ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഐപിഒ വലിപ്പം വെട്ടിച്ചുരുക്കി ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് കമ്പനി, ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു

മുംബൈ: ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് കമ്പനി ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഗ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. ഐപിഒ വലിപ്പം 60 ശതമാനം വെട്ടിച്ചുരുക്കാനും തീരുമാനമായി. പുതുക്കിയ പദ്ധതി പ്രകാരം 500 കോടി രൂപ ഫ്രഷ് ഇഷ്യു വഴി പ്രാഥമിക വിപണിയില്‍ നിന്നും സ്വരൂപിക്കും.

തുക മൂലധന ചെലവുകള്‍ക്കായി വിനിയോഗിക്കുമെന്ന് ഡ്രാഫ്റ്റ് പേപ്പറുകള്‍ പറയുന്നു. 2010 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഉത്കര്‍ഷ് ഉത്തര്‍പ്രദേശ് ,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്രരും സേവനാനുകൂല്യങ്ങള്‍ ലഭ്യമല്ലാത്തവരുമായ ജനതയിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 686 ഔട്ട് ലെറ്റുകള്‍ കമ്പനിയ്ക്കുണ്ട്.

12,617 ജീവനക്കാര്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നു. 27.70 ശതമാനം ഔട്ട്‌ലെറ്റുകളും ഗ്രാമങ്ങളിലാണ് എന്ന പ്രത്യേകതയുമുണ്ട്. വായ്പയെടുത്തവരും നിക്ഷേപകരുമായി 3.14 ദശലക്ഷം ഉപഭോക്താക്കളാണ് കമ്പനിയ്ക്കുള്ളത്.

ഇതില്‍ ഭൂരിഭാഗവും ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമ, അര്‍ദ്ധഗ്രാമ പ്രദേശങ്ങളിലാണ്. 2022 സാമ്പത്തികവര്‍ഷത്തില്‍ 100.75 ബില്ല്യണ്‍ രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കമ്പനിയ്ക്കായി. തൊട്ടുമുന്‍ വര്‍ഷം ഇത് 75.08 ബില്ല്യണ്‍ രൂപയായിരുന്നു.

90 ബില്ല്യണ്‍ രൂപയുടെ വായ്പ വിതരണം ചെയ്യാനും സാധിച്ചു. മൊത്തം വായ്പ പോര്‍ട്ട്‌ഫോളിയോ 106.31 ബില്ല്യണ്‍ രൂപയുടേതാണ്. അതേസമയം നിഷ്‌ക്രിയ ആസ്തി, 3.75 ശതമാനത്തില്‍ നിന്നും 6.1 ശതമാനമായി 2022 ല്‍ കൂടി.

അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 1.33 ശതമാനത്തില്‍ നിന്നും 2.31 ശതമാനമായാണ് വര്‍ധിച്ചത്. 61.46 കോടി രൂപയാണ് 2022 ല്‍ രേഖപ്പെടുത്തിയ ലാഭം. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം കുറവാണിത്.

ഐസിഐസിഐ സെക്യൂരിറ്റീസ്, കോടക് മഹീന്ദ്ര കാപിറ്റല്‍ എന്നിവയാണ് ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കുക. 750 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 600 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമുള്‍പ്പെടുന്ന 1350 കോടി രൂപയുടെ ഐപിഒയാണ് കമ്പനി ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീടത് 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാക്കി ചുരുക്കുകയായിരുന്നു.

ഐപിഒ തുക വെട്ടിച്ചുരുക്കിയതിന്റെ കാരണം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

X
Top