുന്നതിന് വിലയും കൂടുതലാണ്.
തടി തന്നെ കിട്ടാനില്ല. വില വളരെ അധികം. സ്‌റ്റീലും, അലൂമിനിയവും ഒക്കെ വാതിലുകൾക്കും ജനലുകൾക്കും തടിക്ക് പകരം ഉപയോഗിക്കേണ്ടി വരുന്നു.
ഞാൻ ഈ അടുത്ത് ആലുവയിൽ ഒരു നാലുകെട്ട് ശൈലിയിൽ ഉള്ള വീട് ചെയ്തിരുന്നു. പാലക്കാട് ഒക്കെ പോയാണ് മെറ്റീരിയൽ എത്തിച്ചത്.
സ്‌ലോപ്പ് റൂഫ് പോലുള്ള നമ്മുടെ സങ്കൽപ്പങ്ങൾ മഴയുള്ള ഇടങ്ങളിലൊക്കെ പകർത്താവുന്നത് തന്നെ. നമ്മുടെ നിർമാണ രീതികളുടെ തനിമകൾ പലതും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഒക്കെ പശ്ചാത്തലത്തിൽ ഭാവിയിൽ നല്ല സാധ്യത ഉള്ളതാണ്. വുഡൻ ഫ്ലോറും, ചെങ്കല്ലും, ക്ലേ ടൈലും ഒക്കെ ഏത് തീവ്ര കാലാവസ്ഥയിലും മിതമായ അന്തരീക്ഷം നൽകുന്നു
റസീന റഹിം
(പ്രശസ്ത ആർകിടെക്ട് ആണ് ലേഖിക)






