
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ (South Indian Bank) 9.99 ശതമാനം വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഫണ്ട് ഹൗസായ എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന് (SBI Mutual Fund) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതി.
2026 നവംബര്‍ 23-ന് സ്റ്റോക്ക് എക്സ്ചേഞ്ച് (NSE/ BSE) ഫയലിംഗ് വഴി ബാങ്ക് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവിലുള്ള 2.90 ശതമാനം ഓഹരിക്ക് പുറമെ 7.09 ശതമാനം അധിക ഓഹരികള്‍ വിപണിയില്‍ നിന്ന് വാങ്ങാനാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന് വഴിതുറക്കുന്നത്.
ഇടപാടിന്റെ വിശദാംശങ്ങളും സമയപരിധിയും2026 സെപ്റ്റംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഏകദേശം 2.90 ശതമാനം (7.60 കോടി ഓഹരികള്‍) പങ്കാളിത്തമാണുള്ളത്. പുതിയ അനുമതിയിലൂടെ വിപണിയില്‍ നിന്ന് 7.09 ശതമാനം വരെ അധിക ഓഹരികള്‍ സ്വന്തമാക്കാന്‍ ഫണ്ടിന് സാധിക്കും.
ആര്‍ബിഐ ചട്ടങ്ങള്‍ പ്രകാരം ഇത്തരം അനുമതികള്‍ക്ക് ഒരു വര്‍ഷത്തെ (2027 നവംബര്‍ 22 വരെ) കാലാവധിയാണുള്ളത്. ഈ കാലയളവിനുള്ളില്‍ വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഘട്ടം ഘട്ടമായി ഓഹരികള്‍ വാങ്ങാം. നിശ്ചിത സമയത്തിനുള്ളില്‍ വാങ്ങിയില്ലെങ്കില്‍ അനുമതി റദ്ദാകും.
പ്രധാന നിയമവ്യവസ്ഥകള്‍
ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് (1949), ആര്‍ബിഐയുടെ 2025 നവംബര്‍ 28-ലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, സെബി (SEBI), ഫെമ (FEMA) ചട്ടങ്ങള്‍ എന്നിവ കര്‍ശനമായി പാലിച്ചായിരിക്കണം എസ്ബിഐ മ്യൂച്വല്‍ഫണ്ടിന്റെ ഓഹരി വാങ്ങല്‍.
എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്റെ വിവിധ സ്‌കീമുകള്‍ വഴിയുള്ള ആകെ നിക്ഷേപം ഒരു കാരണവശാലും 9.99 ശതമാനത്തില്‍ കൂടാന്‍ പാടില്ല. 2026 മെയ് മാസത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിനും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 9.99% വരെ ഓഹരി വാങ്ങാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതു കരുത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനി (AMC) നിക്ഷേപം വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്നത് വളരെ പോസിറ്റീവ് വശമാണ്.
എംഡിയും സിഇഒയുമായ മഹേഷ് മുരളീധര്‍ പൈയുടെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്റിന്റെ പ്രവര്‍ത്തന മികവിനുള്ള വലിയ അംഗീകാരമായി ഇതു വിലയിരുത്തപ്പെടുന്നു. പ്രത്യേക പ്രൊമോട്ടര്‍മാര്‍ ഇല്ലാത്ത (100% പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ്) ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്.
എസ്ബിഐ മ്യൂച്വല്‍ ഫണ്ട് പോലുള്ള ദീര്‍ഘകാല നിക്ഷേപകര്‍ വലിയ ഓഹരി വിഹിതം കൈവശം വെക്കുന്നത് ബാങ്കിന്റെ ഉടമസ്ഥതയ്ക്ക് കൂടുതല്‍ സ്ഥിരത നല്‍കും. പ്രമുഖ ഫണ്ടുകളുടെ സാന്നിധ്യം ബാങ്കിന്റെ മൂലധന വിനിയോഗത്തിലും, കോര്‍പ്പറേറ്റ് ഗവേണന്‍സിലും കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും സഹായിക്കും.
ചെറുകിട നിക്ഷേപകര്‍ക്കും നേട്ടമാകും
രാജ്യത്തെ മുന്‍നിര മ്യൂച്വല്‍ ഫണ്ട് 10 ശതമാനത്തിനടുത്ത് ഓഹരി വാങ്ങാന്‍ ഒരുങ്ങുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ബാങ്കിന്റെ ഭാവിയെക്കുറിച്ച് വലിയ ആത്മവിശ്വാസം നല്‍കും.
നിലവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഏകദേശം 9.7x P/E അനുപാതത്തിലാണ് വ്യാപാരം ചെയ്യുന്നത്. ബാങ്കിംഗ് മേഖലയുടെ ശരാശരി P/E 20-ന് മുകളിലാണ്. മെച്ചപ്പെട്ട ആസ്തി ഗുണനിലവാരവും, വന്‍കിട ഫണ്ടുകളുടെ വരവും ഓഹരിയുടെ മൂല്യം വീണ്ടും ഉയരാന്‍ വഴിയൊരുക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
വലിയ മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികള്‍ വാങ്ങി ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കുമ്പോള്‍ വിപണിയിലെ ഓഹരി ലഭ്യത കുറയുകയും, വിലയിലുണ്ടാകുന്ന അനാവശ്യ ചാഞ്ചാട്ടങ്ങള്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യും. അടുത്ത ഒരു വര്‍ഷത്തേക്ക് വിപണിയില്‍ ഓഹരിക്ക് സ്ഥിരമായ ഡിമാന്‍ഡ് നിലനിര്‍ത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
2026-27 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (Q2 FY27) ബാങ്കിന്റെ അറ്റാദായം 21.26 ശതമാനം വര്‍ധിച്ച് 426.34 കോടിയില്‍ എത്തിയിരുന്നു. ശക്തമായ സാമ്പത്തിക അടിത്തറയ്‌ക്കൊപ്പം വന്‍കിട നിക്ഷേപകരുടെ പിന്തുണ കൂടി ലഭിക്കുന്നത് മറ്റ് ആഭ്യന്തര- വിദേശ സ്ഥാപന നിക്ഷേപകരെയും ബാങ്കിലേക്ക് ആകര്‍ഷിക്കാം.






