സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

സിംഗപ്പൂരിലെ മലയാളത്തനിമ

സിംഗപ്പൂരിൽ ജനിച്ചു വളർന്നെങ്കിലും, മനസ്സിൽ ഇന്നും കേരളത്തെ ചേർത്തു പിടിക്കുന്ന ഒരു മലയാളിയുടെ വിശേഷങ്ങൾ

അംബാസഡർ കാറിലെ യാത്രകൾ, വലിയ കുടുംബ സംഗമങ്ങൾ, ഫാമിൽ കോഴികളെ പിടിക്കാൻ ഓടുന്നതും ആടിൻകുട്ടികളോടൊപ്പം കളിക്കുന്നതും, മുറ്റത്ത് ഓടിക്കളിക്കുന്നതും, കറണ്ട് പോകുമ്പോൾ മണ്ണെണ്ണ വിളക്കിനു ചുറ്റും കൂടിയിരിക്കുന്നതും എല്ലാം മറക്കാനാവാത്ത ഓർമ്മകളാണ്. സ്മാർട്ട് ഫോണുകളുടെ ശല്യമില്ലാത്ത ലളിതമായ കാലം, ഇന്നത്തേതിനേക്കാൾ തണുപ്പുള്ള കാലാവസ്ഥ – അതൊക്കെ ഇപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു. ഇന്നു നഷ്ടമായിപ്പോയ, മനസ്സിൽ തങ്ങിനിൽക്കുന്ന കേരളത്തിലെ മനോഹരമായ ഓർമ്മകൾ ഇവയൊക്കെയാണ്.

കേരളം വിട്ട് സിംഗപ്പൂരിൽ സ്ഥിരതാമസമാക്കിയതിനു ശേഷവും ഓണം ആഘോഷിക്കാറുണ്ട്; എന്നാൽ വളരെ ലളിതമായ രീതിയിൽ. എല്ലാ വർഷവും കുടുംബം ഒത്തുകൂടി ഓണസദ്യ കഴിക്കും. അതുകൂടാതെ അയൽപക്കത്തെ മലയാളി കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന വാർഷിക ഓണാഘോഷത്തിലും മുടക്കം കൂടാതെ പങ്കെടുക്കാറുണ്ട്. അവിടെ പൂക്കളം, ഓണസദ്യ, തിരുവാതിരക്കളി, ഓണത്തെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകളും മറ്റ് പരിപാടികളും ഒക്കെയായി കൂടുതൽ വിപുലമായ ആഘോഷമാണ്. ആ പരിപാടിക്ക് ഞങ്ങൾ മുണ്ടും കേരള സാരിയും ഒക്കെ ധരിക്കും.

ഈ വർഷം, കൂട്ടുകാരുടെ കൂടെ സിംഗപ്പൂർ കൈരളീ കലാ നിലയം സംഘടിപ്പിച്ച വള്ളംകളി മത്സരത്തിൽ ഞാനും പങ്കെടുത്തു. കേരളത്തിലെ ചുണ്ടൻ വള്ളത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായ ചൈനീസ് ഡ്രാഗൺ ബോട്ടുകൾ ആണ് ഉപയോഗിച്ചതെങ്കിലും, ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഞങ്ങളുടെ കുടുംബം സിംഗപ്പൂരിലെ എസ്പ്ലനേഡ് തിയേറ്ററിൽ നടന്ന ‘ഓണ നൈറ്റ് 2026’ സംഗീത പരിപാടിയിലും പങ്കെടുത്തു, കേരളത്തിൽ നിന്നുള്ള പ്രമുഖ കലാകാരന്മാർ അവിടെ ഉണ്ടായിരുന്നു.

