
- ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ശക്തമാകുന്നതും വരും മാസങ്ങളിലെ കാര്‍ഷിക ഉല്‍പ്പാദനത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണങ്ങളെന്ന് ബാങ്ക് ഓഫ് ബറോഡ റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് ചില്ലറ പണപ്പെരുപ്പം വീണ്ടും ഉയരുന്നതായി സൂചന. 2026 ഒക്ടോബറിലെ ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6 ശതമാനത്തിലെത്തിയേക്കുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 5.54 ശതമാനത്തില്‍ നിന്നാണ് വര്‍ധന പ്രതീക്ഷിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ശക്തമാകുന്നതും വരും മാസങ്ങളിലെ കാര്‍ഷിക ഉല്‍പ്പാദനത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് പണപ്പെരുപ്പത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. വിലക്കയറ്റത്തിന്റെ സാധ്യതകള്‍ മുകളിലേക്കാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
ഭക്ഷ്യവിലയില്‍ ആശങ്ക; ഉള്ളിക്ക് 99.6% വര്‍ധന
ജൂലൈ മുതല്‍ ഭക്ഷ്യവിലയില്‍ പൊതുവായി വര്‍ധന രേഖപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഭക്ഷ്യഎണ്ണ, തക്കാളി, വിവിധയിനം പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വിലയില്‍ വര്‍ധന തുടരുകയാണ്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കന്നുകാലികളുടെ തീറ്റച്ചെലവ് ഉയരുന്നതും പാല്‍വിലയെ ബാധിച്ചേക്കാം. ഇതോടെ പാല് ഉള്‍പ്പെടെയുള്ള പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷ്യവസ്തുക്കളുടെ വിലയിലും സമ്മര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്.
ബാങ്ക് ഓഫ് ബറോഡയുടെ അവശ്യസാധന വില സൂചിക ഒക്ടോബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.1 ശതമാനം ഉയര്‍ന്നു. മുന്‍വര്‍ഷത്തെ താരതമ്യ അടിസ്ഥാനം അനുകൂലമല്ലാത്തതും വര്‍ധനയ്ക്ക് കാരണമായി.
പ്രതിമാസ അടിസ്ഥാനത്തില്‍ 0.8 ശതമാനമാണ് സൂചികയുടെ വര്‍ധന. നിരീക്ഷിച്ച 20 അവശ്യസാധനങ്ങളില്‍ 15 എണ്ണത്തിലും പണപ്പെരുപ്പം വേഗത്തിലായി. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഉള്ളിവിലയിലെ കുതിപ്പാണ്. 2026 ഒക്ടോബറില്‍ ഉള്ളിവിലയില്‍ 99.6 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉള്ളിവില 51.2 ശതമാനം ഇടിഞ്ഞിരുന്നു. എണ്ണക്കുരുക്കള്‍, തുവരപ്പരിപ്പ്, ഉഴുന്ന്, പാല്, അരി, ശര്‍ക്കര എന്നിവയുടെ വിലയിലും കാര്യമായ വര്‍ധനയുണ്ടായി. അതേസമയം, തുടര്‍ച്ചയായ രണ്ട് മാസത്തെ ഇരട്ടയക്ക വര്‍ധനയ്ക്കുശേഷം പഞ്ചസാരവിലയില് പ്രതിമാസ അടിസ്ഥാനത്തില്‍ 4.5 ശതമാനം കുറവുണ്ടായത് ആശ്വാസമായി.
റാബി കൃഷിക്കും തിരിച്ചടി ഉണ്ടായേക്കും
കാര്‍ഷിക മേഖലയിലെ മറ്റൊരു ആശങ്ക ജലസംഭരണികളിലെ വെള്ളത്തിന്റെ അളവാണ്. നവംബര്‍ 2 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രധാന ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലേതിനേക്കാളും ചരിത്രപരമായ ശരാശരിയേക്കാളും താഴെയാണ്. ഇത് റാബി കൃഷിയുടെ വിതയ്ക്കലിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. കാര്‍ഷിക ഉല്‍പ്പാദനം കുറയുന്ന സാഹചര്യമുണ്ടായാല്‍ ഭക്ഷ്യവില വീണ്ടും ഉയരാനുള്ള സാധ്യതയുമുണ്ട്.
