Alt Image
കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ ഡിസംബര്‍ 16ന് ഒപ്പുവെച്ചേക്കും ◆ സ്വർണം വാങ്ങിക്കൂട്ടി കേന്ദ്രബാങ്കുകൾ ◆ എൻബിഎഫ്സി മേഖലയിൽ വൻ കുതിപ്പെന്ന് ക്രിസില്‍ റേറ്റിങ്സ്; 2028-ഓടെ ആസ്തി 68 ലക്ഷം കോടി, സ്വർണവായ്പയിൽ 40% വളർച്ച ◆

കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട്

രാജ്യത്ത് നിലവിൽ 29.1 ലക്ഷം സജീവ വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകൾ

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ വായ്പാ മേഖലയിൽ വൻ വളർച്ച രേഖപ്പെടുത്തിക്കൊണ്ട് ആകെ വായ്പാ കുടിശ്ശിക 2.5 ലക്ഷം കോടി രൂപയായി ഉയർന്നു. ക്രെഡിറ്റ് ബ്യൂറോയായ ട്രാൻസ്‌യൂണിയൻ സിബിൽ 2026 നവംബറിൽ പ്രസിദ്ധീകരിച്ച ‘ലെൻഡിംഗ് അൺലോക്ക്ഡ്: എഡ്യൂക്കേഷൻ ലോൺസ്’ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2026 ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം, 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് വായ്പാ കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവാണ് ഉണ്ടായത്. ഉയർന്ന വായ്പാ തുകകളും എൻ.ബി.എഫ്.സി, ഫിൻടെക് സ്ഥാപനങ്ങൾ എന്നിവയുടെ സജീവ പങ്കാളിത്തവുമാണ് ഈ കുതിപ്പിന് പ്രധാന കാരണം.

രാജ്യത്ത് നിലവിൽ 29.1 ലക്ഷം സജീവ വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകളാണുള്ളത്. ഇത് 2019-നേക്കാൾ 1.4 മടങ്ങ് കൂടുതലാണ്. വായ്പയെടുക്കുന്നവരുടെ പ്രായത്തിലും ലക്ഷ്യങ്ങളിലും ശ്രദ്ധേയമായ മാറ്റമാണ് റിപ്പോർട്ട് എടുത്തു കാണിക്കുന്നത്.

30 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ മാത്രം ആശ്രയിച്ചിരുന്നിടത്ത് നിന്ന് മാറി, 30 വയസ്സിന് മുകളിലുള്ളവരും വലിയ തോതിൽ വിദ്യാഭ്യാസ വായ്പകൾ സ്വീകരിക്കുന്നുണ്ട്. നൈപുണ്യ വികസനത്തിനും കരിയർ വളർച്ചയ്ക്കുമായി താരതമ്യേന ചെറിയ തുകയ്ക്കുള്ള വായ്പകളോടാണ് മുപ്പത് കഴിഞ്ഞവർക്ക് താല്പര്യം കൂടുതൽ.

റിപ്പോർട്ട് വായ്പയെടുക്കുന്നവരെ മൂന്ന് പ്രധാന വിഭാഗങ്ങളായാണ് തിരിക്കുന്നത്. 30 വയസ്സിന് താഴെയുള്ളവർ സ്വന്തമായി എടുക്കുന്നവ. 30 വയസ്സിന് മുകളിലുള്ളവർ സ്വന്തം നൈപുണ്യ വികസനത്തിനും ഉന്നതിക്കുമായി എടുക്കുന്നവ.

30 വയസ്സിന് മുകളിലുള്ളവരെ സഹ-വായ്പക്കാരായി ഉൾപ്പെടുത്തി എടുക്കുന്നവ (പ്രധാനമായും ഉയർന്ന പഠനച്ചെലവുകൾക്ക് രക്ഷിതാക്കളോ മുതിർന്നവരോ ഒപ്പം ചേരുമ്പോൾ). വായ്പാ വിതരണം ശക്തമായി തുടരുമ്പോഴും തിരിച്ചടവ് നില ഭദ്രമാണെന്നത് വിപണിക്ക് ഗുണകരമാണ്.

90 മുതൽ 179 ദിവസം വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ അനുപാതം വെറും 0.53 ശതമാനം മാത്രമാണ്. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിക്കനുസരിച്ച് സ്വയം നവീകരിക്കാൻ യുവാക്കളും മുതിർന്നവരും ഒരുപോലെ മുന്നോട്ടുവരുന്നത് വിദ്യാഭ്യാസ വായ്പാ മേഖലയ്ക്ക് കരുത്തേകുന്നു.

X
Top