Alt Image
പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆ ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട് ◆ ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് ◆

ബിസ്കറ്റ് വിപണിയിൽ ‘യുദ്ധം’; ബ്രിട്ടാനിയയെ ലക്ഷ്യമിട്ട് റിലയൻസ്

ന്യൂഡൽഹി: ടെലികോം വിപണിയിൽ ജിയോയിലൂടെയും സോഫ്റ്റ് ഡ്രിങ്ക്‌ വിപണിയിൽ കാമ്പ കോളയിലൂടെയും വൻ അട്ടിമറി നടത്തിയ മുകേഷ് അംബാനിയുടെ റിലയൻസ്, അടുത്തതായി ലക്ഷ്യമിടുന്നത് ഇന്ത്യയിലെ 55,000 കോടി രൂപയുടെ ബിസ്കറ്റ് വിപണി.

ഇന്ത്യൻ അടുക്കളകളിലും ചായമേശകളിലും പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ബിസ്കറ്റ് വിപണിയിൽ വൻ മാറ്റങ്ങൾക്കാണ് അണിയറയിൽ കളമൊരുങ്ങുന്നത്. എഫ്എംസിജി മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള റിലയൻസിന്റെ നീക്കവും, പരമ്പരാഗത വിപണി വിഹിതം സംരക്ഷിക്കാനുള്ള ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ പ്രതിരോധവും വരും ദിവസങ്ങളിൽ ഇന്ത്യയിലെ റീട്ടെയിൽ വിപണിയുടെ ഘടന തന്നെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിസ്കറ്റിൽ ബ്രിട്ടാനിയയുടെ വിപണി വിഹിതം ഏകദേശം 32 ശതമാനവും പാർലെയുടേത് 29 ശതമാനവും ഐടിസിയുടേത് 11 ശതമാനവുമാണ്.

ആ വിപണിയിലേക്കാണ് ‘ഇൻഡിപെൻഡൻസ്’ എന്ന ബ്രാൻഡിന് കീഴിൽ റിലയൻസ് വിപുലമായ ബിസ്കറ്റ് ശ്രേണിയുമായി രംഗത്തിറങ്ങുന്നത്. ശ്രീലങ്കൻ ബിസ്കറ്റ് നിർമ്മാതാക്കളായ ‘മാലിബാനുമായുള്ള’ പങ്കാളിത്തത്തിന് പുറമെ, ഇൻഡിപെൻഡൻസ് ബ്രാൻഡിൽ ഒമ്പത് വേരിയന്റുകളിലായി 28 ഉൽപ്പന്നങ്ങളാണ് റിലയൻസ് വിപണിയിലിറക്കിയിരിക്കുന്നത്.

പവർ അപ്പ്, ബട്ടർ ബ്ലിസ്സ്, മിൽക്കി പവർ, മാരി പ്രൈം, ക്രീംയം, ഗ്ലൂക്കോസ് ബൂസ്റ്റ് തുടങ്ങിയ പേരുകളിലാണ് ഈ ഉൽപ്പന്നങ്ങൾ എത്തുന്നത്. തമിഴ്‌നാട്ടിൽ വിതരണവും നിർമ്മാണ ശേഷിയും വർധിപ്പിച്ച് തുടങ്ങിയ നീക്കം ഉടൻ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് റിലയൻസിന്റെ പദ്ധതി.

കാമ്പ കോളയുമായി സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയെ ഇളക്കിയ റിലയൻസിന്റെ കടന്നുവരവ് ബിസ്കറ്റ് വിപണിയിൽ വലിയൊരു പ്രൈസ് വാറിനാകും വഴിവെക്കുക. പ്രമുഖ ബ്രാൻഡുകളേക്കാൾ കുറഞ്ഞ വിലയ്ക്ക് വരെ റിലയൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയേക്കുമെന്നാണ് പുറത്തുവരുന്നവിവരം.

റിലയൻസിന്റെ ഈ നീക്കത്തെ പ്രതിരോധിക്കാൻ ബ്രിട്ടാനിയ, പാർലെ തുടങ്ങിയ മുൻനിര കമ്പനികൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാനോ, അതേ വിലയ്ക്ക് കൂടുതൽ അളവ് നൽകാനോ നിർബന്ധിതരാകേണ്ടി വരും. അഞ്ച് രൂപ, പത്ത് രൂപ നിരക്കിലുള്ള പാക്കറ്റുകളിൽ കമ്പനികൾ തമ്മിലുള്ള മത്സരവും കടുക്കും.

എന്നാൽ കാമ്പ കോളയിലൂടെ സോഫ്റ്റ് ഡ്രിങ്ക് വിപണിയിൽ റിലയൻസ് നടത്തിയ വിലക്കിഴിവ് തന്ത്രം ബിസ്കറ്റ് മേഖലയിൽ അത്ര എളുപ്പമാകില്ല. കാരണം, ഇന്ത്യൻ ബിസ്കറ്റ് വിപണിയുടെ വലിയൊരു പങ്കും നിലവിൽത്തന്നെ അഞ്ച് രൂപ, പത്ത് രൂപ നിരക്കുകളിലാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടാനിയ സിഇഒയും എംഡിയുമായ രക്ഷിത് ഹർഗാവെ ഇത് വ്യക്തമാക്കുകയും ചെയ്തു.

