
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കടൽ ഗതാഗതം സംരക്ഷിക്കുന്നതിന് ഗൾഫ് രാജ്യങ്ങൾ യു.എസിന് പ്രതിഫലം നൽകണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്കുവഴി കടന്നുപോകുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം നികുതി ഈടാക്കും. എന്നാൽ, ഇറാനിയൻ കപ്പലുകളെ അകത്തേക്കും പുറത്തേക്കും കടക്കുന്നത് തടയുമെന്നും ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസ്. സൈനിക ഇടപെടലുകൾ ഇറാന്റെ സൈനികശേഷിയെ ദുർബലപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. അവരുടെ നാവിക, വ്യോമ ആസ്തികൾ വലിയതോതിൽ നശിപ്പിച്ചു. ഇറാന് ഇപ്പോഴും സൈനികമായി ചെറിയതോതിൽ ശക്തിയുണ്ടെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും, ഭൂരിഭാഗവും യു.എസ്. ദുർബലപ്പെടുത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ടു.
ഇറാൻ സൈന്യത്തിനുണ്ടായിരുന്ന 159 കപ്പലുകളും കടലിൽ താഴ്ത്തി. കൂടാതെ ഇറാന്റെ വിമാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, വ്യാവസായികമായ ആയുധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പിടിച്ചെടുത്തെന്നും ട്രംപ് പറഞ്ഞു.
ഇറാന് 200 വിമാനങ്ങളുണ്ടായിരുന്നെന്നും അവയെല്ലാം നഷ്ടമായെന്നും ട്രംപ് അവകാശപ്പെട്ടു. അവരുടെ റഡാറുകൾ, ആയുധനിർമാണശേഷി തുടങ്ങിയവയെല്ലാം ദുർബലപ്പെടുത്തി.
നാലുമാസംമുൻപുള്ള ഇറാനല്ല ഇപ്പോഴത്തേത്. ഈ നാലുമാസംകൊണ്ട് അവരെ ശിലായുഗത്തിലെത്തിച്ചു. എങ്കിലും അവർക്ക് ഇപ്പോഴും ചില മിസൈലുകളും ശേഷികളും ബാക്കിയുണ്ടെന്നും ട്രംപ് സമ്മതിച്ചു.






