Alt Image
ആഗോള ബാങ്കിങ് മേഖല സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് മൂഡീസ് ◆ ഏഷ്യയിലെ മൂന്നാമത്തെ വന്‍ശക്തിയായി ഇന്ത്യ; ഏഷ്യ പവര്‍ ഇന്‍ഡക്സ് 2026ല്‍ ജപ്പാനെയും റഷ്യയെയും പിന്നിലാക്കി ◆ കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ ഡിസംബര്‍ 16ന് ഒപ്പുവെച്ചേക്കും ◆

നിഫ്റ്റി-500 കമ്പനികളുടെ ലാഭത്തിൽ 32% കുതിപ്പ്; 12 പാദങ്ങളിലെ ഏറ്റവും മികച്ച വളർച്ചയെന്ന് റിപ്പോർട്ട്

2026-2027 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (2026 ജൂലൈ-സെപ്റ്റംബർ) നിഫ്റ്റി-500 കമ്പനികളുടെ മൊത്തം അറ്റാദായത്തിൽ 32 ശതമാനം വാർഷിക വർധനവ്. കഴിഞ്ഞ 12 പാദങ്ങളിലെ (മൂന്ന് വർഷത്തെ) ഏറ്റവും ശക്തമായ വളർച്ചയാണിതെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (MOFSL) ‘നവംബർ 2026 ഇന്ത്യ സ്ട്രാറ്റജി’ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആഗോള അനിശ്ചിതത്വങ്ങളും വിപണിയിലെ ചാഞ്ചാട്ടങ്ങളും നിലനിൽക്കുമ്പോഴും ശക്തമായ ആഭ്യന്തര ഡിമാൻഡും മികച്ച പ്രവർത്തന മാർജിനുകളുമാണ് കമ്പനികൾക്ക് കരുത്തായത്. നിഫ്റ്റി-500 കമ്പനികളുടെ വിൽപ്പനയിൽ 25 ശതമാനവും പ്രവർത്തന ലാഭത്തിൽ 24 ശതമാനവും വാർഷിക വളർച്ച രേഖപ്പെടുത്തി.

എണ്ണ വിപണന കമ്പനികളെ ഒഴിവാക്കിയാൽ വിൽപ്പനയിൽ 23%, പ്രവർത്തന ലാഭത്തിൽ 23%, അറ്റാദായത്തിൽ 30% എന്നിങ്ങനെയാണ് വളർച്ച. 2022 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും മികച്ച ത്രൈമാസ പ്രകടനമാണിത്.

മൊത്തം ലാഭ വർധനവിന്റെ 68 ശതമാനവും സംഭാവന ചെയ്തത് ലോഹം, എണ്ണ-വാതകം, ധനകാര്യം എന്നീ മൂന്ന് മേഖലകളാണ്. ലോഹ മേഖല 76% വാർഷിക ലാഭ വളർച്ചയോടെ ഒന്നാമതെത്തി. എണ്ണയും വാതകവും 61% വളർച്ച നേടി.

ധനകാര്യ മേഖല 20% വളർച്ച രേഖപ്പെടുത്തി (ബാങ്കുകൾ 20%, എൻബിഎഫ്‌സികൾ 21%). യൂട്ടിലിറ്റീസ് (46%), സിമന്റ് (43%), ഓട്ടോമൊബൈൽസ് (34%), ക്യാപിറ്റൽ ഗുഡ്‌സ് (28%) എന്നിവയാണ് മറ്റ് മികച്ച മേഖലകൾ.

അതേസമയം, ഉപഭോക്തൃ കമ്പനികൾ 2 ശതമാനവും ആരോഗ്യ സംരക്ഷണം 13 ശതമാനവും ഐടി/സാങ്കേതികവിദ്യ 10 ശതമാനവും വളർച്ച നേടി. ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സർവീസസ് ഒഴികെയുള്ള എല്ലാ മേഖലകളും ഈ പാദത്തിൽ പോസിറ്റീവ് വരുമാന വളർച്ച രേഖപ്പെടുത്തി.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ സ്മോൾ ക്യാപ് കമ്പനികളാണ് ഏറ്റവും മികച്ച ലാഭ വളർച്ച (34%) കൈവരിച്ചത്. ലാർജ് ക്യാപ് കമ്പനികൾ 31 ശതമാനവും മിഡ് ക്യാപ് കമ്പനികൾ 26 ശതമാനവും വളർച്ച നേടി.

നിഫ്റ്റി-500 കമ്പനികളിൽ പകുതിയിലധികവും 15 ശതമാനത്തിലേറെ വരുമാന വളർച്ച രേഖപ്പെടുത്തിയപ്പോൾ നാല് ശതമാനം കമ്പനികൾ മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. ധനകാര്യ ഇതര നിഫ്റ്റി-500 കമ്പനികളുടെ പ്രവർത്തന ലാഭ മാർജിൻ 20 ബേസിസ് പോയിന്റ് ഉയർന്ന് 17.4 ശതമാനമായി. അനുകൂലമായ ലോഹ വിലകൾ കാരണം ലോഹ മേഖലയുടെ മാർജിൻ 20.5 ശതമാനത്തിലേക്ക് ഉയർന്നു.

വിദേശ സ്ഥാപന നിക്ഷേപകരുടെ ശക്തമായ ഒഴുക്കും ക്രൂഡ് ഓയിൽ വില കുറയുന്നതും ശക്തമായ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയും ഇന്ത്യൻ ഓഹരി വിപണിക്ക് അനുകൂലമാണെന്ന് മോട്ടിലാൽ ഓസ്വാൾ വിലയിരുത്തുന്നു.

എങ്കിലും, നിർമാണ ചെലവുകളിലെ സമ്മർദ്ദം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, നിർമ്മിത ബുദ്ധി മേഖലയിലെ ആഗോള അനിശ്ചിതത്വങ്ങൾ, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ വിപണി സൂക്ഷ്മമായി നിരീക്ഷിക്കേണ്ട ഘടകങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

X
Top