Alt Image
പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆ ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട് ◆ ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് ◆

ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിക്ഷേപ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ശക്തമാകുന്നു. വായ്പാ വളര്‍ച്ചയിലെ വേഗവും കമ്പനികളുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനയും സ്വകാര്യ മേഖലയിലെ മൂലധന ചെലവ് (Capital Expenditure) ഉയരുന്നതിന്റെ സൂചനകളാണെന്ന് HSBC റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ ഊര്‍ജവില കുറയാന്‍ സാധ്യതയുള്ളതും കമ്പനികളുടെ ലാഭവിഹിതത്തിന് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

സ്വകാര്യ നിക്ഷേപത്തില്‍ ഉണര്‍വ്
‘Why os down on India?’ എന്ന തലക്കെട്ടില്‍ നവംബര്‍ 6ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് HSBC ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. ഉയര്‍ന്ന ഊര്‍ജവിലയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മൂലം സേവന കയറ്റുമതി മേഖലയിലുണ്ടാകാവുന്ന ആഘാതവും സംബന്ധിച്ച ആശങ്കകള്‍ പുനഃപരിശോധിക്കേണ്ട സമയമാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വാണിജ്യ മേഖലയിലേക്കുള്ള ധനവിനിയോഗം ജിഡിപിയുടെ 6.6 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4.7 ശതമാനമായിരുന്നു. വന്‍കിട കമ്പനികളിലേക്കുള്ള വായ്പാ വളര്‍ച്ചയില്‍ പ്രത്യേകിച്ചും വലിയ മുന്നേറ്റമുണ്ടായി.

അടിസ്ഥാന സൗകര്യങ്ങളിലും ഉല്‍പ്പാദന മേഖലയിലുമുള്‍പ്പെടെ വലിയ നിക്ഷേപ പദ്ധതികള്‍ നടപ്പാക്കുന്ന കമ്പനികള്‍ കൂടുതല്‍ വായ്പയെടുക്കുന്നത് വരാനിരിക്കുന്ന Capex വര്‍ധനയുടെ സൂചനയായാണ് HSBC കാണുന്നത്. ചെറുകിട സ്ഥാപനങ്ങളും വായ്പയെടുക്കല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

കമ്പനികളുടെ വരുമാനത്തിലും വര്‍ധന
കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരി വളര്‍ച്ചാ നിരക്കിനെ മറികടന്ന് കമ്പനികളുടെ വരുമാന വളര്‍ച്ച നാമമാത്രമായും യഥാര്‍ഥമായും മുന്നേറിയിട്ടുണ്ട്. പലിശനിരക്കുകള്‍ ഉയര്‍ന്നുനില്‍ക്കുമ്പോഴും കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനികള്‍ക്ക് പ്രേരണയാകുന്നതാണ് ഈ വരുമാന വര്‍ധന.

HSBC ഇന്ത്യ ഇക്കണോമിക്‌സ് ടീം നിരീക്ഷിക്കുന്ന നൂറോളം സാമ്പത്തിക വളര്‍ച്ചാ സൂചകങ്ങളില്‍ ഏകദേശം 70 ശതമാനവും ഏറ്റവും പുതിയ പാദത്തില്‍ സമ്പദ്വ്യവസ്ഥയുടെ വികാസമാണ് സൂചിപ്പിച്ചത്. രണ്ടാം പാദത്തില്‍ ഇത് 55 ശതമാനത്തില്‍ താഴെയായിരുന്നു.

വിദേശ നിക്ഷേപത്തിലും പ്രതീക്ഷ
ഇന്ത്യയിലെ തുടര്‍ച്ചയായ സാമ്പത്തിക വളര്‍ച്ചയും പരിഷ്‌കാരങ്ങളും വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) വീണ്ടും വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍. ഡാറ്റാ സെന്റര്‍ മേഖലയിലെ വന്‍തോതിലുള്ള നിക്ഷേപവും ഇതിന് പിന്തുണയാകും. എന്നാല്‍ ഡാറ്റാ സെന്ററുകള്‍ക്കാവശ്യമായ വിലകൂടിയ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി ഇറക്കുമതി ചെലവ് വര്‍ധിപ്പിച്ചേക്കാം.

അടിസ്ഥാന സൗകര്യ വികസനവും കയറ്റുമതിയും കരുത്ത്
സെവന കയറ്റുമതിയിലെ വളര്‍ച്ച ആഗോള എണ്ണവില വര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചു. ഇതോടെ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിതമായും സ്ഥിരമായും തുടരാന്‍ കഴിഞ്ഞു. ആഗോള വ്യാപാര വളര്‍ച്ച ദുര്‍ബലമായിട്ടും ഇന്ത്യയുടെ ഉല്‍പ്പന്ന കയറ്റുമതിയില്‍ അടുത്തിടെ ഉണ്ടായ മുന്നേറ്റം വിപണിവിഹിതം വര്‍ധിക്കുന്നതിന്റെ സൂചനയാണെന്നും HSBC വിലയിരുത്തുന്നു.

കോവിഡ് കാലത്തിന് മുമ്പ് ജിഡിപിയുടെ രണ്ട് ശതമാനത്തില്‍ താഴെയായിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവ് ഇപ്പോള്‍ പ്രതിവര്‍ഷം മൂന്ന് ശതമാനത്തിന് മുകളിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഈ ചെലവ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പിന്തുണയാണ്.

അതേസമയം, മഴക്കുറവും തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങളും ഗ്രാമീണ ആവശ്യകതയെ ബാധിക്കുന്നുണ്ട്. പണപ്പെരുപ്പം കുടുംബങ്ങളുടെ ചെലവുഭാരം വര്‍ധിപ്പിക്കുന്നതിനൊപ്പം കമ്പനികളുടെ ലാഭവിഹിതത്തെയും സമ്മര്‍ദത്തിലാക്കുന്നു.

വരും മാസങ്ങളില്‍ ആഗോള ഊര്‍ജവില കുറയുന്നത് ഈ സമ്മര്‍ദത്തിന് വലിയ ആശ്വാസമാകുമെന്ന് HSBC പ്രതീക്ഷിക്കുന്നു. ഉപഭോക്തൃ വിലപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. എന്നാല്‍ പണപ്പെരുപ്പത്തില്‍ പെട്ടെന്നൊരു തിരിച്ചുവരവ് ഉറപ്പാണെന്ന് പറയാനാകില്ലെന്നും HSBC മുന്നറിയിപ്പ് നല്‍കുന്നു.

X
Top