മാതാപിതാക്കളുടെ നാടായ കേരളവുമായുള്ള വൈകാരിക ബന്ധത്തിന് ഒട്ടും കുറവില്ല. ഞാൻ ജീവിച്ചു വളർന്ന സിംഗപ്പൂർ എന്ന രാജ്യത്തോടുള്ളതിനേക്കാൾ വളരെ ശക്തമായ സാംസ്കാരിക ബന്ധം എന്റെ ഇന്ത്യൻ – മലയാളി വേരുകളുമായിട്ടാണ് എനിക്കുള്ളത്. വിദേശത്ത് യാത്ര ചെയ്യുമ്പോൾ ആളുകൾ എവിടെ നിന്നാണെന്ന് ചോദിക്കുമ്പോൾ, ആദ്യം എന്റെ ഇന്ത്യൻ വേരുകളെക്കുറിച്ചും പിന്നീട് സിംഗപ്പൂരിൽ ആണ് താമസം എന്നും പറയാനാണ് എനിക്ക് ഇഷ്ടം. ഒരു ഇന്ത്യക്കാരൻ എന്ന നിലയിലുള്ള എന്റെ സാംസ്കാരിക അഭിമാനം എന്റെ വ്യക്തിപരമായ ഒന്നാണ്, ഒരു വിദേശ സംസ്കാരത്തിനും അത് മായ്ച്ചു കളയാൻ കഴിയില്ല.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ചരിത്രവും, ഏറ്റവും വൈവിധ്യമാർന്ന സംസ്കാരങ്ങളും, മനുഷ്യന് അറിയാവുന്ന ഏറ്റവും വലിയ ജനാധിപത്യവുമാണ് നമുക്കുള്ളത്. രാഷ്ട്രീയം, ബിസിനസ്സ്, സാങ്കേതികവിദ്യ, അക്കാദമിക് മേഖല തുടങ്ങി എല്ലാ മേഖലയിലും ആഗോള ഇന്ത്യൻ പ്രവാസികൾ തങ്ങളുടെ കാൽപ്പാടുകൾ പതിപ്പിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ ഏറ്റവും നല്ല നാളുകൾ ഇനിയും മുന്നിലുണ്ട്.

കേരള ഭക്ഷണവുമായി എനിക്ക് ഒരു സമ്മിശ്ര ബന്ധമാണുള്ളത്. മിക്ക കേരള വീടുകളിലെയും പ്രധാന ഭക്ഷണമായ വെള്ള ചോറ് ഞാൻ ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കുന്നു. എല്ലാ വർഷവും കേരളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ മാത്രമാണ് ഞാൻ വീട്ടിൽ വെള്ള ചോറ് കഴിക്കാറുള്ളത്. രുചി, സൗകര്യം, ഭക്ഷണത്തിലെ അധിക കാർബോഹൈഡ്രേറ്റ് കുറയ്ക്കാനുള്ള ആഗ്രഹം എന്നിവ കൊണ്ടാണ് അങ്ങനെ ചെയ്തത്. ചോറ് മാറ്റി നിർത്തിയാൽ, എനിക്ക് ഏറെ ഇഷ്ടമുള്ള കേരള വിഭവങ്ങൾ ഉണ്ട്: സ്റ്റൂവിനൊപ്പം അപ്പം, പുട്ടും പഴവും, ബീഫ് ഫ്രൈ, പത്തിരി. അതിലും രുചികരമായത് കേരളത്തിലെ ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളുമാണ്: ഇലയട, പഴംപൊരി, ഉണ്ണിയപ്പം. പക്ഷേ, ചെറുപയർ പായസവും പഴവും പപ്പടവും കൂടിയുള്ള കോമ്പിനേഷൻ സമാനതകളില്ലാത്ത അനുഭവമാണ്.

എന്റെ അമ്മ ഒരു മികച്ച പാചകക്കാരി കൂടിയാണ്. ഇപ്പറഞ്ഞ ലഘുഭക്ഷണങ്ങളും വിഭവങ്ങളുമൊക്കെ സ്വാദിഷ്ഠമായി ഉണ്ടാക്കാൻ അമ്മക്ക് പ്രത്യേക കൈപ്പുണ്യമാണ്. അമ്മയുടെ അമ്പലപ്പുഴ പാൽപായസം പ്രത്യേക പരാമർശം അർഹിക്കുന്നു, അത്രയ്ക്ക് രുചികരമാണത്.

