
പശ്ചിമേഷ്യൻ സംഘർഷങ്ങളും ചരക്കുകൂലി വർദ്ധനവും കാരണം കപ്പൽവാടക നാലിരട്ടിയായി ഉയർന്നതോടെ, ഇറക്കുമതിക്കായി സ്വന്തം ടാങ്കറുകൾ വാങ്ങാൻ തീരുമാനിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ക്രൂഡ് ഓയിലും എൽ.പി.ജിയും സുരക്ഷിതമായി രാജ്യത്തെത്തിക്കാനും ഗതാഗതച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നീക്കം. സ്വന്തമായി ടാങ്കർ കപ്പലുകൾ വാങ്ങുന്നതിനായി കമ്പനി ടെൻഡറുകൾ ക്ഷണിച്ചു കഴിഞ്ഞു.
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തുതന്നെ കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള സാധ്യതകളും ഇന്ത്യൻ ഓയിൽ പരിശോധിക്കുന്നുണ്ട്. സാധാരണയായി ടണ്ണിന് 40 ഡോളറായിരുന്ന എൽ.പി.ജി ചരക്കുനീക്ക നിരക്ക് നിലവിൽ 160 മുതൽ 180 ഡോളർ വരെയായി ഉയർന്നിട്ടുണ്ട്.
വാടകക്കപ്പലുകൾക്ക് ബാരലിന് 8-10 ഡോളർ വരെ നൽകേണ്ടിവരുമ്പോൾ, സ്വന്തം കപ്പലുകളിലൂടെ തുക ഗണ്യമായി കുറയ്ക്കാൻ കഴിയും. ചരക്കുനീക്ക നിയന്ത്രണം സ്വന്തമാക്കുന്നതിനൊപ്പം ഇന്ധന സംഭരണശേഷിയും കമ്പനി വർദ്ധിപ്പിച്ചിട്ടുണ്ട്.
2026-27 സാമ്പത്തിക വർഷത്തിൽ ക്രൂഡ് ആവശ്യകതയുടെ 55 ശതമാനവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. നിലവിൽ 39 ദിവസത്തേക്കുള്ള ക്രൂഡ് ശേഖരവും 20 ദിവസത്തേക്കുള്ള എൽ.പി.ജി ശേഖരവും കമ്പനി കരുതിവെച്ചിട്ടുണ്ട്.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്തിന്റെ ഊർജ്ജസുരക്ഷ ഉറപ്പാക്കുകയാണ് ഈ തന്ത്രപരമായ മാറ്റത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.






