സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

കൈവിടാൻ കഴിയില്ലകേരളത്തെ

എല്ലാ വർഷവും വേനലവധിക്ക് ദുബായിൽ നിന്ന് ഞാനും സഹോദരിയും നാട്ടിൽ വരികയും കോട്ടയത്തും ചങ്ങനാശ്ശേരിയിലുമുള്ള ഗ്രാൻഡ് പേരന്റ്സിനോടൊപ്പം രണ്ട് മാസം ചെലവഴിക്കുകയും ചെയ്യുക പതിവായിരുന്നു. ഇത്തരത്തിൽ കസിൻസിനോടും നാട്ടിലെ ബന്ധുക്കളോടുമൊപ്പം സമയം ചെലവഴിച്ചത് കേരളത്തോട് ഒരു പ്രത്യേക അടുപ്പം വളർത്തിയെടുത്തു. യുഎഇയിലെ ജീവിതാനുഭവത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ജീവിതശൈലിയായിരുന്നു അത്.

ദുബായിലെ സ്കൂൾ പഠനത്തിന് ശേഷം ഉപരിപഠനം നാട്ടിൽ തന്നെയായിരുന്നു.
ദുബായിൽ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും, എന്റെ മാതാപിതാക്കൾക്ക് തോന്നിയത് പൂർണ്ണമായ അക്കാദമിക് മികവിലേക്ക് എത്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മത്സരം അവിടെ കുറവായിരുന്നു എന്നാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് യുഎഇയ്ക്ക് അത്ര പ്രശസ്തിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാനും സഹോദരിയും അമ്മയോടൊപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറി. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനും മലയാളം വായിക്കാനും എഴുതാനുമൊക്കെ കുറച്ചു ബുദ്ധിമുട്ട് നേരിട്ടെങ്കിലും ഞങ്ങൾ മുൻപോട്ട് പോയി.

ശാസ്ത്ര വിഷയങ്ങളോട് എനിക്ക് താൽപര്യമുണ്ടായിരുന്നു. ഒരു ഡോക്ടറാകുന്നതാണ് സമൂഹത്തെ സേവിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഞാൻ കരുതി. നീറ്റ് പരീക്ഷ, ഇന്ത്യൻ ജനതയ്ക്ക് പ്രവേശന പരീക്ഷകളോടുള്ള ആസക്തിയും അത് വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദവും മനസ്സിലാക്കിത്തന്ന കഠിനമായ ഒരു അനുഭവമായിരുന്നു. അടുത്തിടെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്തു. 2019-ലാണ് കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേർന്നത്. 2025-ൽ ഹൗസ് സർജൻസി പൂർത്തിയാക്കി.

നമ്മുടെ സർക്കാർ മെഡിക്കൽ വിദ്യാഭ്യാസം അതിന്റെ പ്രശസ്തിക്ക് യോജിച്ച രീതിയിൽ മികവോടെ പ്രവർത്തിക്കുകയും സമൂഹത്തെ സേവിക്കാൻ ആവശ്യമായ ഏറ്റവും മികച്ച കഴിവുകൾ വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്യുന്നു. എന്നാൽ വാർഡുകളിലും കാഷ്വാലിറ്റിയിലുമുള്ള ഉറക്കമില്ലാത്ത രാത്രികൾ നമ്മുടെ മെഡിക്കൽ സംവിധാനം പൂർണ്ണ മികവിൽ നിന്ന് വളരെ അകലെയാണെന്ന് എന്നെ ഓർമ്മിപ്പിച്ചു. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് സമൂഹത്തിന് മികച്ച ചികിത്സ നൽകാൻ ശ്രമിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകളെ, അമിത ജോലിഭാരം പലപ്പോഴും തളർത്തിക്കളയുന്നു.

പോസ്റ്റ് ഗ്രാജുവേറ്റ് പരിശീലനത്തിന്റെ വർധിച്ചു വരുന്ന സമ്മർദ്ദവും, അതികഠിനമായ പിജി പ്രവേശന പരീക്ഷയും, മെഡിക്കൽ പ്രവർത്തകർക്കെതിരായ വർധിച്ചുവരുന്ന അക്രമങ്ങളുമൊക്കെ സമീപകാലത്ത് നമ്മുടെ ഡോക്ടർമാരെ യുഎസ്എ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ മുമ്പത്തേക്കാൾ കൂടുതൽ തത്പരരാക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നത് ഉയർന്ന ശമ്പളവും വളരെ മെച്ചപ്പെട്ട ജോലി-ജീവിത സന്തുലിതാവസ്ഥയും നൽകുന്നുണ്ടെന്നതും യാഥാർത്ഥ്യമാണ്.

എന്നാൽ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ പഠിച്ചതുകൊണ്ട് തന്നെ, ഈ സംസ്ഥാനത്തെ ജനങ്ങൾക്കായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തബോധം എനിക്ക് കൂടുതലായുണ്ട്. കാരണം ഒരു ഡോക്ടറെ പരിശീലിപ്പിക്കാൻ സംസ്ഥാനം ഗണ്യമായ തോതിൽ വിഭവങ്ങൾ ചെലവഴിക്കുന്നു. എന്നാൽ സമീപഭാവിയിലും നമ്മുടെ മെഡിക്കൽ സംവിധാനങ്ങൾ ഗണ്യമായ വിധത്തിൽ മെച്ചപ്പെടുമെന്ന് കരുതുക വയ്യ. ലൈഫ് സ്റ്റൈൽ രംഗത്തും ഈ പരിമിതികളുണ്ട്. കോട്ടയം പോലെയുള്ള ഒരു സ്ഥലത്ത് യുവാക്കൾക്ക് വിനോദത്തിനുള്ള സാധ്യതകൾ പരിമിതമാണ്. അതിനാൽ പുതിയ ഭക്ഷണങ്ങളും അനുഭവങ്ങളും പരീക്ഷിക്കാൻ ഞാനും എന്റെ സഹപ്രവർത്തകരും പലപ്പോഴും കൊച്ചി നഗരത്തിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നു. കൂടുതൽ യുവാക്കൾ സംസ്ഥാനം വിട്ടുപോകാൻ തീരുമാനിക്കാനുള്ള ഒരു പ്രധാന കാരണവും ഇത് തന്നെയാണ്.

യുവജനങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയുടെ അതിപ്രസരം ഉണ്ടെന്നത് വസ്തുതയാണ്. വ്യക്തിപരമായി ഞാൻ സോഷ്യൽ മീഡിയയുടെ ഉപയോഗം കുറച്ചിട്ടുണ്ട്. ഇൻഫ്ലുവൻസർമാരിൽ നിന്നുള്ള സെലക്ടീവ് ആയതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം പലപ്പോഴും യുവാക്കൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ഉത്കണ്ഠയ്ക്കും വിഷാദത്തിനും ഏകാന്തതക്കുമൊക്കെ സോഷ്യൽ മീഡിയ തീർച്ചയായും ഒരു പങ്ക് വഹിക്കുന്നുണ്ട്.

ഡോ: ജോസഫ് കുര്യൻ കുരിശുമൂട്ടിൽ
(കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസ് പൂർത്തിയാക്കി. ജനിച്ചു വളർന്നത് ദുബയിൽ. പിതാവ് റോയ് ജോസഫ് ചങ്ങനാശേരി സ്വദേശി)

X
Top