
ന്യൂഡൽഹി: 2027ൽ അമേരിക്കയിൽ നിന്ന് ഏകദേശം 27.5 ലക്ഷം ടൺ എൽ.പി.ജി ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ കരാറുകൾ ഉറപ്പിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധി അയഞ്ഞാലും യു.എസിൽ നിന്നുള്ള എൽ.പി.ജി പർച്ചേസ് അടുത്ത വർഷവും ഇന്ത്യൻ കമ്പനികൾ തുടരും. പാചകവാതക വിതരണത്തിന് പശ്ചിമേഷ്യയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ഇന്ത്യയുടെ പുതിയ നീക്കം. എന്നാൽ ഇതു കൊണ്ട് മാത്രം രാജ്യത്ത് പാചക വാതക വില കുറയുമെന്ന് ഉറപ്പിക്കാനാവില്ല.
നാല് കമ്പനികൾ, പ്രതിമാസ കരാറുകൾസൗദി അരാംകോ, ഷെവ്റോൺ, ടോട്ടൽ എനർജീസ് ട്രേഡിങ്, വിറ്റോൾ എന്നീ നാല് ആഗോള കമ്പനികളിൽ നിന്നായിരിക്കും പ്രധാനമായും എൽ.പി.ജി ഇറക്കുമതി നടത്തുക.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്തമായിട്ടാണ് ഇറക്കുമതി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. കരാർ പ്രകാരമുള്ള വിതരണം ഇനി പറയുന്ന വിധമായിരിക്കും.
സൗദി അരാംകോ : പ്രതിമാസം 1 ഷിപ് ഗുഡ്സ്
ഷെവ്റോൺ : പ്രതിമാസം 1 ഷിപ് ഗുഡ്സ്
ടോട്ടൽ എനർജീസ് : പ്രതിമാസം 2 ഷിപ് ഗുഡ്സ്
വിറ്റോൾ : പ്രതിമാസം 1 ഷിപ് ഗുഡ്സ്
2027ലെ മുഴുവൻ വർഷത്തേക്കുമാണ് ഈ ക്രമീകരണം. ഒരു വലിയ എൽ.പി.ജി കപ്പലിൽ ഏകദേശം 46,000 ടൺ വാതകം കൊണ്ടു പോകാൻ സാധിക്കും.
എന്തുകൊണ്ട് അമേരിക്കയിൽ നിന്ന് കൂടുതൽ എൽപിജി?
ഇന്ത്യയുടെ പാചകവാതക ഇറക്കുമതിയിലെ പ്രധാന ആശ്രയ കേന്ദ്രം പശ്ചിമേഷ്യയാണ്. 2025ൽ ഇന്ത്യ ഇറക്കുമതി ചെയ്ത 2.185 കോടി ടൺ എൽ.പി.ജിയിൽ ഏകദേശം 90 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നായിരുന്നു.
എന്നാൽ ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളും, വിതരണത്തിലെ തടസ്സങ്ങളും ഇന്ധനലഭ്യതയെ ബാധിക്കാനുള്ള സാധ്യതകളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരു മേഖലയെ മാത്രം ആശ്രയിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും.
അതിനാൽ അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിച്ച് വിതരണ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനാണ് ഇന്ത്യയുടെ നീക്കം. 2027ൽ രാജ്യത്തിന്റെ മൊത്തം എൽ.പി.ജി ഇറക്കുമതിയുടെ നാലിലൊന്ന് വരെ അമേരിക്കയിൽ നിന്ന് ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഉപഭോക്താക്കൾക്ക് നേട്ടമുണ്ടോ?
പശ്ചിമേഷ്യൻ യുദ്ധമുണ്ടായ സമയത്ത് ഇന്ത്യയിൽ എൽ.പി.ജി ലഭ്യത കുറയുകയും ബുക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് കണ്ടതാണ്. വീണ്ടും യുദ്ധം പോലെയുള്ള സാഹചര്യങ്ങളുണ്ടായാൽ പാചക വാതക വിതരണം മുടങ്ങാതിരിക്കാനാണ് യു.എസിൽ നിന്ന് ഇറക്കുമതി വർധിപ്പിക്കുന്നത്.
അമേരിക്കയിൽ നിന്നുള്ള പർച്ചേസ് വർധിക്കുന്നത് ഇന്ത്യയുടെ എൽ.പി.ജി വിതരണ സുരക്ഷ മെച്ചപ്പെടുത്താൻ സഹായിച്ചേക്കും. അന്താരാഷ്ട്ര വിപണിയിലെ വിതരണ തടസ്സങ്ങൾ ഉണ്ടായാലും, ബദൽ സ്രോതസ്സുകളിൽ നിന്ന് പാചക വാതകം ലഭ്യമാക്കാൻ സാധിക്കും. കൂടാതെ, അമേരിക്കയിൽ നിന്ന് കൂടുതൽ ഊർജ്ജ ഇറക്കുമതി നടക്കുന്നത് ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള വ്യാപാരക്കമ്മി കുറയ്ക്കാനുള്ള നീക്കത്തിനും സഹായകമായേക്കും.
അതേസമയം, അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി വർധിക്കുന്നതുകൊണ്ട് മാത്രം രാജ്യത്ത് പാചകവാതക വില കുറയുമെന്ന് ഉറപ്പില്ല. അന്താരാഷ്ട്ര എൽ.പി.ജി വില, രൂപയുടെ വിനിമയനിരക്ക്, ഗതാഗതച്ചെലവ്, ആഭ്യന്തര നികുതികൾ എന്നിവയും നിരക്കുകളെ സ്വാധീനിക്കും.






