
ചെന്നൈ: ടിവിഎസ് ഗ്രൂപ്പിലെ സ്വത്ത് വിഭജനത്തെച്ചൊല്ലിയുള്ള കുടുംബ തർക്കം കോടതിയിൽ. പിതാവിന്റെ ശാഖയിലുള്ള കൂട്ടുകുടുംബ സ്വത്തുക്കൾ നിയമപരമായി ഭാഗംവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടിവിഎസ് ചെയർമാൻ ഇമെരിറ്റസ് വേണു ശ്രീനിവാസന്റെ മകൾ ലക്ഷ്മി വേണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തനിക്ക് അവകാശപ്പെട്ട സ്വത്തുക്കൾ നിയപരമായി വീതിക്കണമെന്നാണ് ആവശ്യം. ഹർജി നാളെ പരിഗണിച്ചേക്കും.
തർക്കം നയപരമായി പരിഹരിക്കാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് ലക്ഷ്മിയുടെ അമ്മ മല്ലിക ശ്രീനിവാസൻ പറഞ്ഞു. പൂർവിക സ്വത്തിൽ തന്റെ സഹോദരനുള്ള എല്ലാ അവകാശങ്ങളും ലക്ഷ്മിക്കുമുണ്ട്.
കൂട്ടുകുടുംബ സ്വത്തിൽ നിയമപരമായ അവകാശം ലഭിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ നൽകണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും അതുലഭിച്ചില്ല. തുടർന്നാണ് കോടതിയെ സമീപിക്കേണ്ടി വന്നത്.
പിതാവിന് ലക്ഷ്മി അയച്ച സ്വത്ത് ഭാഗം വയ്ക്കൽ നോട്ടീസിൽ മറുപടി നൽകാതെ അവഗണിച്ചത് ദൗർഭാഗ്യകരമാണ്. അതുകൊണ്ടാണ് സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിയെ സമീപിക്കേണ്ടി വന്നത്. ഒരു അമ്മയെന്ന നിലയിൽ മകനും മകളും എനിക്ക് ഒരു പോലെയാണ്. അതുകൊണ്ടു തന്നെ കുടുംബ സ്വത്തിൽ മകൻ സുദർശനുള്ള അവകാശങ്ങൾ ലക്ഷ്മിക്കും ഉണ്ടെന്നും മല്ലിക പറഞ്ഞു.
രാജ്യത്തെ പ്രമുഖ ഇരുചക്ര നിർമാതാക്കളായ ടിവിഎസ് മോട്ടോറിനെ നിയന്ത്രിക്കുന്ന ടിവിഎസ് ഗ്രൂപ്പിലെ അഭിപ്രായ വ്യത്യസങ്ങളാണ് കോടതി കയറിയത്. ഗ്രൂപ്പ് ചെയർമാൻ ഇമെരിറ്റസ് വേണു ശ്രീനിവാസൻ, ഭാര്യ മല്ലിക ശ്രീനിവാസൻ മക്കളായ ലക്ഷ്മി വേണു, സുദർശൻ വേണു എന്നിവർ തമ്മിലാണ് തർക്കം.
സുദർശൻ ടിവിഎസ് മോട്ടോർ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. ഗ്രൂപ്പിനു കീഴിലുള്ള മറ്റൊരു കമ്പനിയായ സുന്ദരം ക്ലെടോൺ ലിമിറ്റഡിനെ (എസ്സിഎൽ) നയിക്കുന്നത് ലക്ഷ്മിയും. കുടുംബ ആസ്തികള് വീതംവച്ചത് തുല്യമായിട്ടല്ലെന്നാണ് മല്ലികയും ലക്ഷ്മിയും വാദിക്കുന്നത്.
ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം കൂട്ടുകുടുംബ സ്വത്തിൽ തനിക്ക് തുല്യ അവകാശമുണ്ടെന്നും സ്വത്തുക്കൾ ന്യായമായും നിയമപരമായും വീതംവയ്ക്കണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ ലക്ഷ്മി പിതാവിന് നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയയെും സമീപിച്ചത്.