RBIയുടെ പലിശ തീരുമാനം നിര്‍ണായകം
ഭക്ഷ്യ-ഇന്ധന വിലകളെ ഒഴിവാക്കിയുള്ള കോര്‍ പണപ്പെരുപ്പം 4.6 മുതല്‍ 4.8 ശതമാനം വരെയായിരിക്കുമെന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ പ്രവചനം. പാന്‍, പുകയില, സ്വര്‍ണം, വെള്ളി, മറ്റ് വിലയേറിയ ലോഹങ്ങള്‍ എന്നിവ കൂടി ഒഴിവാക്കിയുള്ള ചുരുക്കിയ കോര്‍ പണപ്പെരുപ്പം 3.5 മുതല്‍ 3.7 ശതമാനം വരെയാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അസംസ്കൃത വസ്തുക്കളുടെ വില ഉയര്‍ന്നിട്ടും ഉല്‍പ്പന്നങ്ങളുടെ വില ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാതെ കമ്പനികള്‍ പിടിച്ചുനില്‍ക്കുന്നത് കോര്‍ പണപ്പെരുപ്പത്തിന് ആശ്വാസമാകുന്നുണ്ട്. സ്വര്‍ണവിലയിലുണ്ടായ കുറവും ഇതിന് പിന്തുണ നല്കുന്നു.
ഡിസംബറില്‍ നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ഒക്ടോബറിലെ പണപ്പെരുപ്പ കണക്ക് ഏറെ നിര്‍ണായകമാണ്. പലിശ നിരക്കുകള്‍ സംബന്ധിച്ച തീരുമാനമെടുക്കുമ്പോള്‍ പരിഗണിക്കാനുള്ള ഏറ്റവും പുതിയ പ്രധാന പണപ്പെരുപ്പ സൂചകമായിരിക്കും ഈ കണക്ക്.
ഭക്ഷ്യവിലയിലെ വര്‍ധനയും പണപ്പെരുപ്പ സമ്മര്‍ദവും കണക്കിലെടുത്ത് RBIയുടെ അടുത്ത നീക്കം എന്താകുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്.സാധാരണക്കാരുടെ കുടുംബ ബജറ്റിനും സമ്മർദംപണപ്പെരുപ്പം ഉയരുന്നത് സാധാരണ കുടുംബങ്ങളുടെ പ്രതിമാസ ചെലവുകളെയും നേരിട്ട് ബാധിക്കും.
ഭക്ഷ്യവസ്തുക്കൾ, പാൽ, പാചകഎണ്ണ, പയർവർഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുമ്പോൾ കുടുംബങ്ങളുടെ ചെലവഴിക്കാവുന്ന വരുമാനത്തിൽ കുറവുണ്ടാകും. പ്രത്യേകിച്ച് ഇടത്തരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കായിരിക്കും ഇതിന്റെ ആഘാതം കൂടുതൽ അനുഭവപ്പെടുക.
ഭക്ഷ്യവിലയിലെ വർധന ദീർഘകാലം തുടരുകയാണെങ്കിൽ മറ്റ് മേഖലകളിലെ ഉപഭോഗത്തെയും ബാധിച്ചേക്കാം. അതേസമയം, പണപ്പെരുപ്പം നിയന്ത്രണാതീതമാകുന്ന സാഹചര്യമുണ്ടായാൽ പലിശ നിരക്കുകൾ കുറയ്ക്കുന്നതിൽ RBI കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരും.
ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളിലും ഭാവിയിൽ മാറ്റമുണ്ടാകുമോ എന്നതാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.






