
വാഷിങ്ടൺ: ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ (EU) ഉൾപ്പെടെ അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ പുതിയ ഇറക്കുമതി തീരുവകൾ ഏർപ്പെടുത്താൻ ഡൊണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ട്.
അമേരിക്കൻ സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ ഇറക്കുമതി തീരുവകൾക്ക് പകരമായി പുതിയ വ്യാപാര നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് നീക്കം. പുതിയ തീരുവകളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാമെന്നാണ് ബ്ലൂംബെർഗും വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്യുന്നത്. ചൈന, യൂറോപ്യൻ യൂനിയൻ, ഇന്ത്യ തുടങ്ങി 16ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പുതിയ തീരുവകൾ ഏർപ്പെടുത്താനാണ് അമേരിക്ക ആലോചിക്കുന്നത്.
അതേസമയം, ചൈന, യൂറോപ്യൻ യൂനിയൻ തുടങ്ങി 16 രാജ്യങ്ങളിലെ വ്യാവസായിക സബ്സിഡികളും സർക്കാർ സഹായങ്ങളും സംബന്ധിച്ച മാസങ്ങളായുള്ള അന്വേഷണത്തിന്റെ കണ്ടെത്തലുകൾ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ ഈ ആഴ്ച പുറത്തുവിട്ടേക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രഖ്യാപനത്തിന്റെ സമയക്രമത്തിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.
പുതിയ താരിഫ് നടപടികളിൽ ഇന്ത്യക്ക് ഉയർന്ന ഇറക്കുമതി തീരുവ നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടിലെ പ്രധാന സൂചന. ഇന്ത്യക്കും വിയറ്റ്നാമിനും യൂറോപ്യൻ യൂനിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന തീരുവ ചുമത്താൻ അമേരിക്ക പദ്ധതിയിടുന്നതായാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
യൂറോപ്യൻ യൂനിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 15 ശതമാനമോ അതിൽ താഴെയോ ആയിരിക്കും പുതിയ തീരുവയെന്നാണ് സൂചന. എന്നാൽ, ഇന്ത്യക്കും വിയറ്റ്നാമിനും എത്ര ശതമാനം നികുതി ചുമത്തുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ചൈനക്കും മറ്റ് ചില വ്യാപാര പങ്കാളികളെ അപേക്ഷിച്ച് ഉയർന്ന തീരുവ നേരിടേണ്ടിവന്നേക്കും. എങ്കിലും രാജ്യങ്ങൾ തിരിച്ചുള്ള അന്തിമ നിരക്കുകൾ അമേരിക്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എന്തുകൊണ്ടാണ് അമേരിക്ക പുതിയ തീരുവകൾ ഏർപ്പെടുത്തുന്നത്?
വിദേശ രാജ്യങ്ങൾ സ്വന്തം വ്യവസായങ്ങൾക്ക് നൽകുന്ന സർക്കാർ സബ്സിഡികളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളുമാണ് അമേരിക്കയുടെ പുതിയ നീക്കത്തിന് പിന്നിലെ പ്രധാന കാരണം.
ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ വ്യവസായങ്ങൾക്ക് വൻതോതിൽ സർക്കാർ സഹായം നൽകുന്നതിലൂടെ ഉൽപ്പാദനച്ചെലവ് കുറക്കുകയും അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞ വിലക്ക് ഉൽപ്പന്നങ്ങൾ വിൽക്കുകയും ചെയ്യുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം.
ഇത് അമേരിക്കൻ കമ്പനികൾക്ക് കടുത്ത മത്സരസാഹചര്യം സൃഷ്ടിക്കുന്നുവെന്നും ആഭ്യന്തര ഉൽപ്പാദകരുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ട്രംപ് വാദിക്കുന്നു.
വിദേശ കമ്പനികൾക്ക് ലഭിക്കുന്ന സബ്സിഡികളും സർക്കാർ പിന്തുണയും മൂലം ആഗോള വിപണിയിൽ ഉൽപ്പന്നങ്ങളുടെ അമിത ഉൽപ്പാദനം ഉണ്ടാകുകയും കുറഞ്ഞ വിലയിലുള്ള സാധനങ്ങൾ വിപണിയിൽ നിറയുകയും ചെയ്യുന്നുവെന്നാണ് അമേരിക്കയുടെ നിലപാട്.
വിദേശ കമ്പനികൾ കുറഞ്ഞ വിലക്ക് ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് അമേരിക്കൻ നിർമാതാക്കളെ പ്രതിസന്ധിയിലാക്കുകയാണെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും നേരത്തെ ആരോപിച്ചിരുന്നു.
സുപ്രീംകോടതി റദ്ദാക്കിയ തീരുവകൾക്ക് പകരം പുതിയ നീക്കം
അമേരിക്കൻ സുപ്രീംകോടതി 2026 ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ച വ്യാപകമായ ഇറക്കുമതി തീരുവകളുടെ ആദ്യഘട്ടം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമപരമായ നടപടികളിലൂടെ തീരുവകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമം ഭരണകൂടം ആരംഭിച്ചിരിക്കുന്നത്.
കോടതി റദ്ദാക്കിയ മുൻ തീരുവകൾക്ക് പകരമായി പുതിയ അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ ഇറക്കുമതി നികുതികൾ ഏർപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം.
ഇതിനായി അമേരിക്കൻ വ്യാപാര പ്രതിനിധിയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ വ്യാവസായിക സബ്സിഡികൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ താരിഫ് നടപടികളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.






