
ന്യൂഡൽഹി: ഓസ്‌ട്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ ഏഷ്യ പവര്‍ ഇന്‍ഡക്സില്‍ (Asia Power Index 2026) 40.5 പോയിന്റ് നേടി ജപ്പാനെയും, റഷ്യയെയും പിന്നിലാക്കി ഇന്ത്യ ഏഷ്യയിലെ മൂന്നാമത്തെ വലിയ വന്‍ശക്തിയായി സ്ഥാനം ഉറപ്പിച്ചു.
ഏഷ്യ- പസഫിക് മേഖലയിലെ 27 രാജ്യങ്ങളെ വിലയിരുത്തിയ പട്ടികയില്‍ പസഫിക് മേഖലയിൽ നിന്ന് അമേരിക്കയ്ക്കും (78.9) ഏഷ്യൻ മേഖലയിൽ നിന്ന് ചൈനയ്ക്കും (73.6) പിന്നില്‍ മേജര്‍ പവര്‍ (40 പോയിന്റിന് മുകളില്‍) പദവി നേടിയ ഏക രാജ്യമാണ് ഇന്ത്യ.
ആഗോള രാഷ്ട്രീയ ഭൂപടത്തില്‍ ഇന്ത്യയുടെ കരുത്ത് വീണ്ടും തെളിയിക്കപ്പെടുകയാണ്. 2018-ല്‍ ഈ പട്ടിക ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോയിന്റാണ് ഇന്ത്യ ഇത്തവണ സ്വന്തമാക്കിയത്. സ്വാധീനമുള്ള നേതാക്കളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതാണ്.
ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍
ഏഷ്യ- പസഫിക് മേഖലയിലെ 27 രാജ്യങ്ങളുടെ കരുത്തും, സ്വാധീനവും അളക്കുന്ന സൂചികയില്‍ 40.5 പോയിന്റാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 0.5 പോയിന്റ് കൂടുതലാണിത്. ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാനദണ്ഡപ്രകാരം 40 പോയിന്റോ അതില്‍ കൂടുതലോ നേടുന്ന രാജ്യങ്ങളെ മാത്രമാണ് വന്‍ശക്തികളായി കണക്കാക്കുന്നത്.
ഈ പട്ടികയില്‍ 78.9 പോയിന്റോടെ അമേരിക്ക ഒന്നാമതും, 73.6 പോയിന്റോടെ ചൈന രണ്ടാമതുമാണ്. ഇവര്‍ക്ക് പുറമെ ഏഷ്യയില്‍ വന്‍ശക്തി പദവി സ്വന്തമാക്കിയ ഏക രാജ്യം ഇന്ത്യയാണ്. തൊട്ടുപിന്നിലുള്ള ജപ്പാന്‍ (38.6 പോയിന്റ്) നാലാമതും, റഷ്യ (32.2 പോയിന്റ്) അഞ്ചാമതുമാണ്.
പ്രാദേശിക തലത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ പട്ടികയിലും വലിയ മാറ്റമുണ്ടായി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് പിന്നില്‍ രണ്ടാമതെത്തി.
എങ്ങനെയാണ് റാങ്കിങ് നിശ്ചയിക്കുന്നത്
27 രാജ്യങ്ങളെയും 131 സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ 8 പ്രധാന വിഭാഗങ്ങളായി തിരിച്ചാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് പോയിന്റ് നല്‍കുന്നത്. ഇതില്‍ നാലെണ്ണം രാജ്യത്തിന്റെ കൈവശമുള്ള വിഭവങ്ങളെയും (Resources), നാലെണ്ണം അന്താരാഷ്ട്ര സ്വാധീനത്തെയും (Influence) അളക്കുന്നു:
വിഭവശേഷി: സാമ്പത്തിക ശേഷി (17.5%), സൈനിക ശേഷി (17.5%), പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി (10%), ഭാവി വിഭവങ്ങള്‍ (10%).
സ്വാധീനശേഷി: സാമ്പത്തിക ബന്ധങ്ങള്‍ (15%), പ്രതിരോധ ശൃംഖലകള്‍ (10%), നയതന്ത്ര സ്വാധീനം (10%), സാംസ്‌കാരിക സ്വാധീനം (10%).
ജപ്പാനെയും റഷ്യയെയും ഇന്ത്യ മറികടന്നത് എങ്ങനെ
സാമ്പത്തിക ശേഷിയില്‍ നേരിയ ഇടിവുണ്ടായിട്ടും സാംസ്‌കാരിക, നയതന്ത്ര, പ്രതിരോധ മേഖലകളിലുണ്ടായ സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ജപ്പാനേക്കാള്‍ 1.9 പോയിന്റും, റഷ്യയേക്കാള്‍ 8.3 പോയിന്റും മുന്നിലാണ് ഇന്ത്യ.