സാമ്പത്തിക തലം കൂടി കണക്കിലെടുക്കുമ്പോൾ സമീപ ഭാവിയിലൊന്നും ഇന്ത്യയിലേക്ക് തിരിച്ചു വന്ന് സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. എന്നാൽ, ഇന്ത്യ മുഴുവൻ ബാക്ക്പാക്ക് ചെയ്ത് യാത്ര ചെയ്യണമെന്ന് ഞാൻ സ്വപ്നം കാണുന്നു, ഒരുപക്ഷേ ഒറ്റയ്ക്ക് തന്നെ. ഓരോ സംസ്ഥാനത്തിലൂടെയും സഞ്ചരിച്ച് മാതൃരാജ്യം നൽകുന്ന മികച്ച കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കണം. ലേ ലഡാക്കിലെ മലനിരകൾ മുതൽ രാജസ്ഥാനിലെ മരുഭൂമികളും കേരളത്തിലെ കായലുകളും വരെ; ഒരു ജീവിതകാലം മുഴുവൻ കാണാനും അനുഭവിക്കാനും വേണ്ട സ്ഥലങ്ങളുണ്ട് നമുക്ക്.

വീട്ടിൽ മലയാളം സംസാരിക്കുന്നത്, സിംഗപ്പൂരിലെ എന്റെ കുടുംബം, കേരളത്തിലെ എന്റെ ബന്ധുക്കൾ, എന്റെ ഇന്ത്യൻ വേരുകളോട് ചേർന്നു നിൽക്കുന്ന അടരാൻ കഴിയാത്ത വ്യക്തിത്വവും അഭിമാനവും… ഇതൊക്കെ ഇപ്പോഴും എന്നെ കേരളവുമായി ബന്ധിപ്പിച്ചു നിർത്തുന്നു. വർഷത്തിൽ രണ്ടോ മൂന്നോ സിനിമകൾ മാത്രം കാണുന്ന ഒരാളാണെങ്കിലും മലയാള സിനിമ പൂർണമായി ഒഴിവാക്കാറില്ല. അവസാനമായി കണ്ട മലയാള സിനിമ ദൃശ്യം 3 ആയിരുന്നു. ഈ വർഷം മെയ് മാസത്തിൽ റിലീസ് ചെയ്തപ്പോൾ സിംഗപ്പൂരിലെ ഒരു ലോക്കൽ സിനിമാ തിയേറ്ററിൽ ഞങ്ങളുടെ കുടുംബം ഒന്നിച്ചു കണ്ടു. വ്യക്തിപരമായി എനിക്ക് സിനിമ ഇഷ്ടപ്പെട്ടു, പക്ഷേ ദൃശ്യം, ദൃശ്യം 2 എന്നിവ വെച്ച നിലവാരം എത്തിയില്ല എന്ന് തോന്നി.
‘ഇയോബിന്റെ പുസ്തകം’ എന്ന സിനിമയിലെ ‘റാവേ’ എന്ന ഗാനം ഏറെയിഷ്ടമാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും സ്വപ്നതുല്യമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ച മ്യൂസിക് വീഡിയോ കൊണ്ട് ഞാൻ ആ പാട്ട് ഓർക്കുന്നു. കാണാൻ എത്ര സുന്ദരമാണോ, അതിനേക്കാൾ കേൾക്കാൻ സുഖമുള്ള ഒരു സ്ലോ സോങ്ങ് ആണ് അത്. ‘പറവ’ എന്ന സിനിമയിലെ ‘പ്യാർ പ്യാർ’ – ഇതിന് നേരെ വിപരീതമായി, വേഗതയേറിയതും ഊർജ്ജസ്വലവുമായ മെലഡിയുള്ള ഒരു ഗാനമാണത്.

കേരളത്തിൽ വരുമ്പോൾ വ്യത്യസ്തവും കൗതുകകരവുമായ അനുഭവങ്ങളും കുറവല്ല. ഒരിക്കൽ രാത്രി വൈകി ഷർട്ട് ഇടാതെ അയൽവാസിയുടെ വീടിനു മുന്നിലൂടെ നടന്നപ്പോൾ, എന്റെ ഹെയർസ്റ്റൈലും രൂപവും കാരണം സംശയാസ്പദമായ വ്യക്തിയാണെന്ന് കരുതി അയാൾ പേടിച്ച് മറ്റുള്ളവരെ സഹായത്തിനു വിളിച്ചു!

റോവിൻ തോമസ്
(ജനിച്ചതും വളർന്നതും സിംഗപൂരിൽ. അവിടെ തന്നെ ജോലി ചെയ്യുന്നു. പിതാവ് പെരുമ്പാവൂർ സ്വദേശി)

X
Top