
മുംബൈ: ദീപാവലിക്ക് പിന്നാലെ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ വൻ കുതിപ്പ്. 2026 അവസാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 46 ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 6,000 ഡോളറിലെത്തുമെന്നാണ് ആഗോള നിക്ഷേപ ബാങ്കായ ജെ.പി. മോർഗന്റെ പുതിയ പ്രവചനം. ഇതോടെ സ്വർണവില ഇനിയും കൈവിട്ടുപോകുമോ എന്ന ആശങ്കയും ചർച്ചകളും വിപണിയിൽ ശക്തമായിരിക്കുകയാണ്.
ഇന്നലെ ഇന്ത്യൻ വിപണിയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,43,750 രൂപയായും വെള്ളിക്ക് കിലോഗ്രാമിന് 1,88,102 രൂപയായും വില ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,098 ഡോളറിന് മുകളിലും, വെള്ളിക്ക് 53 ഡോളറിന് മുകളിലുമാണ് നിലവിലെ വ്യാപാരം.
യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവ്, പലിശനിരക്കിലെ മാറ്റങ്ങൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് എന്നിവയാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
എന്നാൽ, വില ഇനിയും കൂടുമെന്ന വാർത്തകൾ കണ്ട് ഒറ്റയടിക്ക് വലിയ തുക സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുകയാണ് നല്ലതെന്നും വിപണി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഘട്ടംഘട്ടമായി മാത്രം പണം മുടക്കുക.
പുതിയ ആഭരണങ്ങൾ വാങ്ങുന്നവർ സ്വർണവിലയ്ക്ക് പുറമെ പണിക്കൂലിയും നികുതിയും ഉൾപ്പെടെയുള്ള തുകയും കൂടി വരുന്നുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
അന്താരാഷ്ട്ര പ്രവചനങ്ങൾ മാത്രമാണിതെന്നും, വിപണിയിലെ സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് വിലയിലും മാറ്റങ്ങൾ വരാമെന്നും തിരിച്ചറിഞ്ഞ് മാത്രം തീരുമാനങ്ങളെടുക്കുക.






