ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും സമ്പന്ന ബാങ്കറെന്ന് അറിയപ്പെടുന്ന ഉദയ് കോട്ടക്കിന് കഴിഞ്ഞ ദിവസമുണ്ടായത് വൻ നഷ്ടം. ആർ.ബി.ഐ നടപടി മൂലം കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾക്ക് വിപണിയിൽ തിരിച്ചടിയേറ്റതോടെയാണ് വലിയ നഷ്ടം ഉദയ് കോട്ടക്കിന് ഉണ്ടായത്.
13 ശതമാനം നഷ്ടത്തോടെയാണ് ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. 26 ശതമാനം ഓഹരികളോടെ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ ഉദയ് കോട്ടക്കിന് ഇതിനനുസരിച്ച് നഷ്ടമുണ്ടായി.
ഏപ്രിൽ 24ലെ കണക്കനുസരിച്ച് ബ്ലുംബർഗ് ബില്യയണേഴ്സ് ഇൻഡക്സ് പ്രകാരം 14.4 ബില്യൺ ഡോളറാണ് ഉദയ് കോട്ടകിന്റെ ആസ്തി. കഴിഞ്ഞ ദിവസം മാത്രം ഇതിൽ 1.3 ബില്യൺ ഡോളറിന്റെ കുറവുണ്ടായി(ഏകദേശം 10,800 കോടി രൂപ).
ഓഹരി വിപണിയിൽ തിരിച്ചടിയേറ്റതോടെ വിപണിമൂല്യത്തിൽ ആക്സിസ് ബാങ്ക് കോട്ടക് മഹീന്ദ്ര ബാങ്കിനെ മറികടന്നു. പ്രതീക്ഷിച്ചതിലും ലാഭമുണ്ടാക്കിയതോടെ ആക്സിസ് ബാങ്കിന്റെ ഓഹരി വിലയിൽ ഉണർവ് രേഖപ്പെടുത്തിയിരുന്നു.
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന് വിലക്കുമായി ആർ.ബി.ഐ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പുതിയ ഉപഭോക്താക്കളെ ഓൺലൈനിലൂടെയും മൊബൈൽ ബാങ്കിങ്ങിലൂടെയും ചേർക്കരുതെന്നാണ് ആർ.ബി.ഐ നിർദേശം. പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകരുതെന്നും നിർദേശമുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക് ഐ.ടി സിസ്റ്റത്തിലെ തകരാറുകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആർ.ബി.ഐ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഇത് പരിഹരിക്കാൻ കേന്ദ്രബാങ്ക് നിർദേശം നൽകിയിരുന്നുവെങ്കിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന് അത് സാധിക്കാതെ വന്നതോടെയാണ് നടപടിയുണ്ടായത്.
ഗുരുതരമായ വീഴ്ചയാണ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് നടപടിയെടുത്തുകൊണ്ടുള്ള ആർ.ബി.ഐ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം ഓഹരി വിപണി ക്ലോസ് ചെയ്ത ഉടനെയാണ് ബാങ്കിനെതിരെ നടപടിയുണ്ടായത്.
വിപണിമൂല്യത്തിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യബാങ്കാണ് കൊട്ടക് മഹീന്ദ്ര. ബാങ്കിന്റെ ഓൺലൈൻ സേവനങ്ങൾ ഉടൻ നിർത്താനാണ് ആർ.ബി.ഐയുടെ നിർദേശമുണ്ടായത്. ഐ.ടി സിസ്റ്റം ശക്തിപ്പെടുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
ആർ.ബി.ഐയുമായി ചേർന്ന് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ബാങ്ക് വിലക്കിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.