മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനി ആയ സ്വിഗ്ഗിയുടെ ഓഹരികള്‍ ഇന്ന് എട്ട് ശതമാനം പ്രീമിയത്തോടെ എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തു.
390 രൂപ ഐപിഒ വിലയുള്ള സ്വിഗ്ഗി 420 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വിലയില്‍ ഇടിവുണ്ടായി. 391 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ താഴ്‌ന്ന വില.
ബിഎസ്‌ഇയില്‍ 5.6 ശതമാനം പ്രീമിയത്തോടെ 412 രൂപയിലാണ് സ്വിഗ്ഗി ലിസ്റ്റ് ചെയ്‌തത്. ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തേക്കാള്‍ ഉയര്‍ന്ന നേട്ടത്തോടെ ലിസ്റ്റ് ചെയ്യാന്‍ സ്വിഗ്ഗിയ്‌ക്ക് കഴിഞ്ഞു. 0.26 ശതമാനമായിരുന്നു ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റിലെ പ്രീമിയം.
നവംബര്‍ ആറ് മുതല്‍ എട്ട് വരെ നടന്ന ഈ ഐപിഒ 3.59 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നത്. നിക്ഷേപക സ്ഥാപനങ്ങളുടെ മികച്ച പിന്തുണയാണ് ഈ ഐപിഒയ്‌ക്ക് ലഭിച്ചത്.
വരുമാനത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയുണ്ടെങ്കിലും നഷ്‌ടം തുടരുന്നതാണ് സ്വിഗ്ഗി നേരിടുന്ന ഒരു വെല്ലുവിളി. മറ്റൊരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ ഇപ്പോള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 611 കോടി രൂപ നഷ്‌ടമാണ് സ്വിഗ്ഗി രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 564 കോടി രൂപയായിരുന്നു നഷ്‌ടം.
അതേ സമയം വരുമാനം 35 ശതമാനം വളര്‍ച്ചയോടെ 3222 കോടി രൂപയിലെത്തി. ഐപിഒ വില ന്യായമായിരുന്നെങ്കിലും നഷ്‌ടത്തിലോടുന്ന കമ്പനി എന്ന പ്രതിച്ഛായ യും ദ്വിതീയ വിപണിയിലെ ദൗര്‍ബല്യവും ഓഹരിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
11,327.43 കോടി രൂപയാണ് സ്വിഗ്ഗി ഐപിഒ വഴി സമാഹരിച്ചത്. 4499 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 6828.43 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.
ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 1343.5 കോടി രൂപ സബ്‌സിഡറിയായ സ്‌കൂട്‌സിയില്‍ നിക്ഷേപിക്കും. സ്‌കൂട്‌സിയുടെ ബിസിനസ് വ്യാപിപ്പിക്കുന്നതിന് ഇത് സഹായകമാകും.
703.4 കോടി രൂപ ടെക്‌നോളജി, ക്ലൗഡ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്നീ ആവശ്യങ്ങള്‍ക്കായും 1115.3 കോടി രൂപ മാര്‍ക്കറ്റിംഗിനായും ബാക്കി തുക പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.