
ന്യൂഡൽഹി: ഐടി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള കേന്ദ്രത്തിന്‍റെ പുതിയ നിർദേശങ്ങളെ എതിർത്ത് ടെക് സംഘടനകൾ.
ഗൂഗിൾ, മെറ്റ തുടങ്ങിയ സമൂഹമാധ്യമ കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന ടെക് സംഘടനകളാണ് കേന്ദ്രനിർദേശങ്ങളെ എതിർത്ത് രംഗത്തുവന്നത്.
2021ലെ ഐടി നിയമം ഭേദഗതി ചെയ്യുന്ന പുതിയ നിർദേശങ്ങൾ ഓണ്‍ലൈൻ ഉള്ളടക്കത്തിന്മേലുള്ള സർക്കാരിന്‍റെ നിയന്ത്രണം ശക്തമാക്കുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഐടി നിയമ ഭേദഗതികളിലെ നിർദേശങ്ങളിൽ സർക്കാർ പ്രതികരണം തേടിയതിന് മറുപടിയായാണ് എതിർപ്പറിയിച്ചുകൊണ്ടുള്ള പ്രതികരണം സംഘടനകൾ നൽകിയിരിക്കുന്നത്.
മൂന്നാം കക്ഷികളുടെ ഉള്ളടക്കങ്ങൾ തങ്ങളുടെ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന സമൂഹമാധ്യമങ്ങളെ നിയമപരമായി സംരക്ഷിക്കണമെങ്കിൽ അവർ സർക്കാർ നിർദേശങ്ങളും സാധാരണ പ്രവർത്തന നടപടിക്രമങ്ങളും (എസ്ഒപി) കർശനമായി പാലിക്കണമെന്ന ഭേദഗതികളിലെ ചില വ്യവസ്ഥകൾക്കെതിരേ ടെക് സംഘടനകൾ എതിർപ്പറിയിച്ചിട്ടുണ്ട്.
സമൂഹമാധ്യമ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവ് കോടതി ഉത്തരവുകളിലൂടെയോ നിയമപരമായ സർക്കാർ വിജ്ഞാപനത്തിലൂടെയോ മാത്രമേ ആകാവൂവെന്ന സുപ്രീംകോടതിയുടെ 2015ലെ ഉത്തരവും സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഐടി നിയമത്തിലെ നിർദിഷ്‌ട ഭേദഗതികൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ സർക്കാർ സെൻസർഷിപ്പിനു വഴിവയ്ക്കുമെന്ന് ഡിജിറ്റൽ അവകാശത്തിനുവേണ്ടി വാദിക്കുന്ന സംഘടനകളും ചൂണ്ടിക്കാട്ടുന്നു.