‘കോള വിപണിയിൽ 5-10 രൂപ കിഴിവ് നൽകി വിപ്ലവം സൃഷ്ടിക്കുന്നത് പോലെ എളുപ്പമല്ല ബിസ്കറ്റ് മേഖല. ഇവിടെ ഭൂരിഭാഗം കച്ചവടവും അഞ്ച്- പത്ത് രൂപയുടെ പാക്കറ്റുകളിലാണ് നടക്കുന്നത്. എങ്കിലും റിലയൻസിനെ കരുത്തരായ എതിരാളികളായിത്തന്നെ കാണുന്നുവെന്ന പ്രതികരണം റിലയൻസിനെ പ്രതിരോധിക്കാനുള്ള ശ്രമം ബ്രിട്ടാനിയ തുടങ്ങിക്കഴിഞ്ഞുവെന്നുറപ്പാണ്.

വിലകുറക്കുക എന്ന തന്ത്രത്തിനൊപ്പം കൂടുതൽ അളവിൽ നൽകുക എന്ന തന്ത്രമാകും റിലയൻസ് പയറ്റുക. ഇതിനൊപ്പം ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സാധാരണ പലചരക്ക് കടകൾ പിടിച്ചെടുക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

പരമ്പരാഗത എഫ്എംസിജി കമ്പനികൾ വ്യാപാരികൾക്ക് നൽകുന്നതിനേക്കാൾ ഉയർന്ന കമ്മീഷനും മാർജിനുമാണ് റിലയൻസ് വാഗ്ദാനം ചെയ്യുന്നതെന്ന് കേൾക്കുന്നു. ജിയോമാർട്ട് പാർട്ണർ വഴി ഇടനിലക്കാരില്ലാതെ സാധനങ്ങൾ നേരിട്ടെത്തിക്കുന്നതോടെ, വ്യാപാരികൾ റിലയൻസ് ഉൽപ്പന്നങ്ങൾ കൂടുതൽ വിറ്റഴിക്കാൻ താൽപ്പര്യം കാണിച്ചേക്കാം.

ഇത് മറികടക്കാൻ ബ്രിട്ടാനിയയ്ക്കും വ്യാപാരികൾക്കുള്ള ആനുകൂല്യങ്ങളും ഇൻസെന്റീവുകളും വർധിപ്പിക്കേണ്ടി വരും.

റിലയൻസ് റീട്ടെയിലിന്റെ നിയന്ത്രണത്തിലുള്ള റിലയൻസ് സ്മാർട്ട്, റിലയൻസ് ഫ്രഷ് സ്റ്റോറുകളിൽ ബ്രിട്ടാനിയ ഉൾപ്പെടെയുള്ള മറ്റ് ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ പിന്നിലേക്ക് തള്ളപ്പെടാനും, റിലയൻസിന്റെ ഉൽപ്പന്നങ്ങൾക്ക് മുൻഗണന ലഭിക്കാനും സാധ്യതയുണ്ട്.

സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ ഉയർന്ന മാർജിൻ നൽകാൻ ബ്രിട്ടാനിയ തയ്യാറായില്ലെങ്കിൽ, മെട്രോ നഗരങ്ങളിലെ വിപണിയിൽ അത് ബ്രിട്ടാനിയക്ക് തിരിച്ചടിയായേക്കും.

റിലയൻസിന്റെ സ്വാധീനം സൂപ്പർമാർക്കറ്റുകളിലും നഗരങ്ങളിലും വേഗത്തിൽ പടരുമ്പോൾ, ബ്രിട്ടാനിയ തങ്ങളുടെ കരുത്തായ ഗ്രാമീണ വിതരണ ശൃംഖലയെ കൂടുതൽ ആശ്രയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലേക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ശക്തമാക്കാനും, കൂടുതൽ പ്രീമിയം-ഹെൽത്തി ബിസ്കറ്റുകൾ വിപണിയിലെത്തിച്ച് ഉയർന്ന വരുമാനമുള്ള ഉപഭോക്താക്കളെ നിലനിർത്താനുമാകും ബ്രിട്ടാനിയ ശ്രമിക്കുക.

ടെലികോം വിപണിയിൽ ജിയോ വരുത്തിയ വിപ്ലവം പോലെ, റിലയൻസിന്റെ മൂലധന ശേഷിയും ലോജിസ്റ്റിക്സ് കരുത്തും ബിസ്കറ്റ് വിപണിയിലെ സമവാക്യങ്ങളെ അടിമുടി മാറ്റുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

പതിറ്റാണ്ടുകളുടെ ബ്രാൻഡ് വിശ്വാസ്യതയുള്ള ബ്രിട്ടാനിയയും വിപണി പിടിച്ചെടുക്കാൻ ഇറങ്ങിത്തിരിച്ച റിലയൻസും തമ്മിലുള്ള പോരാട്ടം ഇന്ത്യൻ ഉപഭോക്തൃ വിപണിയിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കമിടുന്നത്.

X
Top