മൂന്ന് രാജ്യങ്ങളുടെയും കരുത്ത് വ്യത്യസ്ത മേഖലകളില്‍
ജപ്പാന്റെ പ്രത്യേകത നോക്കുമ്പോള്‍ മൊത്തം സ്‌കോറില്‍ ഇന്ത്യയ്ക്ക് പിന്നിലാണെങ്കിലും, കൈവശമുള്ള പരിമിതമായ വിഭവങ്ങളെ അന്താരാഷ്ട്ര സ്വാധീനമാക്കി മാറ്റുന്നതില്‍ ഏറെ മുന്നിലാണ്. സൂചികയിലെ ഏറ്റവും ഉയര്‍ന്ന പവര്‍ യീല്‍ഡ് (Power Yield +10.9) ജപ്പാന്റേതാണ്.
സൈനിക ശേഷിയില്‍ റഷ്യ (55.8 പോയിന്റ്) ഇപ്പോഴും ഇന്ത്യയേക്കാള്‍ (48.5 പോയിന്റ്) മുന്നിലാണ്. എന്നാല്‍ യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക- സൈനിക സമ്മര്‍ദ്ദങ്ങള്‍ കാരണം റഷ്യയുടെ പവര്‍ യീല്‍ഡ് -6.6 ആയി കൂപ്പുകുത്തിയതാണ് അവരെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
ഇന്ത്യയ്ക്ക് കരുത്തായ 5 പ്രധാന മേഖലകള്‍
സാംസ്‌കാരിക സ്വാധീനം (Cultural Influence): ഇന്ത്യ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ മേഖലയാണിത്. 2.3 പോയിന്റ് വര്‍ധിച്ച് 43.8 ആയി.
പ്രതിരോധ ശൃംഖലകള്‍ (Defence Networks): 2.1 പോയിന്റ് ഉയര്‍ന്ന് 18.6 ലെത്തുകയും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 9-ാം സ്ഥാനം നേടുകയും ചെയ്തു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ബ്രഹ്‌മോസ് മിസൈല്‍ വില്‍പ്പനയും, പ്രാദേശിക സഹകരണവുമാണ് ഇതിന് സഹായിച്ചത്.
നയതന്ത്ര സ്വാധീനം (Diplomatic Influence): 70.3 പോയിന്റോടെ ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ മേഖലയായി ഇത് തുടരുന്നു.
ഭാവി വിഭവങ്ങള്‍ (Future Resources): യുവജനസംഖ്യയും, തൊഴില്‍ ശേഷിയും കണക്കിലെടുക്കുന്ന ഈ വിഭാഗത്തില്‍ 1.2 പോയിന്റ് ഉയര്‍ന്ന് 56.2 പോയിന്റോടെ ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
സാമ്പത്തിക ബന്ധങ്ങള്‍ (Economic Relationships): രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 7-ാം സ്ഥാനത്തെത്തി (19.9 പോയിന്റ്). ഈ വിഭാഗത്തില്‍ പോയിന്റ് കുറയാത്ത അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
ഇന്ത്യ ചൈനയെ മറികടക്കുമോ
2018-ന് ശേഷം ഇന്ത്യയും, ചൈനയും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഏറ്റവും കുറഞ്ഞ നിലയിലാണ് (33.1 പോയിന്റ് വ്യത്യാസം). അമേരിക്കയും ചൈനയും തമ്മിലുള്ള അന്തരവും 5.3 പോയിന്റായും ചുരുങ്ങിയിട്ടുണ്ട്. പക്ഷെ സമീപഭാവിയില്‍ ചൈനയെ മറികടക്കുക എന്നത് ഇന്ത്യയ്ക്ക് കഠിനമാണ്.
ചൈനയുടെ സമഗ്ര ശക്തി ഇന്ത്യയേക്കാള്‍ ഏകദേശം 80 ശതമാനം കൂടുതലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സൈനിക ശേഷിയില്‍ ചൈനയ്ക്ക് 72.1 പോയിന്റുള്ളപ്പോള്‍ ഇന്ത്യയ്ക്ക് 48.5 പോയിന്റ് മാത്രമാണുള്ളത്. കൂടാതെ ചൈനയുടെ പവര്‍ യീല്‍ഡ് +0.2 ആയി നില്‍ക്കുമ്പോള്‍ ഇന്ത്യയുടേത് -3.3 ആണ്.






