ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങിഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ വര്‍ദ്ധനവ്ഇന്ത്യ-യു.എസ് വ്യാപാര കരാർ: മത്സരക്ഷമതയെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നുവെന്ന് കേന്ദ്ര സർക്കാർജൂ​​ണി​​ൽ രാജ്യത്തെ വി​​ല​​ക്ക​​യ​​റ്റം ഉ​​യ​​ർ​​ന്ന നിരക്കിൽവ്യാപാര കരാർ പെട്ടെന്ന് വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോർട്ട്

ദേശീയ മിനിമം വേതന പരിധി നടപ്പാക്കാൻ കേന്ദ്ര നീക്കം; സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങി

ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് 2019-ൽ പാർലമെന്റ് പാസാക്കിയ പൊതുമാനദണ്ഡം (Code on Wages, 2019) ഇന്ത്യയിലുടന്നീളം നിയമപരമായി ബാധകമാക്കുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അവസാനഘട്ട നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഒരു കേന്ദ്ര ഉപദേശക സമിതി രൂപീകരിക്കാനും തൊഴിൽ മന്ത്രാലയം ഒരുങ്ങുകയാണ്.

രാജ്യത്ത് ആദ്യമായി നിയമപ്രകാരമുള്ള ദേശീയ മിനിമം വേതന പരിധി നിശ്ചയിക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നീക്കം. മിനിമം വേതനം സംബന്ധിച്ച ഈ നിയമം പാസാക്കി ആറ് വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടപടികൾ വേഗത്തിലാക്കുന്നത് എന്നതും ശ്രദ്ധേയം.

മിനിമം വേതനം: നിയമപരമായ ബാധ്യതയാകും
1991 മുതൽ ഇന്ത്യ പിന്തുടരുന്നത് ‘ദേശീയ മിനിമം വേതന പരിധി’ (നാഷണൽ ഫ്ലോർ ലെവൽ മിനിമം വേജ് – NFLMW) എന്ന നോൺ-ബൈൻഡിംഗ് സംവിധാനമാണ്. അതായത്, ഇത് സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ കേന്ദ്രത്തിന് നിയമപരമായ അധികാരമില്ലായിരുന്നു.

ഇതിന് മുൻപ് 2015 ജൂലൈയിലാണ് മിനിമം കൂലി പ്രതിദിനം 137 രൂപയിൽ നിന്നും 160 രൂപയായി പുതുക്കിയത്. ചില സംസ്ഥാനങ്ങൾ മിക്കപ്പോഴും ഈ നിർദ്ദേശം അവഗണിക്കുകയാണ് പതിവ്.
എന്നാൽ പുതിയ വേതന നിയമത്തിലെ ചട്ടം-9 പ്രകാരം, നിലവിലെ സ്ഥിതിയിൽ മാറ്റംവരും.

ഒരിക്കൽ നിശ്ചിത ദേശീയ വേതന പരിധി പ്രഖ്യാപിച്ചാൽ, ഒരു സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും തങ്ങളുടെ മിനിമം വേതനം ആ നിരക്കിനും താഴെയായി നിശ്ചയിക്കാൻ നിയമപരമായി സാധിക്കില്ല.

അതേസമയം, നിലവിൽ മിനിമം പരിധിയേക്കാൾ ഉയർന്ന നിരക്കിൽ വേതനം നൽകുന്ന സംസ്ഥാനങ്ങൾ അത് കുറയ്ക്കേണ്ടതില്ല. രാജ്യത്തെ വിവിധ മേഖലകളിലെ ജീവിതച്ചെലവ് കണക്കിലെടുത്ത് പ്രാദേശികമായി വ്യത്യസ്തമായ വേതന പരിധികൾ നിശ്ചയിക്കാനും ഈ നിയമം അനുവാദം നൽകുന്നുണ്ട്.

അതേസമയം ദേശീയ വേതന പരിധി (Floor Wage) എന്നാൽ എല്ലാ തൊഴിലാളികൾക്കും ഒരുപോലെ ലഭിക്കുന്ന അന്തിമമായ മിനിമം ശമ്പളമല്ല. കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന ഏറ്റവും ചുരുങ്ങിയ നിരക്കുകൾ മാത്രമാണിത്. ഇതിന് മുകളിൽ, തൊഴിലാളികളുടെ വൈദഗ്ധ്യ, പ്രദേശം, തൊഴിലിന്റെ സ്വഭാവം എന്നിവ കണക്കിലെടുത്ത് അന്തിമമായ മിനിമം വേതനം നിശ്ചയിക്കാനുള്ള അധികാരം അതത് സംസ്ഥാന സർക്കാരുകളിൽ തന്നെ നിക്ഷിപ്തമായിരിക്കും.

ആർക്കാണ് കൂടുതൽ പ്രയോജനം?
1948-ലെ പഴയ വേതന നിയമം ചില നിർദ്ദിഷ്ട തൊഴിൽ മേഖലകൾക്ക് മാത്രമാണ് ബാധകമായിരുന്നതെങ്കിൽ, പുതിയ നിയമം എല്ലാത്തരം തൊഴിലാളികൾക്കും ജീവനക്കാർക്കും മിനിമം വേതനം ലഭിക്കുന്നതിനുള്ള പരിരക്ഷ ഉറപ്പാക്കുന്നു. കൂടാതെ ഓരോ അഞ്ച് വർഷം കൂടുമ്പോഴും ചുരുങ്ങിയ വേതനം നിർബന്ധമായും പുതുക്കി നിശ്ചയിക്കണമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിലവിൽ വളരെ കുറഞ്ഞ മിനിമം വേതനം നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്കായിരിക്കും പുതിയ നിയമത്തിന്റെ പ്രധാന ഗുണം ലഭിക്കുക. പുതിയ കേന്ദ്ര മാനദണ്ഡം പാലിക്കുന്നതിനായി ഈ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ വേതന നിരക്കുകൾ ഉയർത്തേണ്ടി വരും. എന്നാൽ ഉയർന്ന ജീവിതച്ചെലവും നിലവിൽ തന്നെ ഉയർന്ന മിനിമം വേതനവുമുള്ള സംസ്ഥാനങ്ങളിൽ ഇതിന്റെ പേരിൽ ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

ചുരുക്കത്തിൽ, ഇത് രാജ്യവ്യാപകമായി എല്ലാ തൊഴിലാളികൾക്കും ഒരേപോലെയുള്ള ശമ്പള വർധനവ് ഉറപ്പാക്കുന്നില്ല. സംസ്ഥാനങ്ങൾക്കും തസ്തികകൾക്കും അനുസരിച്ചുള്ള ശമ്പള വ്യത്യാസങ്ങൾ തുടർന്നുമുണ്ടാകും. എന്നാൽ, ഇതുവരെ കേവലം ഒരു ഉപദേശക രൂപത്തിൽ (Advisory) മാത്രമായിരുന്ന ഈ വേതന പരിധി, ഇനി മുതൽ ഇന്ത്യയിലുടന്നീളം പരിപാലിക്കാൻ ബാധ്യതയുള്ള ശക്തമായ ഒരു നിയമമായി മാറുന്നു എന്നതാണ് സവിശേഷത.

X
Top