
മുംബൈ: ഓഹരി വിപണിയിലെ തിരുത്തലില്‍ കമ്പനികളിലെ ഉടമസ്ഥാവകാശം വര്‍ദ്ധിപ്പിക്കാന്‍ കുറച്ചു പ്രൊമോട്ടര്‍മാര്‍ മാത്രമാണ് താല്‌പര്യം കാണിച്ചത്. ഒക്ടോബര്‍ മുതല്‍ പ്രൊമോട്ടര്‍മാര്‍ തങ്ങളുടെ ഓഹരി പങ്കാളിത്തം വെട്ടിക്കുറയ്‌ക്കുകയാണ് ചെയ്‌തത്.
വിപണി ഇടിഞ്ഞു തുടങ്ങിയ ഒക്ടോബര്‍ ഒന്ന് മുതല്‍ ഏകദേശം 120 ഇടത്തരം-ചെറുകിട കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ 7,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
അതേ സമയം ഒക്ടോബര്‍ മുതലുള്ള പ്രൊമോട്ടര്‍മാരുടെ വില്‍പ്പന അസാധാരണമായി കാണാനാകില്ല. റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകള്‍ അനുസരിച്ച് പുതുതായി ലിസ്റ്റ് ചെയ്‌ത കമ്പനികളിലെ ഓഹരികള്‍ ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുമ്പോള്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ വില്‍ക്കുന്നത് സാധാരണമാണ്. ഈ കാലയളവില്‍ 80 സ്ഥാപനങ്ങളുടെ പ്രൊമോട്ടര്‍മാര്‍ 700 കോടിയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്‌തു.
ഓഹരി വിപണിയിലെ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ജൂലൈ-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ഏകദേശം 180 കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ 38,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷത്തെ ബുള്‍ റണ്ണിന് ശേഷം ഓഹരി കളുടെ മൂല്യം ഉയര്‍ന്നതാണ് ഈ വില്‍പ്പനയ്‌ക്ക് കാരണം. 2024 ല്‍ കമ്പനി സ്ഥാപകരോ പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഫണ്ടുകളോ 1,00,000 കോടി രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഓഹരികളാണ് വിറ്റത്.
ഒക്ടോബര്‍ 1 മുതല്‍ നിഫ്‌റ്റി 8 ശതമാനം ഇടിഞ്ഞു. അതേസമയം നിഫ്‌റ്റി മിഡ്‌ക്യാപ്പ് 150, സ്‌മോള്‍ ക്യാപ് 250 സൂചികകള്‍ ഈ കാലയളവില്‍ യഥാക്രമം 11 ശതമാനവും 14 ശതമാനവും ഇടിയുകയുണ്ടായി.
മറ്റ് നിരവധി ഓഹരികള്‍ അവയുടെ ഉയര്‍ന്ന നിലയില്‍ നിന്നും 30 ശതമാനം മുതല്‍ 50 ശതമാനം വരെ താഴുകയും ചെയ്‌തു.